Advertisment

ചെമ്പോല തീട്ടൂരം വ്യാജമെങ്കിൽ അയ്യപ്പഭക്തരോടുള്ള കൊടും ചതി

New Update

തിരുമേനി

Advertisment

publive-image

- 2018 ഡിസംബർ 8 ന് ദേശാഭിമാനി ഒരു വാർത്ത നൽകിയിരുന്നു. തലക്കെട്ട് ഇതാണ് -ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം - 351 വർഷം പഴക്കമുള്ള രേഖ തെളിവ്.

വാർത്ത തുടങ്ങുന്നത് ഇങ്ങിനെയാണ് . തന്ത്രി സ്ഥാനം ബി.സി. ഒന്നാം നൂറ്റാണ്ടിൽ പരശുരാമൻ തന്നതാണെന്ന താഴമൺ കുടുംബത്തിന്റെ അവകാശ വാദം ശരിയല്ലെന്ന് പന്തളം കൊട്ടാരത്തിന്റെ 351 വർഷം പഴക്കമുള്ള ചെമ്പോല തീട്ടൂരം തെളിവു്.

പ്രതിഷ്ഠയെക്കുറിച്ചോ ബ്രാഹ്മണാചാരങ്ങളെക്കുറിച്ചോ തന്ത്രിമാരെക്കുറിച്ചോ തീട്ടൂരത്തിൽ പരാമർശമില്ല. തന്ത്രിയെ അവഹേളിച്ച മുഖ്യമന്ത്രിയും ബ്രാഹ്മണ പൂജാരികളെ അവഹേളിച്ച മുൻ മന്ത്രി ജി.സുധാകരനും അയ്യപ്പ ഭക്തരെ അവഹേളിച്ച സഖാക്കളും ന്യായം കണ്ടെത്തിയത് ഈ തീട്ടൂരത്തിലായിരുന്നു.

ശബരിമലയിലേക്കുള്ള കാനനപാതകളിൽ അയ്യപ്പ ഭക്തന്മാരെ കേരള പോലീസ് തല്ലിച്ചതച്ചു. ആയിരക്കണക്കിന് ഭക്തന്മാരുടെ പേരിൽ ക്രിമിനൽ കേസെടുത്തു. രാത്രിയുടെ മറവിൽ കറുത്ത വസ്ത്രങ്ങളണിയിച്ച് രണ്ട് സ്ത്രീകളെ സന്നിധാനത്തിലെത്തിച്ചു.

ഇതെല്ലാം ആർക്ക് വേണ്ടിയായിരുന്നു?

അവധാനതയോടു കൂടി ആലോചിച്ച് നടപ്പാക്കേണ്ടിയിരുന്ന ഒരു സുപ്രീം കോടതി വിധി ധൃതി പിടിച്ച് നടപ്പാക്കി കേരളത്തിലെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കി. ഇതെല്ലാം ചെയ്തപ്പോൾ ഇടത് മാധ്യമങ്ങളും ഇടത് സൈബർ പോരാളികളും ശബരിമലയുടെ ദ്രാവിഡ ബന്ധത്തിന് തെളിവ് നൽകുന്ന ചെമ്പോല തീട്ടൂരം ഉയർത്തി കാട്ടിക്കൊണ്ടിരുന്നു.

എന്നാൽ പുരാവസ്തു തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ച മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തപ്പോൾ മേൽപറഞ്ഞ ചെമ്പോല തീട്ടൂരം അയാളിൽ നിന്ന് കണ്ടെടുത്തു.

ഇത് ഗുരുതര സ്വഭാവമുള്ള പല സംശയങ്ങളുടെ നേരേ വിരൽ ചൂണ്ടുന്നു. മോശയുടെ അംശവടി ഉൾപ്പടെ, ടിപ്പുവിന്റെ സിംഹാസനം ഉൾപ്പടെ മോൻസൻ ഒറിജിനൽ എന്നവകാശപ്പെട്ടിരുന്ന എല്ലാ പുരാവസ്തുക്കളും വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ശബരിമലയെക്കുറിച്ചുള്ള ചെമ്പോല തീട്ടൂരവും വ്യാജമാണോ ?

ശബരിമല വിഷയം കത്തി നിന്ന സമയത്ത് ഈ ചെമ്പോല തീട്ടൂരത്തിന്റെ ഉള്ളടക്കം എങ്ങിനെ ദേശാഭിമാനിക്ക് ലഭിച്ചു? ശബരിമലയുടെ പ്രസക്തി ഇല്ലാതാക്കാൻ ആസൂത്രിത നീക്കം നടന്നോ ?

ഇത്തരം സംശയങ്ങൾ ബലപ്പെടുന്നത് മോൻസൻ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങൾ മനസ്സിലാകുമ്പോഴാണ്.

മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ, എ.ഡി.ജി.പി. മനോജ് അബ്രഹാം എന്നിവർ മോൻസന്റെ പുരാവസ്തു വാൾ പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ നാമെല്ലാവരും കണ്ടതാണ്. ഇതിനു താഴെയുള്ള പല പോലീസ് ഉദ്യോഗസ്ഥരും മോൻസന്റെ അടുപ്പക്കാരാണ്.

ഇതെല്ലാം ഗുരുതരമായ വിഷയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.പിണറായി വിജയനാണ് ഉത്തരം പറയേണ്ടത്. ശബരിമല തന്ത്രിയേയും പാലാ ബിഷപ്പിനേയും എല്ലാം അപഹസിച്ച പിണറായി ശബരിമല വിഷയത്തിൽ എന്തെങ്കിലും അറിയാത്ത അടിയൊഴുക്ക് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.

കഴിഞ്ഞ ഭരണത്തിൽ പോലീസിനെ കയറൂരി വിട്ടിരിക്കുകയായിരുന്നു.ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. വാൾ പിടിച്ച ബെഹ്‌റക്ക് പകരം വന്നിരിക്കുന്നത് മോൻസനിൽ നിന്ന് പുരസ്ക്കാരം വാങ്ങിയ അനിൽ കാന്താണ്. ഇവരെയൊക്കെ ചുമക്കുന്ന നമ്മുടെ ഗതികേടിനെക്കുറിച്ച്

ഒന്നാലോചിക്കു .

ശബരിമലയെപ്പറ്റിയുള്ള ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരം അന്നേ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് അതാരും ശ്രദ്ധിച്ചില്ല. ഇത് വ്യാജമായി നിർമ്മിച്ചതാണെങ്കിൽ അതത്ര നിസ്സാരമായി കാണാവുന്ന ഒന്നല്ല. അതിനെക്കുറിച്ച് ശക്തമായ അന്വേഷണം നടക്കണം.

ഇത് ആരൊക്കെ ദുരുപയോഗം ചെയ്തു എന്ന് കണ്ടുപിടിക്കണം.

മോൻ സനുമായി ബന്ധമുള്ള കേരള പോലീസിലെ ഉന്നതർ അറിഞ്ഞു കൊണ്ട് നടന്ന ഒരു സംഭവമാണോ ഇത്? കാലത്തിന് പോലും കഴുകിക്കളയാൻ സാധിക്കാത്ത ചില പാപത്തിന്റെ കറകൾ ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

sabarimala
Advertisment