Advertisment

ബാലി ചെയ്ത തെറ്റുകൾ തന്നെ സുഗ്രീവനും ചെയ്തുവല്ലോ. എന്നതിന് ഇല്ല എന്നാണ് മറുപടി...ബാലിയുടെ മരണശേഷം ബാലിയുടെ ഭാര്യയായിരുന്ന സുഗ്രീവൻ്റെ ജ്യേഷ്ഠഭാര്യ താരയെ സുഗ്രീവൻ പ്രാപിച്ചു എന്നത് കൊട്ടാരത്തിനുള്ളിലെ ആരോപണം മാത്രമായിരുന്നു... കർക്കിടക വിചാരം - സിപി കുട്ടനാടൻ: രാമായണത്തെ തെറ്റിദ്ധരിച്ചവരുടെ സംശയ നിവാരണം ഭാ​ഗം - 2   

author-image
admin
Updated On
New Update

സത്യം ഓൺലൈനിലെ കർക്കിടക വിചാരത്തിൻ്റെ മാന്യ വായനക്കാരിൽ പലർക്കും സംശയ നിവാരണത്തിൻ്റെ ഒന്നാം ഭാഗം ഉപയുക്തമായി എന്ന് അറിയാൻ സാധിച്ചു. വളരെ നന്ദി. അടുത്ത ഭാഗം നമുക്ക് നോക്കാം, ചോദ്യങ്ങളിലേക്ക് പോകാം

Advertisment

1, ബാലി ചെയ്ത തെറ്റുകൾ തന്നെ സുഗ്രീവനും ചെയ്തുവല്ലോ. പിന്നെന്തിനായിരുന്നു ഇരട്ട നീതി..?

2, ശംഭുകൻ എന്ന ശൂദ്ര താപസനെ കൊന്നു കളഞ്ഞ ശ്രീരാമൻ ജാതി വെറിയൻ ആയിരുന്നില്ലേ ..?

publive-image

ആദ്യ ചോദ്യത്തിൽ ബാലി ചെയ്ത തെറ്റുകൾ തന്നെ സുഗ്രീവനും ചെയ്തുവല്ലോ. എന്നതിന് ഇല്ല എന്നാണ് മറുപടി കാരണം ബാലിയുടെ മരണശേഷം ബാലിയുടെ ഭാര്യയായിരുന്ന സുഗ്രീവൻ്റെ ജ്യേഷ്ഠഭാര്യ താരയെ സുഗ്രീവൻ പ്രാപിച്ചു എന്നത് കൊട്ടാരത്തിനുള്ളിലെ ആരോപണം മാത്രമായിരുന്നു. അങ്ങനെയൊരു ആരോപണം രാമായണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത് ആരോപണം മാത്രമാണെന്നും രാമായണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എവിടെയാണ് അത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഞാൻ വ്യക്തമാക്കാം. ആദ്യമായി ആരോപണം ഉന്നയിക്കുന്ന ഭാഗം നമുക്ക് പരിശോധിയ്ക്കാം. സീതയെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ തൻ്റെ കൂടെയുള്ള വാനരന്മാരോട് സുഗ്രീവൻ്റെ സ്വഭാവത്തെക്കുറിച്ച് ചില സംശയങ്ങൾ അംഗദൻ പ്രകടിപ്പിച്ചു. ആ വരികൾ ഇങ്ങനെയാണ്

"മാതാവിനോടു സമാനമാകും നിജ

ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്തൃപം

പ്രാപിച്ചുവാഴുന്ന വാനരപുംഗവൻ

പാപിദുരാത്മാവിനെന്തരുതാത്തതും"

ഇതിനു മറുപടി കൊടുക്കുന്നത് ഹനുമാൻ സ്വാമിയാണ്, അദ്ദേഹത്തിൻ്റെ മറുപടി രാമായണത്തിൽ പറയുന്നത് എപ്രകാരമെന്ന് നമുക്ക് നോക്കാം

