Advertisment

താടകയെ കൊന്നതും ശൂർപ്പണഖയെ അംഗഭംഗം വരുത്തിയതും ശ്രീരാമൻ്റെ സ്ത്രീ വിരുദ്ധ നിലപാടല്ല, കാരണം ഈ രണ്ടു കഥാപാത്രങ്ങളും രാക്ഷസികളാണ്; രാമായണത്തെ തെറ്റിദ്ധരിച്ചവരുടെ സംശയ നിവാരണം; സിപി കുട്ടനാടൻ

author-image
സത്യം ഡെസ്ക്
Updated On
New Update

കർക്കിടക വിചാരം- സിപി കുട്ടനാടൻ

Advertisment

സത്യം ഓൺലൈനിലെ കർക്കിടക വിചാരത്തിൻ്റെ മാന്യ വായനക്കാർ രാമായണത്തെക്കുറിച്ചു ധാരാളം സംശയങ്ങൾ ചോദിച്ചിരുന്നു. ഈ ചോദ്യങ്ങളെല്ലാം തന്നെ നിരീശ്വര വാദികളും മറ്റു ഇടതു സൈദ്ധാന്തികരും കാലങ്ങളായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ്.

ഇത്തരം ചോദ്യങ്ങളിലൂടെ രാമായണം വായിച്ചു പരിചയമില്ലാത്ത ഒരു തലമുറയെ തെറ്റിദ്ധരിപ്പിക്കുവാനും അവർ ശ്രമിക്കുന്നു. അതിൽ പൊതുവായ ചില ചോദ്യങ്ങൾക്ക് ആശയവ്യക്തത വരും വണ്ണം മറുപടി നൽകുവാൻ പരിശ്രമിക്കലാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കുമുള്ള പൊതുവായ മറുപടിയായി ഒന്നു മാത്രമേ പറയാനുള്ളു.

അത് "രാമായണം വായിക്കൂ" എന്നതാണ്. കാരണം രാമായണ കഥാ സന്ദർഭങ്ങളിൽ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വിശദമാക്കുന്നുണ്ട്. രാമായണം പഠിച്ച ശേഷമായിരിക്കണം രാമായണത്തെ വിമർശിക്കുകയോ വിശദമാക്കുകയോ വേണ്ടത്.

publive-image

അല്ലാതെ അതേക്കുറിച്ചു മറ്റുള്ളവരുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലല്ല. അതായത് ഞാൻ ഇവിടെ തരുന്ന മറുപടികൾ രാമായണത്തിൽ രേഖപ്പെടുത്തപ്പെട്ടവ തന്നെ ആയിരിക്കും അല്ലാതെ എൻ്റെ വ്യാഖ്യാനം ആയിരിക്കില്ല. ചോദ്യങ്ങൾ താഴെ നൽകാം ശേഷം ഉത്തരങ്ങൾ നൽകാം.

1, താടകയെ കൊന്നതും ശൂർപ്പണഖയെ അംഗഭംഗം വരുത്തിയതും ശ്രീരാമൻ്റെ വനിതാ വിരുദ്ധ നിലപാടല്ലേ കാണിക്കുന്നത്..?

2, ബാലിയെ മറഞ്ഞിരുന്ന് അമ്പെയ്തു കൊന്നത് തെറ്റല്ലേ..?

ഇനിയും ചോദ്യങ്ങൾ വേറെയുണ്ട് അതൊക്കെ വഴിയേ നോക്കാം. ഇങ്ങനെയുള്ള ചോദ്യങ്ങളാണ് പൊതുവായി ബഹു. വായനക്കാർ ചോദിച്ചത്. ഇതൊക്കെ ബഹു. വായനക്കാർ തന്നെ പലപ്പോഴായി മറ്റുള്ളവരിൽ നിന്നും നേരിടുന്നതുമായിരിക്കാം. എന്തായാലും എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായി മറുപടി നൽകുവാൻ ശ്രമിയ്ക്കാം.

