രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞ് കേസ്സിന്‍റെ ചുരുളഴിക്കൽ ....., ഒറ്റയടിക്ക് 13 മോഷണ കേസ്സിലെ പ്രതികളെ പിടികൂടൽ.... പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫിന്‍റെ അന്വേഷണ മികവിലേക്ക് നേട്ടത്തിന്‍റെ പൊൻതൂവൽ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്

New Update

കോട്ടയത്ത് ലോഡ്ജിൽ താമസിച്ചിരുന്ന അമ്മ മരിച്ചപ്പോൾ മകൻ മൃതദ്ദേഹം കാറിൽ കൊണ്ട് വന്ന് പാലാ കാർമൽ ജംഗ്ഷനിൽ കലുങ്കിന് സമീപത്തെ കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവമായിരുന്നു ആദ്യത്തേത് . അജ്ഞാത മൃതദ്ദേഹമെന്ന മട്ടിൽ അന്വേഷണം ആരംഭിച്ച പാലാ പോലീസ് ആദ്യ രണ്ടു ദിവസങ്ങളിൽ ഇരുട്ടിൽ തപ്പി. പല തരത്തിൽ അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും കിട്ടാതെ വന്ന പശ്ചാത്തലത്തിൽ പ്രത്യേകമായി ചില പോലീസുകാരെ തിരഞ്ഞെടുത്ത് ഡിവൈ. എസ്. പി. ഷാജിമോൻ ഇവരുടെ യോഗം ഡിവൈ. എസ്. പി. ഓഫീസിനു മുകളിൽ വിളിച്ചു ചേർത്തു.

Advertisment

publive-image

അജ്ഞാത മൃതദ്ദേഹം സംബന്ധിച്ച് വിവരം കൈമാറാൻ ആഗ്രഹിക്കുന്നവർ തന്നെ നേരിട്ട് വിളിച്ച് വിവരം അറിയിക്കാമെന്നും , അവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പിറ്റേന്ന് മാധ്യമങ്ങളിലൂടെ അറിയിച്ച ഡിവൈ. എസ്. പി. ഷാജിമോൻ സ്വന്തം ഫോൺ നമ്പരും ഒപ്പം നൽകി.

ഇത് പ്രയോജനം ചെയ്തു. പത്രങ്ങളിൽ അറിയിപ്പ് പ്രസിദ്ധീകരിച്ച അന്നുച്ചയോടെ ഡിവൈ. എസ്. പി.യ്ക്ക് ലഭിച്ച ഒന്നു രണ്ടു ഫോൺ കോളുകൾ നിർണ്ണായകമായി. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ മരിച്ചത് മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി അമ്മുക്കുട്ടി ബേബിയാണെന്ന് തിരിച്ചറിയുകയും മൃതദ്ദേഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ മകൻ അലക്സ് ബേബിയെ തന്ത്രപൂർവ്വം പോലീസ് കുടുക്കുകയുമുണ്ടായി.

തോടനാൽ, പൂവരണി മേഖലകളിൽ മാസങ്ങൾക്ക് മുമ്പ് തുടർ മോഷണങ്ങൾ നടന്നിരുന്നു. ആദ്യഘട്ടത്തിൽ പോലീസിന് ഒരു തുമ്പും കിട്ടിയില്ല. ഇതോടെ അന്നും ഡിവൈ. എസ്. പി. ഷാജിമോൻ നേരിട്ട് കേസ്സിലിടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ഈരാറ്റുപേട്ട സ്വദേശികളായ പെരുങ്കള്ളന്മാർ പോലീസിന്റെ വലയിലായി. ഒറ്റയടിക്ക് തെളിഞ്ഞത് 13 കേസ്സുകൾ.

ഒടുവിലായി ഞായറാഴ്ച മേലുകാവിൽ മകനെ കൊന്ന കേസ്സിൽ അച്ഛനേയും തന്ത്രപരമായ നീക്കത്തിലൂടെ ഡിവൈ. എസ്. പി.യും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർച്ചയായി രണ്ട് ദിവസവും മേലുകാവിൽ തങ്ങിയാണ് ഷാജിമോൻ ജോസഫ് ഈ കേസ്സും തെളിയിച്ചത്.

ഭരണങ്ങാനം എസ്. ബി. ഐ. ശാഖയിൽ നിന്നും വ്യാജ രേഖകൾ ഉപയോഗിച്ച് കോടികൾ വായ്പയായി തട്ടിയെടുത്ത സംഭവത്തിന്റെ അന്വേഷണമാണിപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. പരാതി കിട്ടിയ ഉടൻ പോലീസ് അന്വേഷണം ആരംഭിച്ചു.നിരവധി പേർ ഈ കേസ്സിൽ ഉൾപ്പെട്ടതായാണ് സൂചന. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് പേരെ ഡിവൈ. എസ്. പി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. മുഴുവൻ പ്രതികളെയും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഷാജിമോനും അന്വേഷണ സംഘവും . കടുത്തുരുത്തിക്കടുത്ത് കല്ലറ സ്വദേശിയാണ് ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ്

shajimoh case investigation
Advertisment