Advertisment

നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരേണ്ടതല്ലേ? ഒരു 14-കാരനെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം അതല്ലെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിൽ അയക്കണം എന്നൊക്കെ ആക്രോശിച്ചാൽ മലയാളികളുടെ ലൈംഗിക വീക്ഷണത്തിൽ മാറ്റം കൈവരുമോ ?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

-വെള്ളാശേരി ജോസഫ്

സ്‌കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് 14-കാരൻ "മാറിടത്തിൽ ഒന്നു പിടിച്ചോട്ടെ" എന്ന് ചോദിക്കുന്നു. ഒരു ടീനേജുകാരൻറ്റെ സ്വോഭാവികമായ ലൈംഗിക 'ക്യൂരിയോസിറ്റിയായി' അതിനെ കാണേണ്ടതിനു പകരം സ്‌കൂട്ടർ യാത്രക്കാരി അതിനെ വലിയ സദാചാര പ്രശ്നവും, മാനസിക വൈകല്യവും ആയി കാണുന്നു.

സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് പോസ്റ്റിട്ടതു കൂടാതെ ടീനേജുകാരൻറ്റെ സ്‌കൂളിലും വീട്ടിലും ഈ സംഭവം അറിയിക്കാൻ തീരുമാനിക്കുന്നു. സത്യത്തിൽ ഇന്ത്യൻ സാഹചര്യം അറിയാവുന്നവർ ഇത്രയൊക്കെയല്ലേ ഇക്കാര്യത്തിൽ സംഭവിക്കുന്നുള്ളൂ എന്നോർത്ത് സമാധാനപ്പെടുകയാണ് വേണ്ടത്.

വെല്ല ഉത്തർ പ്രദേശിലോ ബീഹാറിലോ ആയിരുന്നെങ്കിൽ തീർച്ചയായും ആ ചോദ്യത്തിന് തല്ലു കിട്ടിയേനെ; തല്ലിൽ മാത്രം പോലും ഒതുങ്ങാറില്ല സാധാരണ ലൈംഗിക സംബന്ധമായ കാര്യങ്ങൾ ഉത്തരേന്ത്യയിൽ. തല്ലിക്കൊല്ലാനും, വലിയ ലഹള തന്നെ പൊട്ടിപുറപ്പെടാനും ഇത്തരത്തിൽ ഒരു ചോദ്യം മതി.

മുസാഫർപൂർ കലാപം തന്നെ തുടങ്ങിയത് ഒരു പെൺകുട്ടിയെ കമൻറ്റടിച്ചതിൽ നിന്നുള്ള രൂക്ഷമായ പ്രതികരണത്തിൽ നിന്നായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ആ സംഭവം വർഗീയവൽകരിക്കപ്പെടുക ആയിരുന്നു എന്നാണ് അന്ന് പുറത്തുവന്ന പല മാധ്യമ റിപ്പോർട്ടുകളിലും ഉണ്ടായിരുന്നത്.

ഇനി ഇന്ത്യൻ സാഹചര്യത്തിൽ അല്ലായിരുന്നു ഈ ചോദ്യം വന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? അമേരിക്കയിലോ യൂറോപ്പിലോ ഒരു ടീനേജുകാരൻ ഒരു സ്ത്രീയോട് ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

അമേരിക്കയിലേയും യൂറോപ്പിലേയും സ്ത്രീകൾ ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ കൂൾ ആയി എടുക്കാനാണ് സാധ്യത. അവർ ഇന്ത്യൻ സ്ത്രീകളെ പോലെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ചോദ്യം ചോദിച്ചയാളെ നാറ്റിക്കാൻ ശ്രമിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. വളർന്നു വന്ന സാഹചര്യങ്ങളുടേയും സംസ്കാരത്തിൻറ്റേയും വ്യത്യാസമാണത് കാണിക്കുന്നത്.