ഒന്നാമത്തെ ചോദ്യം പരിശോധിക്കാം, താടകയെ കൊന്നതും ശൂർപ്പണഖയെ അംഗഭംഗം വരുത്തിയതും ശ്രീരാമൻ്റെ സ്ത്രീ വിരുദ്ധ നിലപാടല്ല. കാരണം ഈ രണ്ടു കഥാപാത്രങ്ങളും രാക്ഷസികളാണ്. കിളിപ്പാട്ടിൽ താടകയെക്കുറിച്ചു വിശ്വാമിത്ര മഹർഷി പറയുന്നത് "അവളെ പേടിച്ചാരും നേർവഴി നടപ്പീല്ല" എന്നാണ്. വാത്മീകി രാമായണത്തിൽ പറയുന്നത്, പച്ചമാംസം തിന്നു ചോര കുടിക്കുന്നവളാണ് താടക എന്നാണ്.

അങ്ങനെയെങ്കിൽ താടകയെ കൊല്ലുന്നത് എങ്ങനെ സ്ത്രീ വിരുദ്ധ നിലപാടാകും. രാമായണത്തെ അധീകരിച്ചു പറഞ്ഞാൽ ഇതിൽ ഒരു തർക്കം എന്തിനാണ് ഉണ്ടാകുന്നത്. ഇക്കാര്യം ഇതേപോലെ രാമായണത്തിലുണ്ട്. എൻ്റെ വ്യാഖ്യാനമല്ല ഇതൊന്നും.

ഇനി അടുത്തത് ശൂർപ്പണഖയെക്കുറിച്ചാണ്., പഞ്ചവടിയിലെ ഗൗതമീ നദീ തീരത്ത് താമരപ്പൂ, വസ്ത്രം, ധ്വജം, അങ്കുശം എന്നീ ചിഹ്നങ്ങളോടുകൂടിയ ശ്രീരാമ സ്വാമിയുടെ കാല്‍പ്പാടുകൾ കണ്ട് മോഹിച്ചു സീതാരാമ ലക്ഷ്മണന്മാർക്ക് അരികിലേക്കെത്തുന്ന ശൂർപ്പണഖ പിന്നീട് കാട്ടിക്കൂട്ടുന്ന വിക്രിയകളെ, സ്ത്രീയാണ് എന്ന് പറഞ്ഞു ന്യായീകരിയ്ക്കാൻ ലിബറലായ ഇന്ത്യൻ പീനൽകോഡിനു പോലും അസാദ്ധ്യമാണ്.

അങ്ങനെയുള്ള ശൂർപ്പണഖയെ അഭിനവ നിശാചരികളായ ഫെമിനിസ്റ്റുകൾ ഇരയായി ഉയർത്തിക്കാട്ടുന്നത് മറ്റു പല ഉദ്ദേശങ്ങളും കൊണ്ടാണ്. എന്തായാലും രാമായണം അടിസ്ഥാനമാക്കിയാൽ ശൂർപ്പണഖ ശിക്ഷാർഹയാണ്. അതങ്ങനെയല്ല എന്ന് വാദിക്കുന്നവരോട്, ഏതു രാമായണമാണ് അവലംബം എന്ന മറുചോദ്യം ചോദിക്കാം.

ഇനി ശൂർപ്പണഖയുടെ പ്രവൃത്തികളിലേയ്ക്ക് വരാം. ശ്രീരാമസ്വാമിയെ സന്ദർശിച്ചു ശൂർപ്പണഖ പ്രണയാഭ്യർത്ഥന നടത്തുന്നു ഭഗവാൻ അത് നിരസിക്കുന്നു. ലക്ഷമണനോട് ചോദിയ്ക്കാൻ പറയുന്നു. ലക്ഷമണനും ശൂർപ്പണഖയുടെ പ്രണയാഭ്യർത്ഥന നിരസിക്കുന്നു ശ്രീരാമസ്വാമിയെ കാണാൻ പറഞ്ഞു വിടുന്നു. ഇങ്ങനെ രണ്ടുവട്ടം സംഭവിച്ചപ്പോൾ ശൂർപ്പണഖയുടെ ഭാവം മാറുകയും പിന്നെ ശൂർപ്പണഖ കാട്ടിക്കൂട്ടിയതെല്ലാം രാമായണത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നതാവും ഉചിതം

