ധോണിയുടെ മുടി നീട്ടിയുള്ള പഴയ ലുക്ക് തനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല; ആ ഹെയർ സ്റ്റൈൽ ഒരു ദുരന്തമായിരുന്നു; ആ രൂപത്തിൽ കണ്ടിരുന്നെങ്കിൽ മുഖത്ത് പോലും നോക്കില്ലായിരുന്നു!

സ്പോര്‍ട്സ് ഡസ്ക്
Monday, June 1, 2020

ഓറഞ്ച് നിറത്തോടെയുള്ള നീളന്‍ മുടിയിലായിരുന്നു ധോണിയുടെ ക്രിക്കറ്റിലേക്കുള്ള വരവ്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ ലുക്ക് കൂടിയായിരുന്നു ഇത്. പിന്നീട് മുടിയിലുള്ള പരീക്ഷണങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ ക്രിക്കറ്റ് താരങ്ങളിലൊരാൾ കൂടിയായി ധോണി മാറി. പറ്റെ വെട്ടിയും തല മുണ്ഡനം ചെയ്തുമല്ലാം ധോണി പ്രത്യക്ഷപ്പെട്ടു. എങ്കിലും ഭൂരിഭാ​ഗം ആരാധകരുടെയും മനസിലുള്ള ധോണിയുടെ സ്റ്റെെലുകളിലൊന്ന് പഴയ കാലത്തെ ആ നീളന്‍ മുടിക്കാരനായ ധോണി തന്നെയാണ്.

എന്നാല്‍ ധോണിയുടെ മുടി നീട്ടിയുള്ള പഴയ ലുക്ക് തനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ലെന്ന തുറന്നു പറച്ചിലുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത് ധോണിയുടെ ഭാര്യയായ സാക്ഷാൽ സാക്ഷി തന്നെയാണ്. ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാമിനായിരുന്നു ആ സ്റ്റൈൽ കൂടുതല്‍ യോജിക്കുകയെന്നും സാക്ഷി പറയുന്നു. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് ധോണിയുടെ മുന്‍ ഹെയര്‍ സ്‌റ്റൈല്‍ ദുരന്തമായിരുന്നുവെന്ന് സാക്ഷി അഭിപ്രായപ്പെട്ടത്.

ഭാഗ്യവശാല്‍, ആ ലുക്കില്‍ ധോണിയെ തനിക്കു നേരില്‍ കാണേണ്ടി വന്നിട്ടില്ല. കാരണം ആ ലുക്കില്‍ ധോണി വന്നിരുന്നെങ്കില്‍ താന്‍ ഒന്നു നോക്കുക പോലും ചെയ്യില്ലായിരുന്നു. ആ ഹെയര്‍സ്‌റ്റൈല്‍ യോജിച്ചിരുന്നത് ജോണ്‍ അബ്രഹാമിനായിരുന്നു. നീട്ടി വളര്‍ത്തിയ, അതും ഓറഞ്ച് നിറത്തോടെയുള്ള ധോണിയുടെ അന്നത്തെ മുടി ശരിക്കും ദുരന്തം തന്നെയായിരുന്നു. സാക്ഷി നയം വ്യക്തമാക്കി.

ധോണിയെ പല ലുക്കിലും കണ്ടിട്ടുണ്ടെങ്കിലും ഓറഞ്ച് നിറത്തോടെയുള്ള, നീണ്ട മുടിയുള്ള ലുക്കായിരുന്നു ഏറ്റവും മോശം. ധോണിയുമായി താന്‍ പ്രണയത്തിലാവുമ്പോള്‍ മറ്റൊരു ഹെയര്‍ സ്‌റ്റൈലായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ നീട്ടി വളര്‍ത്തിയ മുടിയോടെ അദ്ദേഹത്തെ കണ്ടിട്ടില്ല. മുടി വെട്ടിയൊതുക്കിയ ധോണിയെ നേരില്‍ കാണിച്ചതിന് അന്നു ദൈവത്തോട് മനസ്സില്‍ നന്ദിയും പറഞ്ഞു. സാക്ഷി പറഞ്ഞു. 2010ലാണ് ധോണിയും സാക്ഷിയും ഏറെക്കാലത്തെ പ്രണയബന്ധത്തിനു ശേഷം വിവാഹിതരായത്.

×