"അംഗദൻ തന്നോടിവണ്ണം കപികുല-

പുംഗവന്മാർ പറയുന്നതു കേൾക്കയാൽ

ഇംഗിതജ്ഞൻ നയകോവിദൻ വാതജ-

നംഗദനെത്തഴുകിപ്പറഞ്ഞീടിനാൻ

'എന്തൊരു ദുർവ്വിചാരം? യോഗ്യമല്ലിദ-

മന്ധകാരങ്ങൾ നിനയായ്‌വിനാരുമേ

ശ്രീരാമനേറ്റം പ്രിയൻ ഭവാനെന്നുടെ-

താരാസുതനെന്നു തന്മാനസേ സദാ

പാരം വളർന്നൊരു വാത്സല്യമുണ്ടതു

നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ

സൗമിത്രിയെക്കാളതി പ്രിയൻ നീ തവ

സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!

പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ

ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?

ആകയാൽ ഭീതി ഭവാനൊരുനാളുമേ

രാഘവൻ പക്കൽനിന്നുണ്ടായ്‌വരാ സഖേ!

ശാഖാമൃഗാധിപനായാ സുഗ്രീവനും

ഭാഗവതോത്തമൻ വൈരമില്ലാരിലും

വ്യാകുലമുള്ളിലുണ്ടാകരുതേതുമേ"

ഈ മറുപടിയിൽ അംഗദൻ്റെ സംശയത്തെ നൈഷ്ഠിക ബ്രഹ്മചാരിയും സുഗ്രീവൻ്റെ മന്ത്രിയുമായ ഹനുമാൻസ്വാമി വിശേഷിപ്പിച്ചത് അംഗദൻ്റെ ദുർവിചാരമെന്നാണ്. ശ്രീരാമൻ്റെ അനുഗ്രഹത്താലും ആലിംഗനത്താലും ഭാഗവതോത്തമനായി പരിണമിച്ച സുഗ്രീവൻ അധാർമിക പ്രവൃത്തി ചെയ്യില്ല എന്ന് ശ്രീ. ഹനുമാൻ സ്വാമി വ്യക്തമാക്കുന്നതിലും ആധികാരികതയുള്ള ഏതു വാദത്തിനാണ് നിലനില്പുള്ളത്.

താരയ്ക്ക് ശ്രീരാമസ്വാമി നൽകിയ ഉപദേശങ്ങളിലൂടെ ജീവൻമുക്തയായ താര മഹതിയാണ്. അവർ ഒരിയ്ക്കലും തെറ്റിലേക്ക് പോകില്ല. ഇതോടെ ഈ ആരോപണം വെറും പൊള്ളയായ ആരോപണമാണെന്ന് മനസിലാക്കാം. അതിലൂടെ ഇരട്ടനീതി ചെയ്യുന്ന ആളാണ് ശ്രീരാമസ്വാമി എന്ന തെറ്റിദ്ധാരണയും അസ്ഥാനത്താകുന്നു. ഈ ഭാഗങ്ങളെല്ലാം കിഷ്കിന്ധാകാണ്ഡത്തിലെ അംഗദാദികളുടെ സംശയം എന്ന ഭാഗത്ത് പ്രദിപാദിക്കപ്പെട്ടിരിയ്ക്കുന്നതാണ്. സംശയമുള്ളവർക്ക് പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്.

