Advertisment

കോവിഡ് നിബന്ധന പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം: സ്‌മോൾ സ്‌കൈൽ ബിൽഡിംഗ്‌ ഓണേർസ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: കേരളത്തിൽ ജി എസ് ടി രജിസ്ട്രേഷനുള്ള 20000ത്തിൽ അധികം ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടാതിരിക്കാൻ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും, ചെറുകിട കെട്ടിട ഉടമകൾ, അവിടെ സ്ഥാപനങ്ങൾ നടത്തുന്നവർ, ജീവനക്കാർ, അവരെ ആശ്രയിച്ചു ജീവിക്കുന്നവർ എന്നിവർക്ക് ഉപജീവനത്തിനും, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും വക കണ്ടെത്തുന്നതിന്ന് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് സ്ഥാപനത്തിന്റെ സ്വഭാവം അനുസരിച്ചു എല്ലാ ദിവസവും കൂടുതൽ സമയം (24x7) പ്രവർത്തിക്കാൻ അധികാരികൾ അനുവദിക്കണമെന്ന് ചെറുകിട കെട്ടിട ഉടമകളുടെയും, സ്ഥാപനം നടത്തുന്നവരുടെയും സംയുക്ത ഓൺലൈൻ യോഗം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും, ബന്ധപ്പെട്ടവരോടും അഭ്യർത്ഥിച്ചു.

ആഴ്ചയിൽ 3 ദിവസം അനുവദിച്ചിട്ടും അഭൂതപൂർവ്വമായ ആൾക്കൂട്ടവും, തിരക്കും, ഗതാഗതക്കുരുക്കുമാണ് തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും, ബാങ്കുകളിലും, ബസുകളിലും, മാർക്കറ്റുകളിലും എല്ലാം അനുഭവപ്പെട്ടത്.

പെരുന്നാളും, ഓണവും ആസന്നമായ സമയത്ത് തുറക്കാനുള്ള അനുമതി വെള്ളിയാഴ്ച മാത്രമായി പരിമിതപ്പെടുത്തുമ്പോൾ കോവിഡ് വ്യാപനം പതിന്മടങ്ങായി വർദ്ധിക്കാൻ ഇടവരും. കടകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പലരും കടകൾ ഒഴിഞ്ഞു പോകുന്നതിൽ ലോണും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത് കെട്ടിടം നിർമ്മിച്ചവരും, വാങ്ങിയവരും, സ്ഥാപനം നടത്തുന്നവരും നികത്താനാവാത്ത ദുരിതങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

ജി എസ് ടി ഉൾപ്പെടെയുള്ള നികുതി പിരിവ് ഊർജിതപ്പെടുത്തണമെന്ന് ബഹു. ധനമന്ത്രി ആവശ്യപ്പെടുമ്പോൾ കടകൾ തുറക്കാത്തത് മൂലം ഉള്ള നികുതിയും ലഭിക്കാത്ത അവസ്ഥയിലാവും. ഈ വസ്തുതകളെല്ലാം പരിഗണിച്ച് ഉചിതമായ അനുകൂല നടപടികൾ ഉടനടി സർക്കാർ സ്വീകരിക്കണമെന്നും, അത്യാവശ്യ ചിലവുകൾക്കും, മറ്റു അടിയന്തര ആവശ്യങ്ങൾക്കും സർക്കാർ ആനുകൂല്യം ലഭിക്കാത്ത തൊഴിൽരഹിതരായ, അർഹർക്ക് തമിഴ്നാട് മാതൃകയിൽ അടിയന്തര സാമ്പത്തിക സഹായം റേഷൻ കടകൾ വഴിയോ, ബാങ്ക് വഴിയോ വിതരണം നടത്തണമെന്നും, രണ്ടുവർഷത്തെ കെട്ടിടനികുതിയും, വൈദ്യുതി ഫിക്സഡ് ചാർജും, മറ്റു ലൈസൻസ് ഫീസുകളും ഒഴിവാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

തുടർച്ചയായി അടച്ചിടുന്നത് മൂലം ഈ മഴ കാലത്ത് സാധനങ്ങൾ കേടുവരാൻ സാധ്യത ഏറെയാണ്. അസോസിയേഷൻ പ്രസിഡണ്ട് പി. ഹാഷിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവലിയർ. സി.ഇ. ചാക്കുണ്ണി ആമുഖ പ്രഭാഷണം നടത്തി.

കോവിഡ് മഹാമാരി മുക്തി പ്രവചനാതീതം ആണെന്നും അതിനോട് പൊരുത്തപ്പെട്ടു ജീവിക്കാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലെല്ലാം ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് അർഹരായവർക്ക് മുൻകൂറായി സാമ്പത്തിക സഹായം നൽകുന്നുണ്ട്. അതേ മാതൃക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവിടെയും ആവിഷ്കരിക്കണമെന്ന് കെട്ടിട ഉടമയും, പ്രമുഖ വ്യാപാരിയും കൂടിയായ കെ.സി. മാത്യു മൂലപ്പാട്ട് യോഗത്തിൽ ചൂണ്ടിക്കാട്ടി

കെട്ടിട ഉടമകളെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് എം.എ. ജോളി, സെക്രട്ടറിമാരായ കെ. സലീം, കെ. ഹമീദ്, ഖജാൻജി എം.വി. മാധവൻ, ടി.വി. അക്ബർ, അബ്ദുൽ റസാക്ക്, പി. ഹമീദ്, ശ്രീമതി എം. ജുമൈദ, ശ്രീമതി ടി.വി. നജ്മ, സ്ഥാപന നടത്തിപ്പുകാരായ കട ഉടമകളെ പ്രതിനിധീകരിച്ച് എം.സി. ജോൺസൻ, പി.കെ. കുഞ്ഞൻ, എം.കെ. ബിജു, മംഗൽ സിംഗ് പുരോഹിത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി. സി. മനോജ് സ്വാഗതവും, സി.വി. ജോസി നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment