കെഴുവംകുളം ചെറുവള്ളിക്കാവിലെ ഉച്ചപ്പൂജ കഴിഞ്ഞ് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മണിയടിച്ച് നടയടക്കുമ്പോൾ ഒരു വിളിപ്പാടകലെ നിന്ന് ഒരു ചിന്നം വിളി ഉയരും; "ഞാനിവിടെ നിൽപ്പുണ്ടേ, എനിക്കുള്ളതു കൊണ്ടു വരണേ" എന്ന വിളി !

author-image
സുനില്‍ പാലാ
Updated On
New Update

കെഴുവംകുളം : ചെറുവള്ളിക്കാവിലെ ഉച്ചപ്പൂജ കഴിഞ്ഞ് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മണിയടിച്ച് നടയടക്കുമ്പോൾ ഒരു വിളിപ്പാടകലെ നിന്ന് ഒരു ചിന്നം വിളി ഉയരും; "ഞാനിവിടെ നിൽപ്പുണ്ടേ, എനിക്കുള്ളതു കൊണ്ടു വരണേ" എന്ന വിളി.

Advertisment

publive-image

കുമാരനെല്ലൂർ പുഷ്പ എന്ന പിടിയാനയുടെ വിളിയാണിത്. ഇതു കേൾക്കുമ്പോഴേ ജയകൃഷ്ണൻ നമ്പൂതിരി ഒരു പൊതി പടച്ചോറും പായസവും കയ്യിലെടുക്കും. ഇല്ലത്തേക്ക് പോകും വഴി പുഷ്പയുടെ അടുത്തെത്തി ചോറും പായസവും കൂട്ടിയുരുട്ടി പുഷ്പയുടെ വായിൽ വെച്ചു കൊടുക്കും. കഴിഞ്ഞ അഞ്ചു വർഷമായി കെഴുവംകുളത്തുകാരുടെ പതിവുകാഴ്ചയാണിത്; നാടിന്റെ "ചങ്ക് " ആയ പുഷ്പയും ജയകൃഷ്ണൻ നമ്പൂതിരിയും തമ്മിലുള്ള സ്നേഹക്കാഴ്ച.

കുമാരനെല്ലൂർ സ്വദേശിനി പാറുക്കുട്ടിയമ്മയുടെ ആനയാണ് പുഷ്പ. പാപ്പാൻ കുഴിത്തൊട്ടിയിൽ ബാബുവിന്റെ കൂടെക്കൂടി ഇവളിപ്പോൾ പ്രസിദ്ധമായ കെഴുവംകുളം ചെറുവള്ളിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പുരയിടത്തിലാണ് താമസം. വന്ന അന്നു മുതൽ ഉത്സവത്തിന് തിടമ്പേറ്റുന്നതും ഇവൾത്തന്നെ.

പതിവായി ആനപ്പുറത്ത് തിടമ്പുമായി കയറാറുണ്ടെങ്കിലും ജയകൃഷ്ണൻ നമ്പൂതിരിയും പുഷ്പയും തമ്മിൽ അടുത്ത സ്നേഹം തുടങ്ങിയത് അഞ്ചു വർഷം മുമ്പാണ്. ആ കഥ ജയകൃഷ്ണൻ തന്നെ പറയട്ടെ; "അഞ്ചു വർഷം മുമ്പത്തെ തിരുവോണത്തലേന്ന് രണ്ടാം പാപ്പാനാണ് പുഷ്പയെ തറിയിൽ നിന്നഴിച്ചത്. ഒന്നാം പാപ്പാൻ ബാബു സ്ഥലത്തുണ്ടായിരുന്നില്ല.

പെട്ടെന്ന് ഇടഞ്ഞ അവൾ ഒറ്റയോട്ടമായിരുന്നു. ഓടി വന്നു നിന്നത് എന്റെ വീടിനു മുന്നിൽ. ആദ്യം പേടിച്ച് പോയെങ്കിലും ഉടൻ വീട്ടിലുണ്ടായിരുന്ന ഒരുകുല പഴവും കുറച്ചു ശർക്കരയും കൊടുത്തതോടെ അവൾ ശാന്തയായി.രണ്ടാം പാപ്പാനൊപ്പം അനുസരണയോടെ പോവുകയും ചെയ്തു.

പിറ്റേന്ന് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞിറങ്ങിയപ്പോൾ പടച്ചോറും പായസവും കരുതി. നേരിട്ട് വായിൽ വെച്ച് കൊടുത്തോളാൻ പാപ്പാൻ ബാബുവേട്ടൻ പറഞ്ഞു. ഞാൻ കൊടുത്തു. ഇത് പിന്നീട് പതിവായി. മിച്ചമുള്ള ഒരു വറ്റു പോലും കളയാതെ നാക്കിലേക്ക് തേച്ചു കൊടുക്കും വരെ അവൾ വാ പൊളിച്ചു നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെ." ജയകൃഷ്ണനും അത്ഭുതമാണീ സ്നേഹക്കൂട്ട് .

അന്നു മുതൽ ഇന്നോളം ഈ തീറ്റ കൊടുക്കലിന് മാറ്റമുണ്ടായിട്ടില്ല. പുഷ്പയോ ജയകൃഷ്ണനോ സ്ഥലത്തില്ലെങ്കിൽ മാത്രം തെറ്റുന്ന ദിനചര്യ. ഉച്ചപൂജ കഴിഞ്ഞ് നടയടക്കാൻ മണിയടിക്കുന്നതിന് പുഷ്പ ചെവി വട്ടം പിടിക്കും. ജയകൃഷ്ണൻ ഇറങ്ങച്ചെല്ലുന്നതു കാണുന്നതേ തുമ്പിക്കൈ ഉയർത്തി സലാം കൊടുക്കും.

കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കെഴുവംകുളംകാർ പുഷ്പയ്ക്കും ചങ്കാണ്. പക്ഷേ അടുത്തടിപ്പിക്കുന്നത് പാപ്പാൻമാർക്കു പുറമെ ജയകൃഷ്ണൻ നമ്പൂതിരിയെ മാത്രം; അത് പിന്നെ അന്നം തരുന്ന കൈയ്യല്ലേ, ഒഴിവാക്കാനാവില്ലല്ലോ എന്ന മട്ട്.

Advertisment