ഇന്ത്യയിൽ സെക്സിനേയും, ലൈംഗിക സംബന്ധമായ എല്ലാ സംസാരത്തേയും എന്തോ വലിയ തെറ്റായി കാണുന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്ള ആളുകൾ അതിനെ കൂളായി കാണുന്നു. ആധുനിക ലിബറൽ കോസ്മോപോളിറ്റൻ സമൂഹവും പാരമ്പര്യ സമൂഹവും തമ്മിലുള്ള വിത്യാസമാണത്.

സെക്സ് ശരീരത്തിൻറ്റേയും മനസിൻറ്റേയും ഒരു ആവശ്യമായിട്ടാണ് ആധുനിക സമൂഹത്തിൻറ്റെ വീക്ഷണം. സെക്സ് മനസിൻറ്റേയും ശരീരത്തിൻറ്റേയും ഉത്സവമായി കണക്കാക്കപ്പെടുമ്പോൾ അവിടെ കുറ്റബോധമില്ലാ. അതുകൊണ്ടുതന്നെ പാപ ബോധവും, സദാചാര ബോധവും സെക്സിനെ സംബന്ധിച്ച് ആധുനിക ലിബറൽ കോസ്മോപോളിറ്റൻ സമൂഹങ്ങളിൽ ഇല്ലാ. ഇത് വെറുതെ പറയുന്നതും അല്ലാ.

ലൈംഗിക സ്വാതന്ത്ര്യം പൊതുവേ ആധുനിക സമൂഹങ്ങളിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ പ്രേമിക്കുന്നതിനേയോ, സെക്സിൽ ഏർപ്പെടുന്നതിനേയോ ആധുനിക സമൂഹങ്ങളിൽ ആരും ചോദ്യം ചെയ്യാറില്ലാ.

ആലിംഗനം ചെയ്യുന്നതും, ഉമ്മ വെക്കുന്നതുമായ സീനുകൾ ഇല്ലാത്ത പാശ്ചാത്യ സിനിമാ-സീരിയലുകളിൽ പൊതുവേ കാണാൻ സാധിക്കാറില്ലാ. "Shall we Kiss" എന്നുള്ളത് അവിടങ്ങളിലെ സാധാരണ ഒരു ചോദ്യം മാത്രമാണ്. ഇന്ത്യയിൽ പ്രക്ഷേപണം ചെയ്ത അമേരിക്കൻ ടെലിവിഷൻ സീരിയലുകളായ 'ദി അഫയർ', 'ബോസ്റ്റൺ ലീഗൽ' - ഇവയിലൊക്കെ 'Interested in Sex' എന്ന് സ്ത്രീകളോട് ചോദിക്കുന്നുണ്ട്. അതൊന്നും അവിടെ വലിയ വിഷയമല്ല.

പ്രശസ്തമായ ഹോളിവുഡ് ചിത്രമായ 'Forever Mine' - ൽ അഭിനയിച്ച സുന്ദരിയായ നായികയായ ഗ്രെച്ചൺ മോലുമായുള്ള ഒരു അഭിമുഖം തുടങ്ങുന്നത് തന്നെ "When did you first undress before a Man" എന്ന് ചോദിച്ചുകൊണ്ടാണ്. ഇന്ത്യയിലാണെങ്കിൽ അത്തരമൊരു ചോദ്യം ചോദിച്ചാൽ ചെപ്പക്കുറ്റിക്ക് അടി തീർച്ചയാണ്.

മറ്റൊരു പ്രശസ്തമായ 'My Mom's New Boyfriend' എന്ന ഹോളിവുഡ് ചിത്രത്തിൽ ഫെഡറൽ ഏജൻറ്റ് ആയ നായകൻ തന്റെ പ്രതിശ്രുത വധുവിനെ സുന്ദരിയും യുവതിയുമായ അമ്മക്ക് പരിചയപ്പെടുത്തുന്നു. പിന്നീട് അമ്മയും പ്രതിശ്രുത വധുവും തമ്മിൽ സംഭാഷണം ആരംഭിക്കുമ്പോൾ ഭാവി മരുമകൾ ആവശ്യപ്പെടുന്നത് എന്താണ്? "Tell me about your boyfriends" എന്നാണ്!!! ഇങ്ങനെ പറയാനാണെങ്കിൽ സിനിമാനുഭവങ്ങൾ കണ്ടമാനം ഉണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും ആവാത്തതാണ് ആ സിനിമാനുഭവങ്ങൾ.

