Advertisment

ഭര്‍ത്താവിന്റെ കുഞ്ഞിനെ വേണമെന്ന് ആഗ്രഹം; കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ഭാര്യയുടെ അപേക്ഷ; ഒടുവില്‍ കോടതിയുടെ അനുമതിയോടെ ബീജം ശേഖരിച്ചു; സംഭവം നടന്നത് ഗുജറാത്തില്‍

New Update

publive-image

Advertisment
Image: Gujarat High Court

അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ഭാര്യയുടെ ആവശ്യപ്രകാരം ശേഖരിച്ചു. ഗുജറാത്തിലെ വഡോദരയിലുള്ള ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നേരത്തെ ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കോടതി ചൊവ്വാഴ്ച ആശുപത്രിയോട് ആവശ്യപ്പെട്ടു.

ഐവിഎഫ്/എആര്‍ടി മാര്‍ഗത്തിലൂടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ വേണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. കോടതിയുടെ ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കകം ചൊവ്വാഴ്ച രാത്രിയോടെ ഡോക്ടര്‍മാര്‍ രോഗിയുടെ ബീജം വിജയകരമായി വേര്‍തിരിച്ചെടുത്തതായി ഡോക്ടറായ അനില്‍ നമ്പ്യാര്‍ പറഞ്ഞു.

യുവതിയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രിയാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആശുപത്രിയോട് ആവശ്യപ്പെട്ടത്.

ബീജം ശേഖരിക്കണമെങ്കില്‍ ആ വ്യക്തിയുടെ അനുമതി ആവശ്യമാണെന്നും, എന്നാല്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് രോഗിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് യുവതി കോടതിയുടെ അനുമതി തേടിയത്.

അരമണിക്കൂറിനുള്ളില്‍ ബീജം എടുക്കാന്‍ സാധിച്ചതായും, കോടതി അനുവദിച്ച ശേഷം ഐവിഎഫ് നടപടിക്രമങ്ങള്‍ നടപ്പാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. ഐവിഎഫ്/എആര്‍ടി നടപടിക്രമങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും, ആശുപത്രി ഡയറക്ടറും പ്രതികരണം നാളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisment