മദീനയുടെ പുണ്യം. റമദാനിന്റെ സുഗന്ധം

Thursday, May 9, 2019

– സബീന എം സാലി

രു വ്യാഴവട്ടം പിന്നിടുന്ന ഈ പ്രവാസജീവിതത്തിനിടയിൽ, എന്റെ വിശ്വാസജീവിതം കരുത്താർജ്ജിച്ചത് സൗദി അറേബ്യയുടെ ഈ മണ്ണിലാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും സമാധാനദൂതുമായി അവതരിച്ച പ്രവാചകന്റെ മണ്ണാണ്‌ ഇത്.

ഒട്ടകത്തിന്റെ മൂക്കുകയർ പിടിക്കാൻ മാത്രമായറിയാവുന്ന ഒരു പ്രാകൃത ജനതയെ സത്യവിശ്വാസത്തിന്റെ സൽസരണിയിലേക്ക് നയിച്ച ആ മഹദ് വ്യക്തിത്വത്തിന്റെ പാവന സ്മരണയുമായിട്ടാണ്‌ പത്തുവർഷങ്ങൾക്ക് മുമ്പ് ഒരു റമദാൻ വ്രതാരംഭത്തിൽ ഞങ്ങൾ മദീനയെന്ന പുണ്യഭൂമിയിലെത്തുന്നത്.

പ്രാർത്ഥനാനിർഭരമായ എന്റെ തീർത്ഥാടക മനസ്സിൽ പരിശുദ്ധ റസൂലിന്റെ ചരിത്രവും,റൗദശരീഫിന്റെ തേജസ്സും നിറഞ്ഞു നിന്നിരുന്നതിനാൽ വ്രതത്തിന്റെയോ, ദീർഘയാത്രയുടെയോ ക്ഷീണം എന്നെ അലട്ടിയില്ല. മദീനയെന്ന സ്നേഹ സാമ്രാജ്യത്തിന്റെ ഇളംകാറ്റേറ്റ് എന്റെ ഹൃദയം കുളിർന്നു. വിശുദ്ധ നഗരിയിലെ ഓരോ കാഴ്ചയും ഞാൻ ആത്മാവിലേക്കാവാഹിക്കുകയായിരുന്നു.

ആ തെരുവുകൾക്കൊക്കെയും കണ്ണും കാതും ഉണ്ടായിരുന്നെങ്കിൽ, മനുഷ്യരിൽ വച്ച് മഹോന്നതനായ നമ്മുടെ നബിയുടെ ആദർശധീരതയുടെയും സ്വഭാവ വൈശിഷ്ടത്തിന്റെയും അതിമനോഹരമായ എത്ര കഥകൾ അവയ്ക്ക് പറയാനുണ്ടാവുമായിരുന്നു! അവിടുത്തെ ഓരോ മണൽത്തരിക്കും ഓരോ ആത്മകഥ ഉണ്ടായിരിക്കില്ലെ? മക്ക തിരസ്കരിച്ച പ്രവാചകനെ ഇരുകയ്യും നീട്ടി നെഞ്ചേറ്റിയ മണ്ൺ.

ഹിജ്‌റ മുതൽ വിയോഗം വരെ പ്രവാചകൻ ചെലവിട്ട വഴികളിൽ പാദമമർന്നപ്പോൾ സിരകളിൽ അപൂർവ്വ സുഖങ്ങളുടെ വിവരണാതീതമായ ഒരു കാശ്മീരക്കുളിര്‌. പുണ്യ റസൂലിന്റെ സന്തത സഹചാരിയായിരുന്ന ബിലാലിന്റെ (റ) ശ്രുതിമധുരമായ ബാങ്കൊലികൾ താളാത്മകമായി ചരിത്രത്തിന്റെ ഏടുകൾ തകർത്ത് എന്റെ ഹൃദയഭിത്തികളെ പ്രകമ്പനം കൊള്ളിച്ച പോലെ….

മദീന നിവാസികൾ തങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും, ആതിഥേയത്തിലുമൊക്കെ പ്രവാചകനെ അനുകരിക്കുന്നവരായിരുന്നു. ഹിജ്‌റ പുറപ്പെട്ടുവന്ന നബിയെയും അനുയായികളെയും സ്വീകരിച്ച അതേ മനസ്സാണ്‌ ഇന്നും മദീനക്കാരുടേത്. അൻസാരികളുടെ ആ പാരമ്പര്യവും, നബി (സ) പഠിപ്പിച്ച സാഹോദര്യവും അവർ തങ്ങളുടെ പൈതൃക സവിശേഷതകളായി നിലനിർത്തിപ്പോരുന്നു എന്ന് അനുഭവങ്ങൾ കൊണ്ട് എനിക്ക് വ്യക്തമായി.