സിനിമാനുഭവങ്ങൾക്കപ്പുറം പൊതുജീവിതത്തിൽ പോലും ലൈംഗികത ആഘോഷമാക്കുന്നത് പാശ്ചാത്യ സമൂഹത്തിൽ നമുക്ക് ദർശിക്കാവുന്നതാണ്. പ്രണോയ് റോയ് അവതരിപ്പിച്ച 'വേൾഡ് ദിസ് വീക്കിൽ' ആണെന്ന് തോന്നുന്നു, പണ്ട് മഡോണയുടെ ഒരു പുതിയ സംഗീത ആൽബം പുറത്തിറക്കുന്നത് കാണിച്ചത്. ചടങ്ങിലേക്ക് മഡോണ തന്റെ ബോഡി ഗാർഡുകളാൽ വലയം ചെയ്യപ്പെട്ട് ഒരു വലിയ ബ്ളാൻങ്കറ്റും പുതച്ചാണ് വന്നത്. ചുറ്റും കൂടിയ ഫോട്ടോഗ്രാഫേഴ്സ് മഡോണയോട് ആ ബ്ലാൻങ്കറ്റ് ഒന്ന് മാറ്റാമോ എന്നു ചോദിച്ചു. ചോദിക്കേണ്ട താമസം, മഡോണ ആ ബ്ലാൻങ്കറ്റ് ഊരിയെറിഞ്ഞു; ആയിരകണക്കിന് ഫ്ലാഷുകൾ ആ സമയത്ത് ഒരുമിച്ചു മിന്നുകയും ചെയ്തു.

ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിലും, ഗ്രാമി അവാർഡ് ചടങ്ങിലും, ക്യാൻ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഇത്തരത്തിലുള്ള ശരീര പ്രദർശനവും, ഫാഷൻ പ്രദർശനവുമൊക്കെയുണ്ട്. അതൊക്കെ ലൈവ് ടെലിക്കാസ്റ്റായി ഇന്ത്യയിലും ലോകത്തെമ്പാടും ഇന്ന് കാണുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ പതിനായിരകണക്കിന് പെൺകുട്ടികൾ വർഷം തോറും പോക്കറ്റ് മണിക്കായി ഫാഷൻ ഷോകളിൽ പങ്കെടുക്കുന്നു.

കേരളത്തിലേയോ ഇന്ത്യയിലേയോ കുലസ്ത്രീകൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യമാണിതൊക്കെ. നമ്മുടെ കുടുംബ വ്യവസ്ഥിതിയും, സമൂഹ വ്യവസ്ഥിതിയും അടിച്ചേല്പിച്ചിരിക്കുന്ന സദാചാര മൂല്യങ്ങൾ തന്നെ കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടമാനം സദാചാര വിലക്കുകൾ ആണിവിടെ.

