സിഎഫ് സി കോര്‍പറേറ്റ് ചലഞ്ച് ഫുട്ബോള്‍ ടൂര്‍ണമന്‍റില്‍ ആസ്റ്റര്‍ മിംസ് ജേതാക്കള്‍

New Update
aster mimsfgbz

കോഴിക്കോട്: കാലിക്കറ്റ് ഫുട്ബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഗവ. സൈബര്‍പാര്‍ക്കില്‍ നടന്ന സിഎഫ് സി കോര്‍പറേറ്റ് ചലഞ്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമന്‍റില്‍ ആസ്റ്റര്‍ മിംസ് ജേതാക്കളായി.

ഗവ. സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ നടന്ന ഫൈനലില്‍ കാഫിറ്റിനെ (കാലിക്കറ്റ് ഫോറം ഫോര്‍ ഐടി) തകര്‍ത്താണ് ആസ്റ്റര്‍ മിംസ് കിരീടമണിഞ്ഞത്.

നിര്‍ദ്ദിഷ്ട സമയത്ത് രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായപ്പോഴാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍ട്ടിയില്‍ 4-2 ന് ആസ്റ്റര്‍മിംസ് വിജയം നേടി.

ലൂസേഴ്സ് ഫൈനല്‍ ഗോള്‍രഹിതമായതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍ട്ടിയില്‍ പീക്കേ സ്റ്റീല്‍ എഫ് സി മലബാര്‍ എഫ് സിയെ 3-1 ന് പരാജയപ്പെടുത്തി. 12 കോര്‍പറേറ്റ് ടീമുകളാണ് ടൂര്‍ണമന്‍റില്‍ പങ്കെടുത്തത്.

അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗവ. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാലിക്കറ്റ് എഫ് സി സിഇഒ കേണല്‍ (റിട്ട) കോരത് മാത്യു, കാലിക്കറ്റ് എഫ് സി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, കെന്‍സ ടിഎംടി, മൈജി, ഹൈലൈറ്റ്, കാഫിറ്റ്, മലബാര്‍ ഗ്രൂപ്പ്, എക്സ്പ്രസോ ഗ്ലോബല്‍, പീക്കെ സ്റ്റീല്‍, സൈലം ലേണിംഗ്, പാരഗണ്‍, ജിടെക് എന്നീ ടീമുകളാണ് കോര്‍പറേറ്റ് ചലഞ്ചില്‍ മാറ്റുരച്ചത്.

മെയ് ഒമ്പതിനാണ് സിഎഫ് സി കോര്‍പറേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ഗവ. സൈബര്‍പാര്‍ക്കില്‍ തുടക്കമായത്.

Advertisment