"കാമവുമാശാഭംഗംകൊണ്ടു കോപവുമതി-

പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോള്‍

മായാരൂപവും വേര്‍പെട്ടഞ്ജനശൈലം പോലെ

കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം

കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍

സംഭ്രമത്തോടു രാമന്‍ തടുത്തു നിര്‍ത്തും നേരം

ബാലകന്‍ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു

വാളുറയൂരിക്കാതും മുലയും മൂക്കുമെല്ല‍ാം

ഛേദിച്ചനേരമവളലറി മുറയിട്ട-

നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു."

അതായത് ശൂർപ്പണഖയുടെ ആഗ്രഹത്തിന് ശ്രീരാമൻ തടസ്സം പറയുവാൻ കാരണം സീതയാണെന്ന തിരിച്ചറിവിൽ സീതയെ ആക്രമിയ്ക്കാൻ പുറപ്പെട്ട രാക്ഷസ രൂപം ധരിച്ച ശൂർപ്പണഖ, ജ്യേഷ്ഠത്തിയമ്മയെ അക്രമിയ്ക്കുവാൻ വരുന്നതു കണ്ടു ലക്ഷ്മണൻ മൂക്കും മുലയും കാതും ഛേദിച്ചു പറഞ്ഞയക്കുന്നു. ഇതിൽ എന്താണ് തെറ്റ്.

നമ്മുടെ കണ്മുന്നിൽ വച്ച് നമ്മുടെ സ്ത്രീകളെ ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ നമ്മളാരെങ്കിലും നോക്കി നിൽക്കുമോ...? അതോ അത്തരം സന്ദർഭങ്ങളിൽ പ്രതികരിയ്ക്കുന്നത് തെറ്റാണോ..? അവരവരുടെ വിവേചന ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ ഉത്തരം കിട്ടും. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഖരനോടും രാവണനോടും, ശൂർപ്പണഖ പറയുന്ന നുണകളാണ് രാമായണ കഥയുടെ നിർണായക വഴിത്തിരിവുകൾ എല്ലാം സംഭവിപ്പിക്കുന്നത്.

രാമായണത്തിൻ്റെ അടിസ്ഥാനത്തിൽ ഏതു മാനദണ്ഡം ഉപയോഗിച്ച് ശരിയാക്കാൻ നോക്കിയാലും മഹത്വ വത്കരിക്കപ്പെടുന്ന കഥാപാത്രമല്ല ശൂർപ്പണഖ. ഇതെല്ലാം കണ്മുന്നിൽ നിൽക്കെ ശൂർപ്പണഖയെയും താടകയെയും മഹത്വവത്കരിയ്ക്കുവാൻ ശ്രമിക്കുന്നത് വ്യക്തമായ സ്ഥാപിത താത്പര്യമാണ്.

സീതാദേവിയെ ആക്രമിയ്ക്കുവാനെത്തിയ ശൂർപ്പണഖയെ ശിക്ഷിച്ചത് തെറ്റാണെന്ന് പറയുന്നവരാണ് സീതാദേവിയെ കാട്ടിലുപെക്ഷിച്ചത് ശരിയായില്ല എന്ന് പറയുന്നത്. ഇതാണ് വിരോധാഭാസം, ഇവരുടെ ലക്ഷ്യം സീതാദേവിയോട് അനുതാപം കാണിയ്ക്കലല്ല എന്നുള്ളത് ഇതോടെ സ്പഷ്ടമാവുകയാണ്. ഉദ്ദേശം ഒന്നുമാത്രം ശ്രീരാമ സ്വാമിയെ ഇകഴ്തുക. അതൊട്ട് സാധിയ്ക്കുന്നുമില്ല.

