മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന താരം കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു , കാര്‍ തകര്‍ന്നു

സ്പോര്‍ട്സ് ഡസ്ക്
Tuesday, January 21, 2020

കാര്‍ അപകടത്തില്‍പ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അത്ഭുതകരമായി രക്ഷപെട്ടു. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറൊയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിശീലനത്തിനായി പോവുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. യുണൈറ്റഡിന്റെ രണ്ടാം ഗോള്‍കീപ്പറാണ് ഈ അര്‍ജന്റീന താരം.

യുണൈറ്റഡിന്റെ ട്രയിനിംഗ് ഗ്രൗണ്ടായ കാരങ്ടണിലേയ്ക്ക് പരിശീലനത്തിനായി പോകുന്നതിനിടെയാണ് റൊമേറൊ യാത്ര ചെയ്തിരുന്ന ലംബോര്‍ഗിനി കാര്‍ അപകടത്തില്‍പ്പെട്ടത്.

റോഡിന് ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡില്‍ ഇടിച്ച കാര്‍ ബാരിക്കേഡും തകര്‍ത്ത് റോഡിന് പുറത്തേയ്ക്ക് പോയി. താരത്തിന് കാര്യമായി പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. കാര്‍ ഭാഗീകമായി തകര്‍ന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുണൈറ്റഡിന്റെ രണ്ടാം ഗോള്‍കീപ്പറായി അര്‍ജന്റീന താരം 2015 ലാണ് സാംപ്ദോറിയയില്‍ നിന്നും താരം യുണൈറ്റഡില്‍ എത്തുന്നത്. ഈ സീസണില്‍ താരം ഒമ്പത് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അവസാനമായി വോള്‍വ്സിനെതിരായ മത്സരത്തിലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ വല കാത്തത്.

×