Advertisment

വിവരാവകാശ നിയമത്തിന്റെ ചിറകരിഞ്ഞു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

2005 ൽ അന്നത്തെ യു.പി.എ സർക്കാർ കൊണ്ടുവന്ന വിവരാവകാശനിയമം സ്വാതാന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും സുപ്രധാന കാൽവെയ്പ്പായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് ഭരണസിരാകേന്ദ്രങ്ങ ളിൽ നടക്കുന്നതെല്ലാം അറിയാനുള്ള അവകാശം വർഷങ്ങാളായുള്ള പോരാട്ടങ്ങളുടെയും നിയമയുദ്ധങ്ങ ളുടെയും ഫലമായാണ് അനുവദിച്ചു കിട്ടിയത്.

Advertisment

publive-image

2 G സ്പെക്ട്രം ഉൾപ്പെടെയുള്ള കുംഭകോണങ്ങളുടെ കുംഭമേളതന്നെ വെളിവായത് RTI ആക്ടിലൂടെയാണ്. അന്നുമുതൽ സർക്കാരും ബ്യുറോക്രസിയും ഇതിനെ ഭയക്കാനും ഈ നിയമം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ അതിരഹസ്യമായി നടത്തിവന്നു. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഇന്ന് ഈ നിയമത്തിനെതിരാണ്. കാരണം അവരുടെ ഫണ്ടുകളുടെ അജ്ഞാത സ്രോതസ്സുകൾ വെളിവാക്കപ്പെടുമോ എന്നതുതന്നെ. യാഥാർത്ഥത്തിൽ അതാണ് അഴിമതിയുടെ പ്രധാന ഉറവിടമെന്നുതന്നെ പറയാം.

2005 ൽ നിലവിൽവന്ന വിവരാവകാശനിയമത്തിൽ പഴുതുകൾ ഏറെയുണ്ട്. നീണ്ട 14 വർഷം കഴിഞ്ഞപ്പോൾ അതൊക്കെ പരിഹരിക്കുകയും നിയമം കൂടുതൽ സുദൃഢമാക്കുകയും ചെയ്യുമെന്നാണ് ജനം കരുതിയതും ആഗ്രഹിച്ചതും. എന്നാൽ രാജ്യസഭയിൽ 117/75 ഭൂരിപക്ഷത്തിൽ RTI നിയമത്തിലെ സെക്ഷൻ 13,16,27 വകുപ്പുകളിൽ ഭേദഗതി പാസ്സായതോടെ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം എന്ന ഔപചാരിക തമാത്രമാണ് ഇനി ബാക്കിയുള്ളത്..

ഈ ഭേദഗതിയനുസരിച് കേന്ദ്ര - സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന ,വേതന വ്യവസ്ഥകൾ കേന്ദ്രസർക്കാരാകും നിശ്ചയിക്കുക എന്നതും ഇവർക്ക് സുപ്രീം കോടതി ജഡ്‌ജിക്കും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും തുല്യമായുണ്ടായിരുന്ന പദവിയും ഇല്ലാതാകും എന്നതുമാണ് പ്രധാനമായുമുള്ളത്.

publive-image

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ഇപ്പോൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ നിയമഭേദഗതി ആരും ഇന്നുവരെ ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ്. അപ്പോൾപ്പിന്നെ ആർക്കുവേണ്ടിയാണ് ഇത്ര തിരക്കുപിടിച്ചിതു കൊണ്ടുവന്നത് ?

സ്വാതന്ത്ര്യത്തിനുശേഷം ജനങ്ങൾക്ക്‌ ലഭിച്ച ഏറ്റവും പ്രാധാനപ്പെട്ട ഒരായുധമാണ് RTI Act 2005. കേന്ദ്ര സംസ്ഥാ ന സർക്കാരുകളെയും മറ്റു ഭരണയന്ത്രങ്ങളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജനങ്ങൾക്ക് ഈ നിയമം വഴിനേരിട്ടുകഴിയുമായിരുന്നു. രാജ്യത്തെ ജനാധിപത്യമൂല്യങ്ങൾ ഉയർത്തുവാൻ ഈ നിയമം മൂലം കഴിഞ്ഞിരുന്നു എന്നതും യാഥാർഥ്യമാണ്.

രാജ്യത്ത് 60 മുതൽ 80 ലക്ഷം വരേയാളുകൾ വിവിധ ആവശ്യങ്ങൾക്കായി ഇപ്പോൾ ഈ നിയമം ഉപയോഗി ക്കുന്നുണ്ട്. RTI നിയമം മൂലം അഴിമതികൾ പുറത്തുകൊണ്ടുവന്ന 80 വിവരാവകാശ പ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. അഴിമതിക്കാരായ നേതാക്കളും ബ്യുറോക്രാറ്റുകളും ഈ നിയമത്തേ വല്ലാതെ ഭയക്കുന്നുമുണ്ട്.