ഇനി രണ്ടാമത്തെ ചോദ്യത്തിലേക്ക് വരാം,. ബാലിയെ മറഞ്ഞിരുന്ന് അമ്പെയ്തു കൊന്നത് തെറ്റല്ലേ..? സിമ്പിളായി ഉത്തരം പറഞ്ഞാൽ "തെറ്റല്ല" !! എന്തുകൊണ്ടെന്നാൽ., മറഞ്ഞിരുന്ന് ബാലിയെ കൊന്നപ്പോൾ ബാലിതന്നെ ശ്രീരാമസ്വാമിയോട് കുറെ ചോദ്യങ്ങൾ ചോദിയ്ക്കുന്നുണ്ട്.

അവ ഇപ്രകാരമാണ് "നേരിട്ട് രാമനോട് യുദ്ധം ചെയ്യാത്ത തന്നെ മറഞ്ഞു നിന്നു അസ്ത്രമെയ്തു കൊന്നത് അധര്‍മ്മമാണെന്നും. കോസല രാജ്യത്തോട് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലന്നും. തനിക്ക് രാമനോട് വൈരാഗ്യമില്ലെന്നും. നിരപരാധിയായ തന്നെ കൊന്നത് അധര്‍മ്മമാണെന്നും. വാനരനായ എൻ്റെ മാംസം സജ്ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുവല്ല.

ഭക്ഷ്യവസ്തു അല്ലാത്ത തന്നെ കൊന്നത് ആ നിലയ്ക്കും അധര്‍മ്മമാണെന്നുമൊക്കെ" ബാലി ശ്രീരാമചന്ദ്ര പ്രഭുവിനോട് പറയുന്നുണ്ട്. ഇതിന് മറുപടിയായി ശ്രീരാമസ്വാമി കൊടുക്കുന്നതാണ് ശരിക്കുമുള്ള ധാർമികമായ ഉത്തരം.

ബാലി അധര്‍മ്മിയും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നവനും രാജനീതി അറിയാത്തവനുമാണ്. അനുജൻ്റെ ഭാര്യ പുത്രവധുവിന് തുല്യമാണ്. അനുജൻ്റെ ഭാര്യയെ അപഹരിച്ച് സ്വന്തം ഭാര്യയാക്കിയത് കടുത്ത അപരാധമാണ്. മാത്രമല്ല ആർഷ ഭാരതത്തിൻ്റെ നീതിവാക്യവും ഭഗവാൻ ആ സന്ദർഭത്തിൽ പറയുന്നു.

"പുത്രീഭഗിനീ സഹോദര ഭാര്യയും

പുത്രകളത്രവും മാതാവുമേതുമേ

ഭേദമില്ലെന്നല്ലോ വേദവാക്യമതു

ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ

പാപികളിൽ വച്ചുമേറ്റം മഹാപാപി."

ഇതാണ് അദ്ധ്യാത്മ രാമായണത്തിലെ വരികൾ. ധർമ്മ ശാസ്ത്ര പ്രകാരം പത്‌നിയെ ബലപ്രയോഗത്തിലൂടെ അപഹരിച്ച് അനുഭവിക്കുന്നത് കുറ്റ കൃത്യമാണ്. ഇവ്വിധം അധര്‍മ്മം ചെയ്യുന്ന ഭരണാധികാരി വധശിക്ഷ അര്‍ഹിക്കുന്നു. അധര്‍മ്മിയായ ഒരാളെ ശിക്ഷിക്കാതിരുന്നാല്‍ അതിൻ്റെ പാപം രാജാവിലും രാജ്യത്തിലും പതിക്കുമെന്നാണ് ധര്‍മ്മ ശാസ്ത്രം പറയുന്നത്.