ഇനി അടുത്ത ചോദ്യം ശംബൂക വധത്തെ സംബന്ധിച്ചുള്ളതാണ്. ശംബൂക വധം എല്ലാ രാമായണ ആഖ്യാനങ്ങളിലുമുള്ളതാണ് (വ്യാഖ്യാനം എന്ന് തെറ്റിദ്ധരിക്കരുത്, ആഖ്യാനം എന്നത് മറ്റൊരു അർത്ഥ തലമാണ്). ഉത്തര രാമായണമെന്നും അല്ല ഉത്തര കാണ്ഡമെന്നും വിളിക്കപ്പെടുന്നതാണ് ആഖ്യാനങ്ങളായി കരുതപ്പെടുന്നത്. ഇത് എല്ലാ രാമായണങ്ങളിലുമുണ്ട്. ഇതിലാണ് ശംഭുക മഹർഷിയെ വധിയ്ക്കുന്ന ഭാഗം ഉൾപ്പെടുന്നത്. എഴുത്തച്ഛൻ്റെ ഉത്തര രാമായണത്തിൽ ഈ സംഭവം വിവരിയ്ക്കുന്നില്ല. എന്നാൽ വാത്മീകിയുടെ ഉത്തര രാമായണത്തിൽ ഇതുണ്ട്. അതിൽ പറഞ്ഞിരിയ്ക്കുന്നതിൻ പ്രകാരം. മരത്തിൽ തലകീഴായി തൂങ്ങിക്കിടന്നു താഴെ അഗ്നി ജ്വലിപ്പിച്ചു ഘോരതപസ്സു ചെയ്യുന്ന ശംഭുകൻ എന്ന ശൂദ്രനായ സന്യാസിയെ തലവെട്ടി കൊന്നുകളയുന്നുണ്ട് ശ്രീരാമൻ. ഇതിൻ്റെ കാരണമായി പറയുന്നത് സാമ്പ്രദായികമല്ലാത്ത തപസ്സാണ് ശംഭുക മഹർഷി ചെയ്തതെന്നാണ്. എന്നുവച്ചാൽ തലകീഴായി തപസ്സു ചെയ്യുന്നത് അധാർമികമാണ്. അങ്ങനെ അസുരന്മാർപോലും തപസ്സ് ചെയ്തിട്ടില്ല.

തലകീഴായി തപസ്സു ചെയ്യുന്നതിന് മുമ്പ് തന്നെ പലതവണ വിധിയാം വണ്ണം തപസ്സ് ചെയ്തിട്ടുള്ള സന്യാസി വര്യനാണ് ശംഭുക മഹർഷി. അന്നൊന്നും മഹാരാജാ ശ്രീരാമൻ മഹർഷി ശംഭുകനെ കൊല്ലുവാൻ വന്നില്ല. അപ്പോൾ അതിനർത്ഥം ശംഭുക മഹർഷിയുടെ ജാതിയല്ല ഇവിടെ വിഷയമായത് എന്നു തന്നെയല്ലേ. ലോകോപകാരാർത്ഥമാണ് മഹർഷിമാർ തപസ്സ് ചെയ്യേണ്ടത്. തലകീഴായി തപസ്സ് ചെയ്യുന്നത് വിനാശകരമാണ്, അത് അധർമമാണ്. അധർമ്മത്തെ ഇല്ലാതാക്കുവാൻ പ്രതിജ്ഞാ ബദ്ധനാണ് മഹരാജാവ്. ആ കർമമാണ് ശ്രീരാമസ്വാമി ചെയ്തത്. ഇതൊന്നും വായിക്കാതെ ശൂദ്രനെ കൊന്നു എന്നലറി വിളിയ്ക്കുന്നത് ശൂദ്രന്മാരോടുള്ള സ്നേഹം കൊണ്ടല്ല എന്ന് സാമാന്യബുദ്ധികൊണ്ടു ചിന്തിയ്ക്കാവുന്നതേ ഉള്ളു.

