മുസ്ലീം ലീഗിനെതിരായ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ നിലപാടിനോട് പരസ്യമായി വിയോജിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു. വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുറന്നടിച്ചു.
സിപിഎം നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരസ്യനിലപാട് സിപിഎം കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും മുസ്ലീം ലീഗ് വര്‍ഗീയപാര്‍ട്ടിയാണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഈ കുറിപ്പിനെ പ്രശംസിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. വിശ്വാസ, രാഷ്ട്രീയ വൈജാത്യങ്ങൾക്കപ്പുറത്ത് എല്ലാവരോടും മാന്യമായി ഇടപെട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിംലീഗിനുള്ളത്. അത് ബോധ്യമുള്ള ഒരു ജനത ഈ നാട്ടിലുള്ള കാലത്തോളം ലീഗിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്താനാവുമെന്നത് വ്യാമോഹം മാത്രമാണ്. സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ലാഭം കൊയ്യാമെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി.
അതിനു പറ്റിയ വിളനിലമാവില്ല കേരളം എന്നതിന് തെളിവാണ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അവർകളുടെ മുകളിലെ വാക്കുകൾ. ഈ കരുതലിനു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഈ കുറിപ്പ് വായിച്ചപ്പോഴുണ്ടായ സന്തോഷം ചെറുതല്ല. വിശ്വാസ, രാഷ്ട്രീയ വൈജാത്യങ്ങൾക്കപ്പുറത്ത് എല്ലാവരോടും മാന്യമായി ഇടപെട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിംലീഗിനുള്ളത്. അത് ബോധ്യമുള്ള ഒരു ജനത ഈ നാട്ടിലുള്ള കാലത്തോളം ലീഗിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്താനാവുമെന്നത് വ്യാമോഹം മാത്രമാണ്.
എല്ലാകാലത്തും കേരളത്തിന്റെ വളർച്ചയിൽ നിർണായക സാന്നിധ്യമറിയിച്ച പാർട്ടിയാണ് ലീഗ്. അത് ഇവിടുത്തെ ജനതക്കറിയാം. സി.പി.എം വിശിഷ്യാ, അവരുടെ സംസ്ഥാന സെക്രട്ടറിയുൾപ്പെടെയുള്ളവർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടം കൊയ്യാൻ വേണ്ടി മാത്രം ലീഗിനെ ചേർത്തുവച്ച് വർഗ്ഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിയപ്പോൾ വ്യക്തിപരമായും അതിയായ ദുഃഖമുണ്ടായി.
നമുക്ക് ശേഷവും ഇവിടെ കേരളവും അതിന്റെ സാഹോദര്യ മനോഹാരിതയും നിലനിൽക്കേണ്ടതുണ്ട്. ഇത്തരം പരാമർശങ്ങൾവഴി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ലാഭം കൊയ്യാമെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി. അതിനു പറ്റിയ വിളനിലമാവില്ല കേരളം എന്നതിന് തെളിവാണ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അവർകളുടെ മുകളിലെ വാക്കുകൾ. ഈ കരുതലിനു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പും അതിന്റെ അലയൊലികളും ഇന്നോ നാളെയോ കഴിഞ്ഞേക്കാം. പക്ഷേ അത് കഴിഞ്ഞും ഈ നാട്ടിൽ സൗഹൃദം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത പൊതുപ്രവർത്തകരായ നമുക്കെല്ലാവർക്കുമുണ്ട്. പരസ്പരം രാഷ്ട്രീയമായി എതിരിടാം, ഒരു ജനതയെന്ന നിലയിൽ നമുക്ക് കൈകോർത്തുതന്നെ മുന്നോട്ടുപോവാം. നന്മകൾ നേരട്ടെ.!