ഈയിടെ സീനിയർ സിറ്റീസൺ ആയ ഒരു സ്ത്രീ ജീൻസിട്ടതിനെ ചൊല്ലിയുള്ള കോലാഹലം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കണ്ടു. സ്വന്തം കാശു മുടക്കി അവർ ഏതു വസ്ത്രം വേണമെങ്കിലും ധരിക്കട്ടെ. മറ്റുള്ളവർക്ക് അതിലൊക്കെ എന്തുകാര്യം? സ്ത്രീകൾ ഇങ്ങനെയൊക്കെയേ പെരുമാറാകൂ; ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ; ഇങ്ങനെയൊക്കെയേ വസ്ത്രം ധരിക്കാവൂ എന്നൊക്കെ സമൂഹം വാശിപിടിക്കുന്നതിൻറ്റെ യുക്തിഭദ്രത എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഇരുപതാം നൂറ്റാണ്ടിൽ പല കമ്യുണിസ്റ്റ് പാർട്ടികളും സാമൂഹ്യമാറ്റം പോലെ തന്നെ പല പാരമ്പര്യ സമൂഹങ്ങളിലെ ലൈംഗിക വീക്ഷണങ്ങളിലും മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. 'ഇറോട്ടിക് ലിബർട്ടി' അല്ലെങ്കിൽ ലൈംഗിക സ്വാതന്ത്ര്യം വിദേശ രാജ്യങ്ങളിലെ പല കമ്യുണിസ്റ്റ് പാർട്ടികളും യാഥാസ്ഥിതികമായ തങ്ങളുടെ സമൂഹത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയിലേയും കേരളത്തിലേയും കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അതൊക്കെ ചിന്തിക്കാൻ പോലും പറ്റാത്തതാണ്. അവരൊക്കെ വിക്ടോറിയൻ സദാചാര മൂല്യങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു എന്നതാണ് കാരണം.

അതുപോലെ തന്നെയാണ് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും. സ്ഥിരം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ പ്രഘോഷിക്കുന്ന പ്രസ്ഥാനങ്ങളെയാണ് നമുക്ക് ചുറ്റും കാണാനാവുന്നത്. അതുകൊണ്ട് ഇന്ത്യൻ സമൂഹത്തിൽ ലൈംഗിക കാര്യങ്ങളിൽ ഒരു വ്യത്യസ്തമായ സമീപനം വരുമെന്ന് അടുത്തെങ്ങും ആശിക്കാൻ നിർവാഹമില്ലാ. വിപ്ലവ പാർട്ടികൾ സമൂഹത്തിലെ യാഥാസ്ഥിതികമായ ലൈംഗിക സദാചാരത്തിനും എതിരേ നിലകൊള്ളണമെന്നുള്ള തത്ത്വം ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങൾ പോലും ഒട്ടുമേ ഉൾക്കൊള്ളുന്നില്ലാ.

ഇന്നുള്ള ലൈംഗിക സദാചാരങ്ങളല്ലായിരുന്നു പണ്ട് ഇന്ത്യയിൽ നിലനിന്നിരുന്നത് എന്നതാണ് ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഏതെങ്കിലും ചരിത്ര മ്യുസിയത്തിൽ പോയാൽ ഇന്നുള്ള വസ്ത്ര ധാരണമൊന്നുമല്ലാ പണ്ട് നമ്മുടെ സ്ത്രീകൾക്കും, പുരുഷന്മാർക്കും ഉണ്ടായിരുന്നതെന്ന് ആർക്കും കാണാം.

പൗരാണിക ഇന്ത്യയിൽ സ്ത്രീകൾക്ക് ലൈംഗിക സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഗന്ധർവ വിവാഹങ്ങളേയും, സ്വയംവരങ്ങളേയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ എത്ര വേണമെങ്കിലും ഉണ്ട്. ഉഷയുടേയും അനിരുദ്ധൻറ്റേയും റൊമാൻസ്, നള ദമയന്തിമാരെ കോർത്തിണക്കുന്ന ഹംസം, ശകുന്തളയുടേയും ദുഷ്യൻന്തൻറ്റേയും പ്രേമ വിവാഹം - ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത റൊമാൻസുകൾ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഉണ്ട്.

സ്ത്രീ ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ സ്ഥാപിക്കപ്പെട്ടത് ഐശ്യര്യത്തിൻറ്റേയും സൗഭാഗ്യത്തിൻറ്റേയും പ്രതീകമായിട്ടാണ്. അതുകൊണ്ട് സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ വിളങ്ങുന്നു.

"സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും…" - എന്നാണല്ലോ വയലാറിൻറ്റെ 'ചെമ്പരത്തി' യിലെ പ്രസിദ്ധമായ ഗാനരചന തന്നെ. അർദ്ധ നഗ്നകളും, രതി ഭാവങ്ങൾ ഉൾക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആർക്കും ഒരു മോശവും തോന്നിയിരുന്നില്ല.