യാത്രാ സാമഗ്രികൾ ഹോട്ടൽ മുറിയിൽ വച്ച് അസർ നമസ്കാരത്തിനായി പള്ളിയിലേക്ക് നീങ്ങുകയായിരുന്ന വിശ്വാസി സമൂഹത്തോടൊപ്പം ഞങ്ങളും പ്രാർഥനാനിർഭരമായ മനസ്സോടെ പാദങ്ങൾ ചലിപ്പിച്ചു.. ചാഞ്ഞുവീഴുന്ന വെയിലിന്റെ ചൂട് അവഗണിച്ച് ഒരുപറ്റം ചെറുപ്പക്കാർ, ചെറിയ കൂട്ടങ്ങളായി നിന്ന് വ്രതനിഷ്ഠയിൽ നീങ്ങുന്ന വിശ്വാസികൾക്ക് ഇഫ്താർ പൊതികൾ ഏൽപ്പിക്കുന്നു.

രണ്ടുകാലുകളും തളർന്ന് ദീനനായി വീൽചെയറിൽ ജീവിതം ഹോമിക്കേണ്‌ടി വന്ന ഒരു യുവാവാണ്‌ എനിക്ക് നേരെ ഇഫ്താർ പൊതി വച്ചു നീട്ടിയത്. ഇരുകയ്യും നീട്ടി അതേറ്റു വാങ്ങുമ്പോൾ ദീനാനുകമ്പയുടെ മഴത്തുള്ളികൾ എന്റെ കണ്ണിൽ ഇറ്റിയിരുന്നു. വിശ്വാസികളെ നോമ്പുതുറപ്പിക്കുകവഴി സർവ്വശക്തനിൽ നിന്ന് ലഭിക്കാനിരിക്കുന്ന പുണ്യം മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

പിന്നെ പ്രാർഥനകളിൽ ഇടം ലഭിക്കുകയെന്ന ഭാഗ്യവും… അസർ നമസ്കാരാനന്തരം , നോമ്പുതുറയുടെ മുന്നൊരുക്കങ്ങൾ. സുപ്ര വിരിച്ച് സ്ത്രീകളെയും കുട്ടികളെയും അതിലേക്ക് ക്ഷണിക്കുന്ന വനിതകൾ. “ജനങ്ങളെ നിങ്ങൾക്ക് സ്ത്രീകളോട് ബാധ്യതകളുണ്‌ട്, നിങ്ങൾ അവരോട് മൃതുവായി പെരുമാറുക, അള്ളാഹു നിങ്ങളെ ഏൽപ്പിച്ച അമാനത്തുകളാണ്‌ അവർ…എന്നിങ്ങനെ സ്ത്രീകൾക്ക് ഇസ്ലാം നൽകിയ മഹത്വത്തിന്റെ പ്രവാചക വചനങ്ങളോർത്ത് ആ സന്ദർഭത്തിൽ എന്റെ സ്ത്രീ മനസ്സ് ധന്യമായി.

അന്ത്യ നാളിൽ ഞാനടങ്ങുന്ന മാനവ സമൂഹത്തിന്റെ മുഴുവൻ സാക്ഷി പറയേണ്ട ആ മഹത്വ്യക്തിത്വം തന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായികൾക്കിടയിൽ അന്ത്യ വിശ്രം കൊള്ളുന്നിടത്ത് ഞാൻ നോമ്പു തുറക്കുകയാണ്‌. പകുതി പഴുത്ത ഈന്തപ്പഴം, എള്ളു വിതറി മാർദ്ദവമുള്ള റൊട്ടി, വെള്ളം, പഴച്ചാറ്‌, തൈര്‌ എന്നിവയടങ്ങിയതായിരുന്നു ആ ഇഫ്താർ പൊതി.

മഗ്‌രിബ് ബാങ്കിന്റെ ആദ്യ ദൈവ സ്തുതി. ഒരു ഈന്തപ്പഴക്കീറിൽ വ്രത സമാപ്തി വരുത്തുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത്, പ്രവാചക സ്നേഹവും ഒപ്പം കാലുകൾക്ക് ചലന ശേഷിയില്ലാത്ത ആ ചെറുപ്പക്കാരന്റെ രൂപവും… മനസ്സിലെ പ്രാത്ഥനകൾ ഞാൻ അവർക്കായി അർപ്പിച്ചു.

