മുതിർന്ന ഉദ്യോഗസ്ഥർ വിരോധം തീർക്കുമോയെന്ന് ആശങ്ക; എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനെ അറിയിച്ചിട്ടുണ്ട്; തൂത്തുക്കുടി ഇരട്ട കൊലപാതകം പുറംലോകത്തെ അറിയിച്ച രേവതി പറയുന്നു

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, July 2, 2020

ചെന്നൈ: തൂത്തുക്കുടിയില്‍ ഇരട്ട കസ്റ്റഡി മരണം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോടു വിരോധം തീര്‍ക്കുമോ എന്ന പേടിയുണ്ടെന്ന് സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ രേവതി. എല്ലാ കാര്യങ്ങളും മജിസ്ട്രേറ്റിനെ അറിയിച്ചതായും തന്നെയും കുടുംബത്തെയും അനാവശ്യമായി പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്നും രേവതി അഭ്യർഥിച്ചു.

ജൂൺ 19ന് രാത്രി അറസ്റ്റിലായ ജയരാജ് മകൻ ബെന്നിക്സ് എന്നിവരെ 20നു പുലർച്ചെ വരെ പൊലീസ് മർദിച്ചതായാണു രേവതി മജിസ്ട്രേട്ടിനു മൊഴി നൽകിയത്. ലാത്തിയിലും, മേശപ്പുറത്തും രക്തം ഉണ്ടായിരുന്നെന്ന രേവതിയുടെ സാക്ഷിമൊഴി കേസിൽ നിർണായകമാകും. മൊഴിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെ ലാത്തികൾ മജിസ്ട്രേട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു.

മൊഴിയുടെ പ്രാധാന്യം കണക്കിലെടുത്ത് രേവതിക്ക് സുരക്ഷ നൽകണമെന്ന്് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിർദേശിച്ചു. പൊലീസ് സുരക്ഷ വേണമെന്നും ഒരു മാസത്തെ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു രേവതി തൂത്തുക്കുടി കലക്ടർക്ക് നിവേദനം നൽകിയിരുന്നു.

സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും 2 കോസ്റ്റബിൾമാരെ സുരക്ഷയ്ക്കായി നിയോഗിച്ചെന്നും കലക്ടർ സന്ദീപ് നന്ദൂരി പറഞ്ഞു. അവധി ലഭിച്ചെന്നു ഉറപ്പാക്കും. അന്വേഷണത്തിൽ സാത്തൻകുളം സ്റ്റേഷനിലെ പൊലീസുകാർ സഹകരിക്കാതിരുന്നപ്പോൾ മൊഴി നൽകാൻ തയാറായ രേവതിയെ അഭിനന്ദിച്ചു സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

×