കോണാർക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങൾ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകൾക്ക് മേൽ കണ്ടമാനം നിയന്ത്രണങ്ങൾ വരുന്നത്.

പുരോഹിത വർഗത്തിൻറ്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യൻ സമൂഹത്തെ മാറ്റി. കേരളത്തിൽ ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകൾ നടന്നിരുന്നു. പക്ഷെ ഇന്ന് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലാതായിരിക്കുന്നു. ഫെമിനിസ്റ്റുകൾ പോലും രതിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു.

ഇന്നിപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പഴയ വിക്ടോറിയൻ സംസ്കാരത്തിൽ നിന്ന് ഭിന്നമായി 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിൾ റാലിയും' ഒക്കെ ഉണ്ട്. പക്ഷെ കേരളത്തിലോ, ഇന്ത്യയിലോ ഇങ്ങനെയുള്ള ഒരു നഗ്നതാ പ്രതിഷേധത്തെ കുറിച്ച് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ?

രഹ്‌ന ഫാത്തിമ അത്തരത്തിലുള്ള ഒരു ചെറിയ പ്രതിഷേധം സംഘടിച്ചപ്പോൾ ഇവിടെ എന്തായിരുന്നു പുകില്? രഹ്‌ന ഫാത്തിമയുടെ ഫെയിസ് ബുക്ക് പോസ്റ്റുകൾ കണ്ട പലരും അവർ ശബരിമല തകർക്കാൻ പോവുകയായിരുന്നു എന്ന് വിശ്വസിച്ചു പോയാൽ അവരെ ഇന്നത്തെ മൂല്യ ബോധത്തിൽ നിന്നുകൊണ്ട് കുറ്റം പറയാൻ ആവില്ല.

സത്യത്തിൽ നമ്മൾ നഗ്നതയെ എങ്ങനെ നോക്കികാണുന്നു എന്നനുസരിച്ചായിരിക്കും നമ്മുടെ വൈകാരികമായ റെസ്പോൺസ്. അമേരിക്കയിലും പാശ്ചാത്യ നാടുകളിലും ന്യൂഡ് ബീച്ചസും, ന്യൂഡ് സൈക്കിൾ റാലികളും ഉണ്ടെന്നുള്ള കാര്യം പലർക്കും അറിയാവുന്നതാണ്. ന്യൂഡ് മാർച്ചുകളും അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. അധികമാരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാറില്ല.

ഇൻഡ്യാക്കാരെ പോലെ ഞരമ്പ് രോഗികളല്ല അവിടങ്ങളിൽ ഉള്ളതെന്ന് സാരം. നമ്മുടെ നാട്ടിൽ ഞരമ്പ് രോഗികൾ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. മാനസിക വൈകല്യങ്ങൾ കൂടുതൽ കൂടുതൽ ഒളിച്ചുവെക്കുന്നതിലൂടെ കൂടാൻ മാത്രമേ പോകുന്നുള്ളൂ.

ഉത്സവങ്ങളിലും, പെരുന്നാളുകളിലും, വലിയ ജനക്കൂട്ടങ്ങൾക്കിടയിലും മലയാളി പുരുഷൻ അവൻറ്റെ ഞരമ്പ് രോഗം പുറത്തു കാട്ടുന്നു. ആളുകള്‍ ഒരു പരിധിക്കപ്പുറം തടിച്ചു കൂടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ലൈംഗിക ചേഷ്ടകൾ കാണാം. ജനക്കൂട്ടത്തിലുള്ള പുരുഷന്മാരുടെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇത്. പലരും ഇതിനെക്കുറിച്ചൊന്നും തുറന്നു പറയാറില്ല എന്ന് മാത്രം.

