'നിങ്ങള്‍ക്കദ്ദേഹത്തെ എതിര്‍ക്കാം, പക്ഷേ അവഗണിക്കാന്‍ കഴിയില്ല'; വിഎസിന് നൂറാം പിറന്നാള്‍ ആശംസിച്ച് സന്ദീപ് വാര്യര്‍

New Update

publive-image

തിരുവനന്തപുരം; നൂറാം ജന്മദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ‘നിങ്ങള്‍ക്ക് അദ്ദേഹത്തെ എതിര്‍ക്കാം. ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാന്‍ കഴിയില്ല. കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോള്‍ അതില്‍ വി എസ് എന്ന രണ്ട് അക്ഷരം തീര്‍ച്ചയായും ഉണ്ടാകും. നൂറാം പിറന്നാള്‍ ആശംസകള്‍,’ ബിജെപി മുന്‍ സംസ്ഥാന വക്താവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

തന്റെ 97ാം വയസ്സുവരെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിഎസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മകന്‍ അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. 2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ വിഎസിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്.

1923 ഒക്ടോബര്‍ 20 നാണ് പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. കയര്‍ ഫാക്ടറയില്‍ തൊഴില്‍ ചെയ്യുന്ന കാലത്ത് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നുകൊണ്ടാണ് പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള കടന്നുവരവ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന രംഗത്തും സജീവമായ വിഎസ് 1940 ലാണ് കമ്മ്യൂസ്റ്റ് പാര്‍ട്ടി മെമ്പറാവുന്നത്.

1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. 1964 ല്‍ സി പി എം രൂപീകരിക്കപ്പെട്ടപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗമായി. 1980 മുതല്‍ 91 വരേയുള്ള കാലയളവിലായി മൂന്ന് തവണയാണ് വിഎസ് സി പി എം സംസ്ഥാന സെക്രട്ടറിയായത്.

ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച അദ്ദേഹം 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായും 1992-1996, 2001-2006, 2011-2016 പ്രതിപക്ഷ നേതാവായും പദവിയിലിരുന്നു.

Advertisment