കരുണാകരനെതിരെ പട നയിച്ചതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ! താന്‍ കരുണാകരന്റെ മാനസപുത്രനായിരുന്നു. അന്ന് കലാപം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ! പാര്‍ട്ടിയുടെ പുതു നേതൃത്വമായ കെസി-വിഡി-കെ എസ് ത്രയത്തെ വളര്‍ത്തിയത് തന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ്. അധികാരം കിട്ടുമ്പോള്‍ ഗ്രൂപ്പില്ലെന്നു പറയുന്നതെന്തിന് ? നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി തന്റെ മാത്രം കുറ്റമല്ല ! നയിച്ചവരില്‍ മറ്റു നേതാക്കളുമുണ്ടെന്ന് ചെന്നിത്തല. പഴയ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ചെന്നിത്തലയുടെ അഭിമുഖം

New Update

publive-image

തിരുവനന്തപുരം: കെ കരുണാകരനെതിരെ പാര്‍ട്ടിയില്‍ പട നയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനൊരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നും ചെന്നിത്തല പറയുന്നു.

Advertisment

പാര്‍ട്ടിയുടെ പുതു നേതൃത്വമായ കെസി-വിഡി-കെ എസ് ത്രയത്തെ വളര്‍ത്തിയത് തന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പായിരുന്നുവെന്നും സ്ഥാനം കിട്ടിയ ശേഷം ഗ്രൂപ്പില്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ തുറന്നു പറച്ചില്‍. കെ കരുണാകരന്റെ മാനസപുത്രനായിരുന്നു താനെന്ന കാര്യം ശരിവച്ചാണ് താനൊരിക്കലും കരുണാകരനെതിരെ പാര്‍ട്ടിയില്‍ കലാപത്തിന് ഇറങ്ങാന്‍ പാടില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല തുറന്നു പറയുന്നത്. അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെയും ജി കാര്‍ത്തികേയനെയും എം ഐ ഷാനവാസിനെയും കലാപത്തിന് പ്രേരിപ്പിച്ചത്.

താന്‍ ചെയ്തതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു. കരുണാകരന്റെ പാത പിന്തുടര്‍ന്ന് എല്ലാ മലയാള മാസത്തിലെയും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം നടത്തുന്നുണ്ട്. കഴിഞ്ഞ 45 വര്‍ഷമായി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തന്റെ ഗ്രൂപ്പുകാരായിരുന്നു. ഒരു സ്ഥാനം കിട്ടിയ ശേഷം ഗ്രൂപ്പില്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് താന്‍ കൂടി ഉത്തരവാദിയാണ്. എന്നാല്‍ തന്റെ മാത്രം കുറ്റമല്ല. രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു തോല്‍വിക്ക് കാരണം.

പാര്‍ട്ടിയിലെ പുതിയ നേതൃത്വം സെമി-കേഡറാകാനും സിപിഎമ്മിനെ പോലെയാകാനും ശ്രമിക്കുന്നുണ്ടോയെന്നചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും കോണ്‍ഗ്രസിന് സിപിഎമ്മാകാന്‍ കഴിയില്ലെന്നുമാണ് ചെന്നിത്തല നല്‍കുന്ന മറുപടി. പുതിയ നേതൃത്വം ചോദിച്ചാല്‍ താന്‍ അഭിപ്രായം പറയാറുണ്ടെന്നും അവര്‍ക്കു കുഴപ്പം സൃഷ്ടിക്കില്ലെന്നും ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തില് ഒന്നും ശാശ്വതമല്ല. മാറ്റങ്ങള്‍ അംഗീകരിക്കണം. 17 വര്‍ഷം മുമ്പ് താന്‍ പിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ 48 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

കോണ്‍ഗ്രസ് ആകെ തകര്‍ന്നടിഞ്ഞിരുന്ന കാലം. കരുണാകരന്‍ പാര്‍ട്ടി വിട്ടിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനമാണെന്നാണ് ജനങ്ങള്‍ കരുതിയത്.

യാതൊരു മടിയും കൂടാതെ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒന്‍പത് വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 10 ഉപതെരഞ്ഞെടുപ്പുകളിലും തന്റെ കാലത്ത് പാര്‍ട്ടി വിജയിച്ചെന്നും രമേശ് അവകാശപ്പെട്ടു.

സ്ഥാനമാനങ്ങളെ കുറിച്ച് തനിക്ക് ആശങ്കയില്ല. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി തുടരും. പാര്‍ട്ടിയില്‍ താന്‍ സംതൃപ്തനാണെന്നും ചെന്നിത്തല പറയുന്നു. കേരളത്തിലാണ് താനുള്ളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ഗൗരവമായി എടുത്തിട്ടുണ്ട്. അവ അന്തിമ രേഖയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഭാരത് ജോഡോ അഭിയാന്‍ തന്റെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു.

ഒക്ടോബര്‍ രണ്ടിന് യാത്ര ആരംഭിക്കും. സോണിയാ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണെമെന്നും ചെന്നിത്തല പറയുന്നു.

Advertisment