ഡൽഹി: ഐപിഎൽ സ്റ്റേഡിയങ്ങൾക്കു നേരെയുള്ള ബോംബ് ഭീഷണി വീണ്ടും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിനു നേർക്കാണ് ഭീഷണി. ഇന്നലെ ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിനു നേരെയും വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.
ബുധനാഴ്ച ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ഇ മെയിലിലും ഭീഷണി സന്ദേശമെത്തിയിരുന്നു.
മൂന്നിടത്തും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. സ്റ്റേഡിയങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ ഇ മെയിലിലാണ് ഭീഷണി സന്ദേശം വന്നത്.
അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്തിയില്ലെന്നു ഡിഡിസിഎ സെക്രട്ടറി വ്യക്തമാക്കി.