.റേഷൻ കടകൾ മുതൽ പ്രധാനമന്ത്രിയുടെ ഓഫിസ് വരെയുള്ള വിവരങ്ങൾ സാധാരണക്കാരായ ആളുകൾ ഈ നിയമം വഴി അന്വേഷിക്കാൻ തുടങ്ങി.നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതെ പലപ്പോഴും സർക്കാർ ഒഴിഞ്ഞുമാറിയപ്പോൾ വിവരാവകാശനിയമം മൂലമാണ് അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലോകമറിയുന്നത്.രാജസ്ഥാനിൽ 10 ലക്ഷം ആളുകൾക്ക് പെൻഷൻ നിഷേധിച്ചത് അവർ മരിച്ചുപോയി എന്ന് പറഞ്ഞായിരുന്നു. വിവരാവകാശനിയമം മൂലമാണ് അത് വ്യാജമാണെന്നും അവരെല്ലാം ജീവിച്ചിരിക്കുന്നുവെന്നുമുള്ള വിവരം പുറത്തായത്.

വിവരാവകാശനിയമപ്രകാരം സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ 90% വും സർക്കാർ സർവീസുമായി ബന്ധപ്പെട്ടുള്ളവയാണ്. സർക്കാരിനോട് ആജ്ഞാപിക്കാനും ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും കമ്മീഷണർമാർക്ക് പൂർണ്ണമായ അധികാരമുണ്ടായിരുന്നു.ഇനി അത് സാദ്ധ്യവുമാകുമോ എന്നാണറിയേണ്ടത്. വിവരാവകാശ കമ്മീഷണർമാർക്ക് സ്വതന്ത്രമായി വിധി പ്രസ്താവിക്കാനുള്ള അധികാരം ഇല്ലാതായിരിക്കുന്നു എന്നുതന്നെ പറയാം.

വിവരാവകാശ നിയമത്തിൽ അന്നത്തെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം വളരെ സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്, വിവരാവകാശ കമ്മീഷണർമാർക്ക് പൂർണ്ണസ്വാതന്ത്ര്യവും അധികാരവും നൽകണമെന്നാണ്.

കമ്മീഷണർമാരുടെ സേവന വേതന വ്യവസ്ഥകൾ പൂർണ്ണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാകുകയും അവരുടെ സ്വതന്ത്ര പദവിയിൽ മാറ്റം വരുത്തുകയും ചെയ്തതോടെ സർക്കാരിനോട് ആജ്ഞാപിക്കാൻ അവർക്കാകുമോ എന്നതാണ് ചോദ്യം. കാരണം ഏതു നിമിഷവും വിവരാവകാശ കമ്മീഷണറെ മാറ്റാനും മറ്റൊരാളെ ആ പദവിയിൽ നിയമിക്കാനും ഉള്ള അധികാരം സർക്കാർ കയ്യാളിയിരിക്കുന്നു എന്നതുതന്നെ.

വിവരാവകാശ നിയമത്തിനു കൂടുതൽ കരുത്തേകേണ്ടതുണ്ട്. മറുപടി ലഭിക്കാനുള്ള കാലതാമസം കുറയ്ക്കുകയും, രേഖകൾക്കുള്ള ഫീസ് സംബന്ധമായ അറിയിപ്പുകൾ ഫോൺ വഴിയാക്കുകയും,മറുപടി നൽകാൻ വിസമ്മതിക്കുകയും കാലതാമസം വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും ,ഒന്നാം ,രണ്ടാം അപ്പീലുകൾ വേഗത്തിൽത്തീർക്കാനുമുള്ള നിയമനിർമ്മാണമാണ് ഉണ്ടാക്കേണ്ടിയിരുന്നത്.

വിവരാവകാശനിയമം കൂടുതൽ സശക്തമാകുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, നിയമം കൂടുതൽ ദുർബലമാക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇത് ഈ നിയമം തന്നെ മെല്ലെമെല്ലെ ഇല്ലാതാക്കാക്കാനുള്ള ആസൂത്രിത നീക്കമായും കണക്കാക്കാവുന്നതാണ്. കാരണം ഇത്ര ജനപ്രിയമായ ഒരു നിയമം ഒറ്റയടിക്കില്ലാതാക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഭരണകർത്താക്കൾക്ക് നന്നായറിയാം.

NDA സർക്കാർ വൻ ഭൂരിപക്ഷം നേടിയപ്പോൾ പ്രതിപക്ഷം ദുർബലവും ശിഥിലവുമായത് നമ്മുടെ കരുത്തുറ്റ ജനാധിപത്യസംവിധാനത്തിന് ആഘാതം തന്നെയാണ്.

Advertisment