ജയ്പൂര്‍: രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂറുമാറുന്നതിനായി സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ആരോപണം. കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗയാണ് ആരോപണമുന്നയിച്ചത്.
സച്ചിന്‍ പൈലറ്റിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതുപോലൊരു വാഗ്ദാനം ഡിസംബറിലും നടത്തിയിരുന്നു. 35 കോടിയോ അതില്‍ കൂടുതലോ എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം താന്‍ നിരസിച്ചതായും ഇതെല്ലാം അശോക് ഗെലോട്ടിനെ അറിയിച്ചിരുന്നതായും ഗിരിരാജ് സിംഗ് മലിംഗ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളില്‍ സങ്കടമുണ്ടെങ്കിലും അത്ഭുതമില്ലെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. എന്നെ അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉയര്‍ത്തുന്ന ന്യായമായ ആശങ്കകള്‍ അടിച്ചമര്‍ത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളാണിതെന്ന് പൈലറ്റ് പറഞ്ഞു.
തന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഇനിയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. തന്റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും ഉറച്ചു നില്‍ക്കുമെന്നും ആരോപണം ഉന്നയിച്ച എംഎല്‍എക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.