കാൻപുര്‍: ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരന്‍ സഞ്ജീത് യാദവിനെ
കഴിഞ്ഞ മാസം തന്നെ അക്രമികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് . മൃതദേഹം ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലീസിന്റെ കണ്‍മുന്നില്‍ നിന്ന് അക്രമികള്‍ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.
യുപി പൊലീസിന്റെ വാക്ക് വിശ്വസിച്ച് അക്രമികള്‍ക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുടുംബത്തിന് പൊലീസിന്റെ വാക്കുകള്‍ കനത്ത പ്രഹരമായി.
അക്രമികളെ രക്ഷപ്പെടാന്‍ പൊലീസ് അനുവദിച്ചുവെന്ന കടുത്ത ആരോപണം സഞ്ജീത്തിന്റെ ബന്ധുക്കള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം തന്നെ കൊലപ്പെടുത്തിയെന്ന പുതിയ വാദവുമായി യുപി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായവര്‍ സഞ്ജീത്തിന്റെ സുഹൃത്തുകളും മുന്‍ സഹപ്രവര്‍ത്തകരും ആണെന്നു പൊലീസ് പറഞ്ഞു.
ജൂണ്‍ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്.
തുടര്‍ന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുന്‍ സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ജൂണ്‍ 26 നോ 27 നോ അക്രമികള്‍ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാണ്‍പുര്‍ എസ്പി പറഞ്ഞു.