ഇതൊക്കെ ഭഗവാൻ ബാലിയോട് പറയുന്നുണ്ട്. കൂടാതെ., ധർമ്മ ശാസ്ത്രമനുസരിച്ച് അച്ഛൻ, അഗ്രജൻ, ആചാര്യൻ ഇവർ മൂന്നു പേരും പിതാക്കന്മാരാണന്നും. അനുജൻ, ആത്മജൻ, ശിഷ്യൻ എന്നീ മൂന്നു പേരും പുത്രസമരാണെന്നും. അങ്ങനെയുള്ളപ്പോൾ അനുജനായ സുഗ്രീവനെ ആട്ടിപ്പായിച്ചതും സുഗ്രീവൻ്റെ ഭാര്യയായ 'രുമ' യെ കാമാന്ധതയോടെ പ്രാപിച്ചത് അധർമമാണെന്നും ശ്രീരാമസ്വാമി പറഞ്ഞു നൽകുന്ന ഭാഗം രാമായണത്തിലുണ്ട്. ധർമ്മം അനുസരിക്കാൻ ആഗ്രഹിക്കുന്നവൻ്റെ കടമയാണ് ഈ മൂല്യങ്ങൾ സംരക്ഷിക്കുകയെന്നത്.

ഇതൊക്കെ കേട്ടിട്ടും ബാലി ചോദിച്ചു., ശ്രീരാമാ, മനുഷ്യരുടെ രീതികളാണ് ഇതൊക്കെ ഞങ്ങൾ മൃഗങ്ങൾക്ക് ഇത്തരം കാര്യങ്ങൾ പാലിക്കേണ്ട ആവശ്യമൊന്നുമില്ല. നിങ്ങൾ മനുഷ്യർക്കാണ് 'അമ്മ മകൾ സഹോദരി ഭാര്യ എന്നീ സ്ഥാനങ്ങളൊക്കെ മൃഗങ്ങൾക്ക് അതൊന്നും ബാധകമല്ല. അപ്പോൾ എന്നെ കൊന്നത് അധർമമല്ലേ.

ഇത് കേട്ട് ഭഗവാൻ ഒറ്റ വാചകത്തിൽ മറുപടി പറഞ്ഞു. നീ മൃഗമാണെങ്കിൽ മൃഗത്തെ ചതിച്ചു കൊല്ലുന്നത് എങ്ങനെ തെറ്റാകും. രാജാക്കന്മാർക്ക് മൃഗയാ വിനോദം അനുവദിച്ചിട്ടുണ്ട്. മൃഗങ്ങളെ കെണിവച്ചാണ് പിടിക്കുന്നത്. അങ്ങനെയെങ്കിൽ നിന്നെ കെണിയിലാക്കിയ ഞാൻ എങ്ങനെ അധർമിയാകും..?

ഇത്രയും കേട്ടപ്പോൾ ബാലി തൃപ്തനായി ശ്രീരാമസ്വാമിയോട് പറഞ്ഞു, എനിക്ക് എൻ്റെ തെറ്റുകൾ ബോധ്യമായി ഭഗവാനെ, ഈ ബാണം വലിച്ചൂരിയ ശേഷം എന്നെ തലോടണം, ശ്രീരാമ സ്വാമിയുടെ മുഖം കണ്ടുകൊണ്ട് എനിക്ക് മരിയ്ക്കണം. അങ്ങനെ തന്നെ സംഭവിച്ചു. ഈ സംഭവങ്ങളിൽ എവിടെയാണ് അന്യായം നിഴലിക്കുന്നത്...?

എല്ലാ ഭാഗങ്ങളും രാമായണത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്, സംശയമുള്ളവർ കിഷ്കിന്ധകാണ്ഡം പരിശോധിക്കുക. ഇതൊക്കെ കണ്മുന്നിൽ നിൽക്കവേ വെറുതെ കുറ്റം പറയാൻവേണ്ടി പറയുന്നത് നീതികേടല്ലെ ഭൗതികവാദി സുഹൃത്തുക്കളെ..?

ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട് അതൊക്കെ അടുത്ത ഭാഗത്തിൽ നിവർത്തിക്കുവാൻ ശ്രമിക്കാം. കർക്കിടക വിചാരത്തിൻ്റെ എല്ലാ ഭാഗങ്ങളും മാന്യ വായനക്കാർക്ക് ഉപയുക്തമാകട്ടെ

ജയ് ഭജ്‌രംഗ്‌ബലി

ramayanam cp kuttanadan
Advertisment