ഇനി കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊള്ളട്ടെ. മഹർഷി ശംഭുകൻ മാത്രമല്ല കീഴ്ജാതി എന്ന പേരിൽ രാമായണത്തിലുള്ളത്. ശബരി എന്ന തപസ്വിനിയും ശൂദ്രതാപസയാണ്. ശൂദ്രരെ കൊല്ലുന്നതാണ് ശ്രീരാമൻ്റെ രീതിയെങ്കിൽ ശബരിയെ കൊല്ലാഞ്ഞത് എന്തുകൊണ്ട്...? ഇതിന് തെളിവായി രാമായണത്തിൽ ആരണ്യകാണ്ഡത്തിൽ സീതാന്വേഷണത്തിന് പോകുന്ന രാമലക്ഷ്മണന്മാർ ശബരിയുടെ ആശ്രമത്തിൽ എത്തിച്ചേരുന്നു. അവിടെ ശബരിയും ശ്രീരാമസ്വാമിയും തമ്മിലുള്ള സംഭാഷണം നമുക്ക് നോക്കാം

"നിന്തിരുവടിയുടെ വരവും പാർത്തുപാർത്തു

നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാൻ.

ശ്രീപാദം കണ്ടുകൊൾവാൻ മൽഗുരുഭൂതന്മാരാം

താപസന്മാർക്കുപോലും യോഗം വന്നീലയല്ലോ.

ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ

ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ.

വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം

കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം."

അതായത് "ജ്ഞാനമില്ലാത്ത ഹീനജാതിയിലുള്ള മൂഢയായ ഞാൻ അങ്ങയെ കാണാൻ പോലും അർഹതയുള്ളവളല്ല. ഇപ്പോൾ ഇതിന് അവസരം കിട്ടിയത് എൻ്റെ മഹാഭാഗ്യം" എന്നാണ് ശബരി പറഞ്ഞത്. ഇതിന് മറുപടി ശ്രീരാമസ്വാമി നൽകുന്നത് നമുക്ക് നോക്കാം.

"രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-

നാകുലംകൂടാതെ ഞാൻ പറയുന്നതു കേൾക്ക നീ.

പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല

കാരണം മമ ഭജനത്തിനു ജഗത്ത്രയേ.

ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും

മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും."

എന്നുവച്ചാൽ "പുരുഷൻ, സ്ത്രീ, ജാതി, പേര്, വർണാശ്രമങ്ങൾ എന്നിവയൊന്നുമല്ല എന്നെ പൂജിയ്ക്കുവാനുള്ള യോഗ്യതകൾ. ഭക്തി മാത്രമാണ് യോഗ്യത. മദ്ഭക്തി കൊണ്ട് മുക്തി ലഭിക്കും". ഇങ്ങനെ പറഞ്ഞ ശ്രീരാമ സ്വാമിയെയാണ് ശംഭുക മഹർഷിയെ കൊന്നു എന്ന പേരിൽ പ്രോസിക്യൂട്ട് ചെയ്യാൻ അഭിനവ വിവരദോഷികളും സ്ഥാപിത താത്പര്യക്കാരും ശ്രമിയ്ക്കുന്നത്. പക്ഷെ ഒരു കാര്യം നിങ്ങൾ ഓർക്കുക. രാമായണം തുറന്ന് വച്ചുകൊണ്ട് ശ്രീരാമ സ്വാമിയെ കരിവാരിത്തേയ്ക്കാൻ നിങ്ങൾക്ക് സാധിയ്ക്കില്ല. രാമായണം വായിച്ചിട്ടില്ലാത്ത പാവപ്പെട്ട ചെറുപ്പക്കാരനെ കുറച്ചുകാലത്തേയ്ക്ക് തെറ്റിദ്ധരിപ്പിയ്ക്കാൻ സാധിച്ചേക്കും.

ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട് അതൊക്കെ അടുത്ത ഭാഗത്തിൽ നിവർത്തിക്കുവാൻ ശ്രമിക്കാം. കർക്കിടക വിചാരത്തിൻ്റെ എല്ലാ ഭാഗങ്ങളും മാന്യ വായനക്കാർക്ക് ഉപയുക്തമാകട്ടെ

ജയ് ഭജ്‌രംഗ്‌ബലി   

ramayanam
Advertisment