ഗാന രചയിതാവും കവിയുമായ അച്ഛനെഴുതിയ അമ്പതോളം ഗാനങ്ങൾ മകൾ പാടി സി.ഡി.യാക്കുന്നു.സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടേയില്ലാത്ത അച്ഛനും മകളും ചേർന്നാണീ ഗാനോപഹാരം കൈരളിയ്ക്കു സമർപ്പിക്കുന്നത് എന്നതാണ് ഏറെ അതിശയകരം!

New Update

കടനാട് വിജയകുമാർ എന്നറിയപ്പെടുന്ന കവി, കടനാട് വല്യാത്ത് പാലക്കുഴ വിജയകുമാർ പലപ്പോഴായി എഴുതിയ ഗാനങ്ങളാണ് മകൾ അഥീനാ വിജയകുമാർ പാടി സി.ഡി.യാക്കാനൊരുങ്ങുന്നത്.

Advertisment

publive-image

രാമപുരം മാർ ആഗസ്തീനോസ് കോളജിലെ മലയാളം അദ്ധ്യാപകൻ കൂടിയായ കടനാട് വിജയകുമാർ കഴിഞ്ഞ 3 പതിറ്റാണ്ടായി കവിതാ- ഗാന - നാടക രചനകളിൽ സജീവമാണ്. നിരവധി ക്ഷേത്രങ്ങൾക്കു വേണ്ടി ഭക്തിഗാനങ്ങളുമെഴുതിയിട്ടുണ്ട്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും എഴുതിയ ഭൂരിഭാഗം പാട്ടുകൾക്കും സംഗീതമൊരുക്കിയിട്ടുള്ളതും വിജയകുമാർ തന്നെ.

രണ്ടു വർഷം മുമ്പ് "നക്ഷത്രങ്ങൾ " എന്ന സിനിമയിലൂടെ ചലച്ചിത്ര ഗാനരചനയിലേക്കും ഇദ്ദേഹം കടന്നു. "പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണ് മഞ്ഞക്കണിക്കൊന്ന " എന്നു തുടങ്ങുന്ന ഈ ഗാനം സംഗീത സംവിധാനമൊരുക്കി സിനിമയിൽ പാടിയത് എം.ജി. ശ്രീകുമാറാണ്. ഇരുപതോളം നാടകങ്ങൾ എഴുതിയിട്ടുള്ള വിജയകുമാർ 12 നാടകങ്ങൾ സംവിധാനവും ചെയ്തു.

publive-image

ഇപ്പോൾ പാലാ സെൻ്റ് തോമസ് കോളജിൽ ഗണിത ശാസ്ത്രം പി.ജി. വിദ്യാർത്ഥിനിയായ മകൾ അഥീന, വർഷങ്ങളോളം സ്കൂൾ കലോത്സവങ്ങളിൽ അച്ഛനെഴുതി ട്വൂണിട്ട ലളിതഗാനങ്ങൾ പാടി പുരസ്ക്കാരം നേടിയിട്ടുണ്ട്. സ്കൂൾ കലോത്സവ ലളിത ഗാന മത്സരങ്ങളിലെ പാട്ടിൻ്റെ ആവർത്തന വിരസത ഒഴിവാക്കാനായി വിജയകുമാർ ഓരോ വർഷവും പുതിയ പാട്ടുകളെഴുതി മകളെ പഠിപ്പിക്കുകയായിരുന്നു.

publive-image

കവിതാപാരായണത്തിലും കവിത എഴുത്തിലും എം.ജി. യൂണിവേഴ്സിറ്റി തല മത്സരങ്ങളിലും അഥീന വിജയിയായിട്ടുണ്ട്. 2018-ൽ ഗണിത ശാസ്ത്രം ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയുമായിരുന്നു ഈ പാട്ടുകാരി.

വിദേശ മലയാളി കൂട്ടായ്മയിലുള്ള ഒരു കലാസംഘമാണ് അച്ഛൻ്റെയും മകളുടെയും പാട്ടുകൾ സി.ഡി.യിലാക്കാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. കൊവിഡ് കാലം കഴിഞ്ഞാലുടൻ റിക്കാർഡിംഗ് നടക്കും.

ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലേക്കായി ഏതാനും ഭക്തി ഗാനങ്ങൾ എഴുതി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ വിജയകുമാർ. ഭാര്യ മായയും, ഇളയ മകൻ രാമുവും ഈ അച്ഛൻ്റെയും മകളുടെയും സംഗീത വഴികളിൽ കൂട്ടായുണ്ട്.

song father and daughter
Advertisment