മലയാളി പുരുഷന്മാരുടെ ഈ ഞരമ്പു രോഗം മാറേണ്ടിയിരിക്കുന്നു. ഈ ഞരമ്പ് രോഗത്തിന് ജാതിയുമില്ല; മതവുമില്ല. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രമാതീതമായ തിരക്കുണ്ടാവുന്ന ഏരിയകളിലെല്ലാം സ്ത്രീകൾക്കെതിരെ 'ഞെക്കിനോക്കൽ' ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അടിച്ചമർത്തപ്പെട്ട പുരുഷകാമം മുതൽ

പെരുമാറ്റസംസ്ക്കാരത്തിൻറ്റെ അഭാവം വരെ ഈ ലൈംഗിക ബോധത്തിൽ നിഴലിച്ചു കാണാം. യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത വസ്തുതകളാണിത്.

ലൈംഗിക സദാചാരത്തിൻറ്റെ കാര്യത്തിൽ, മൊത്തത്തിൽ കപടതയാണ് ഇവിടെ. ഇന്ത്യക്കാർ പൊതുവേ വളഞ്ഞ രീതിയിലാണ് സ്ത്രീകളെ 'സമീപിക്കുന്നത്'. ആ 'സമീപന രീതിയിൽ' നിന്ന് വ്യത്യസ്തരല്ലാ മലയാളികളും. ഈ വളഞ്ഞ രീതിയിൽ 'കാര്യം നേടാൻ' ശ്രമിക്കുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. ഒരു സ്ത്രീയെ പ്രാപിക്കണം എന്നുണ്ടെങ്കിൽ "ഈ ഡ്രസ്സ് നന്നായി ചേരുന്നു" അതല്ലെങ്കിൽ "ഈ ഡ്രസിൽ സുന്ദരിയാണ്" എന്നൊക്കെ പറഞ്ഞു തുടങ്ങും.

സായിപ്പിന് ഇത്തരം വളഞ്ഞ വഴി അവലംബിക്കേണ്ട കാര്യമില്ല. കാരണം അവിടെ കാര്യങ്ങൾ 'സ്‌ട്രെയിറ്റായി' ആണ് കൂടുതലും നടക്കാറുള്ളത്. സായിപ്പിൻറ്റെ നാട്ടിൽ "ക്യാൻ ഐ ഹാവ് സെക്സ് വിത്ത്‌ യു?" എന്ന് മുഖത്ത് നോക്കി ചോദിച്ചാൽ കുഴപ്പമില്ല.

ആദ്യം കാണുന്ന സ്ത്രീയോട് മാറിടത്തിൽ പിടിച്ചോട്ടെ എന്ന് ചോദിക്കുന്നത് അനഭിലഷണീയമായ ഒരു പ്രവണതയാണെന്നതിൽ തർക്കമൊന്നുമില്ലാ; പക്ഷെ 14-കാരനായ പയ്യൻ നേരെ ചൊവ്വേ ചോദിക്കുക മാത്രമാണു ചെയ്തതെന്നുള്ളതും കൂടി കാണണം. അതിത്ര പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലാ. അപ്പോൾ പിന്നെ എവിടെയാണ് പ്രശ്നം മുഴുവനും? പ്രശ്നം നമ്മുടെ സദാചാര ബോധത്തിലാണ്.

കേരളത്തിൽ കഴിഞ്ഞ പത്തു മുപ്പതു വർഷങ്ങൾക്കുള്ളിൽ കപട സദാചാരം കണ്ടമാനം വളർന്നു. 1980-കളിലും, 90-കളിലും ക്യാബറേ ഡാൻസ് കേരളത്തിലെ പല ഹോട്ടലുകളിലും ഉണ്ടായിരുന്നു; മുംബൈയിലാണെങ്കിൽ ഡാൻസ് ബാറുകൾ നഗര ജീവിതത്തിൻറ്റെ തന്നെ ഭാഗമായിരുന്നു. അന്നൊന്നുമില്ലായിരുന്ന സദാചാര ബോധം ഇന്നെന്തിനാണ്?

തകഴിയുടെ 'കയറിലും', എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥയിലും, കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലിലുമെല്ലാം ഇന്നുള്ളതിനേക്കാൾ കൂടുതൽ 'ലിബറൽ' ആയ സമൂഹത്തെ ആണ് ലൈംഗിക സദാചാരത്തിൻറ്റെ കാര്യത്തിൽ കാണാൻ സാധിക്കുന്നത്. പക്ഷെ കഴിഞ്ഞ പത്തു മുപ്പതു വർഷങ്ങൾക്കുള്ളിൽ പലരും കപട സദാചാരവാദികളായി മാറിക്കഴിഞ്ഞു.

പണ്ട് സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രരായി പുഴകളിലും തോടുകളിലും അമ്പല കുളങ്ങളിലും കുളിച്ചിരുന്നു. അപ്പോൾ സ്ത്രീയുടേയും പുരുഷൻറ്റേയും നഗ്നത എത്രയോ പേർ യാധൃശ്ചികമായി കണ്ടിട്ടുണ്ട്? അന്നത്തെ കേരളത്തിൽ തോട്ടിലും പുഴയിലും കിണറ്റുകരയിലും മറ്റും ഒരു ചെറിയ തോർത്തുടുത്ത് സ്ത്രീകളും പുരുഷന്മാരും കുളിക്കുമായിരുന്നപ്പോൾ എന്ത് സദാചാര വിലക്കായിരുന്നു നിലനിന്നിരുന്നത്? മലയാളികൾ ചിന്തിക്കേണ്ട കാര്യമാണിത്.

ഡൽഹിയിൽ പണ്ട് കലാമണ്ഡലം രാമൻ കുട്ടി ആശാൻറ്റെ കഥകളി 'സ്പിക്ക് മക്കേ' യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചപ്പോൾ കണ്ടിട്ടുണ്ട്. ശ്രീകൃഷ്ണൻ ഗോപസ്ത്രീകളുടെ തുണികൾ മോഷ്ടിക്കുന്നതും, അതിലൊരു ഗോപസ്ത്രീ കൃഷ്ണൻറ്റെ ലീലാവിനോദത്തിൽ ആകൃഷ്ടയായി കൃഷ്ണനെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ആയിരുന്നു അന്ന് ആ കഥകളിയിലെ പ്രമേയം.

സ്ത്രൈണ ഭാവങ്ങൾ; പ്രത്യേകിച്ച് ശൃംഗാരഭാവങ്ങൾ നന്നായി രാമൻ കുട്ടി ആശാൻ അവതരിപ്പിച്ചതുകൊണ്ട് എല്ലാവരും കഥകളി അവസാനിച്ചപ്പോൾ കയ്യടിച്ചു; പ്രകടനം കണ്ട വിദേശികൾ പോലും കഥകളി ആചാര്യനെ മുക്തകണ്ഠം അഭിനന്ദിച്ചു. ഇന്നാണെങ്കിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നുപറഞ്ഞു രാമൻ കുട്ടി ആശാനെ ചിലപ്പോൾ ഓടിച്ചിട്ട് തല്ലിയേനെ; കാരണം അത്രക്കുണ്ട് ഇന്നത്തെ കപട സദാചാര ബോധം.

സത്യത്തിൽ തമാശ ആസ്വദിക്കാൻ പറ്റാത്ത ആളുകൾ പെരുകുന്നതാണ് സംസ്കാരത്തിൻറ്റെ ഏറ്റവും വലിയ ഭീഷണി. സകലയിടത്തും ഇന്ന് വിവരദോഷികൾ കേറിയിറങ്ങി മേയുകയാണ്; മതനിന്ദ കണ്ടെത്തുകയാണ്. അതുകൊണ്ടാണ് പ്രൊഫസർ ടി.ജെ. ജോസഫ് മതനിന്ദ നടത്തിയതെന്ന ആരോപണം തന്നെയുണ്ടായത്.

