ഗുമി: ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. മലയാളി താരമടങ്ങിയ വനിതകളുടെ 4-400 റിലേ ടീം സ്വർണം സ്വന്തമാക്കിയപ്പോൾ മറ്റൊരു മലയാളി താരമായ ആൻസി സോജൻ ലോങ് ജംപിൽ വെള്ളി മെഡൽ നേടി.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യരാജി സ്വർണം നിലനിർത്തി. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപിൾ ചെയ്‌സിൽ അവിനാഷ് സാബ്‌ലെ സ്വർണം നേടി. പുരുഷൻമാരുടെ 4-400 മീറ്റർ റിലേയിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേട്ടവമുണ്ട്.
മലയാളി താരം ജിസ്‌ന മാത്യു ഉൾപ്പെട്ട സംഘമാണ് വനിതാ റിലേയിൽ ഇന്ത്യക്കായി സുവർണ നേട്ടം ഓടി പിടിച്ചത്. രുപൽ, രജിത കുഞ്ജ, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം സ്വന്തമാക്കിയത്.
3.34.18 സെക്കൻഡിലാണ് ഇന്ത്യൻ വനിതകൾ ഫിനിഷ് ചെയ്തത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വനിതാ റിലേ ടീമിന്റെ സ്വർണ നേട്ടം.
ഇതേ ഇനത്തിൽ പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യക്ക് വെള്ളി. ജയ് കുമാർ, ധർമവീർ ചൗധരി, മലയാളി താരം മനു ടിഎസ്, വിശാൽ ടികെ എന്നിവരടങ്ങിയ ടീമാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 3.03.67 സെക്കൻഡിലാണ് ടീം ഫിനിഷ് ചെയ്തത്.