ജീവിതത്തിലാദ്യമായി പച്ചവെള്ളത്തിനുപോലും മധുരം തോന്നി,.. അന്നത്തെ ആ ഈന്തപ്പഴത്തിന്റെ രുചി ഇന്നും നാവിൽ തുമ്പിൽ…. പുണ്യ റസൂലിനും കുടുംബാഗങ്ങൾക്കും അനുചരന്മാർക്കും അഭിവാദ്യങ്ങളർപ്പിച്ച ശേഷം മസ്ജിദുന്നബവിയുടെ വെളുത്ത മിനാരങ്ങൾക്കിടയിലൂടെ പച്ചഖുബ്ബയും നോക്കിയുരുന്ന് ഖുർആൻ സൂക്തങ്ങളുരുവിടുമ്പോൾ ആ പുണ്യാത്മാക്കളുടെ അദൃശ്യ സാനിധ്യം എന്റെ മനസ്സിന്‌ നിറവെളിച്ചമായി.

പ്രവാചകന്റെ അതിഥിയായി ,സ്നേഹഭാജനമായ അൽ അമീനോടൊപ്പം നോമ്പു തുറന്ന പ്രതീതിയായിരുന്നു എനിക്കപ്പോൾ. വാ മൊഴിയിലൂടെയോ, വരമൊഴിയിലൂടെയോ ആ നിർവൃതി വിവരിക്കാനാവതല്ല. ഓർമ്മകളുടെ സുഗന്ധം സമ്മാനിച്ച ആ റമദാൻ ദിനം എന്റെ നെഞ്ചിൽ ജീവനുള്ളിടത്തോളം കാലം മറക്കാനാവുന്നതുമല്ല. ..

തുടർന്ന് എല്ലാ വർഷവും മദീന സദർശിക്കാറുള്ള ഞങ്ങൾ , കഴിഞ്ഞ വ്രതാരംഭത്തിലും സ്വീകരിച്ചു മദീനയുടെ സ്നേഹാതിഥ്യം. മദീനയുടെ പ്രകൃതിക്ക് മാറ്റമൊന്നുമില്ല. മാറുന്നത് ജനങ്ങളാണ്‌. “പൊതുവഴിയിലെ മുള്ള്‌ നീക്കം ചെയ്യുന്നതുപോലും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിരുന്നു.

ആ പ്രവാചകനെയാണ്‌ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് ചില കൂട്ടർ കളിയാക്കുകയും കാർട്ടൂൺ വരയ്ക്കുകയും ചെയ്യുന്നത്. അതിന്റെ പേരിൽ തീവ്രവാദ ആക്രമണങ്ങൾ അഴിച്ചു വിടുന്നത്. ”ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുമ്പോഴാണ്‌ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുക“ എന്നാണ്‌ പ്രവാചകൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

പക്ഷെ നമ്മൾ അതൊക്കെ സൗകര്യപൂർവ്വം മറന്നു കളഞ്ഞു. കേവലം കാർട്ടൂൺ വരച്ചതുകൊണ്ടൊന്നും തകരേണ്ടതല്ല നമ്മുടെ പ്രവാചക സ്നേഹം. നിന്ദിക്കുന്നവർക്കുള്ള ശിക്ഷ നാളെ റബ്ബിന്റെ സന്നിധിയിൽ തീർച്ചയായും അക്രമികൾക്ക് ലഭിക്കുക തന്നെ ചെയ്യും.

ഇന്ന് ലോകത്ത് നടക്കുന്ന അക്രമങ്ങളിലും, പരസ്പരസ്പർദ്ദയിലും വേവലാതി പൂണ്ട എന്റെ മനസ്സ്, കഴിഞ്ഞ തവണ റൗദാഷെരീഫിൽ, സർവ്വശക്തനെ സാക്ഷിയാക്കി മന്ത്രിച്ചത് ഇങ്ങനെയാണ്‌….. സ്നേഹ സ്വരൂപനായ, അൽ അമീനായ പരിശുദ്ധ റസൂലേ… അങ്ങ് ഞങ്ങളുടെ ജനതയിലേക്ക്, ഞങ്ങളുടെ കാലഘട്ടത്തിലായിരുന്നു നിയോഗിതനായിരുന്നതെങ്കിൽ….

×