വയലാർ രാമവർമയുടെ 'സംഭോഗ ശൃംഗാരം' എന്ന ക്യാറ്റഗറിയിൽ വരുന്ന അനേകം ഗാനങ്ങൾ നെഞ്ചേറ്റിയവരാണ് മലയാളികൾ. "വെണ്ണ തോൽക്കുമുടലോടെ ഇളം വെണ്ണിലാവിൻ തളിർ പോലെ" - എന്നാണ് വയലാർ രാമവർമ്മ സുന്ദരിയെ വിശേഷിപ്പിച്ചത്. അവിടൊന്നും കൊണ്ട് പുള്ളി നിർത്തുന്നുമില്ല. "മൂടി വന്ന കുളിരോടെ പന്താടി വന്ന മദമോടെ കാമുകനു മാത്രം നൽകും രോമഹർഷത്തോടെ എൻറ്റെ ദാഹം തീരും വരെ നീ എന്നിൽ വന്നു നിറയൂ നിറയൂ" - എന്ന് പറഞ്ഞാണ് വയലാർ ആ സിനിമാഗാനം അവസാനിപ്പിക്കുന്നത്.

'രതിസുഖസാരമായി' ദേവിയെ വാര്‍ത്ത ദൈവത്തെ കലാകാരനായിട്ടാണ് യൂസഫലി കേച്ചേരി കാണുന്നത്. വയലാറിൻറ്റെ 'ചെമ്പരത്തി'-യിലെ ഗാനരചന നോക്കൂ:

"കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയകാവ്യലോക സഖിയാക്കും...

മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍ ലജ്ജകൊണ്ടു ഞാന്‍ മൂടും....നിന്നേ മൂടും" - ഇതൊക്കെ നഗ്നമായ സംഭോഗ ശൃംഗാരം അല്ലാതെ മറ്റെന്തോന്നാണ്?

"ചാരുലതേ... ചന്ദ്രിക കൈയ്യിൽ

കളഭംനൽകിയ ചൈത്രലതേ...

എന്റെ മുല്ലപ്പന്തലിൽ നീ പടരൂ...

ഇന്നെല്ലാമെല്ലാം എനിക്കു തരൂ..." - എന്ന പാട്ടിലും വരുന്നത് സംഭോഗ ശൃംഗാരം തന്നെ. ആ പാട്ടിൽ "പ്രതിശ്രുതവധുവെ ദൈവങ്ങൾപോലും പ്രാപിച്ചിട്ടില്ലേ" എന്ന ചോദ്യം ഇന്നു കേട്ടാൽ ചിലരുടെ ഒക്കെ വികാരം തിളക്കാൻ സാധ്യതയുണ്ട്.

"പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ...." - എന്നൊക്കെയുള്ള കവിതകളിലാവട്ടെ പച്ചയായ സെക്സുണ്ട്. എന്തായാലും ഇതൊക്കെ എഴുതിയ കവികളും കലാകാരൻമാരും പണ്ടുകാലത്ത് ജീവിച്ചിരുന്നത് അവരുടെ ഭാഗ്യം. കുറഞ്ഞപക്ഷം അന്നൊക്കെ ജീവിച്ചിരുന്നതുകൊണ്ട് ഓടിച്ചിട്ടുള്ള തല്ലിൽ നിന്നെങ്കിലും രക്ഷപെട്ടല്ലോ.

അപ്പോൾ നമ്മുടെ ഇന്നത്തെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരേണ്ടതല്ലേ? ഒരു 'ഗ്ലാസ്നോസ്ത്' അല്ലെങ്കിൽ തുറന്നുപറച്ചിൽ ഇക്കാര്യങ്ങളിലൊക്കെ വരേണ്ടതല്ലേ? ഒരു 14-കാരനെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം; അതല്ലെങ്കിൽ പട്ടാളത്തെ കൊണ്ട് വെടിവെപ്പിക്കണം എന്നൊക്കെ സോഷ്യൽ മീഡിയയിൽ കൂടി ആക്രോശിച്ചാൽ നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം എന്നെങ്കിലും കൈവരുമോ?

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

kazhchapad
Advertisment