കൊച്ചി: ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. അവസാനകളിയിൽ ഒഡിഷ എഫ്‌സിക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ബ്ലസ്റ്റേഴ് ഇറങ്ങുന്നത്.
പോയിന്റ് പട്ടികയിൽ ഒമ്പതാംസ്ഥാനത്ത് നിൽക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമാണ്. നോർത്ത് ഈസ്‌റ്റ് അഞ്ചാമതാണ്. ബ്ലാസ്‌റ്റേഴ്‌സിന് 20ഉം നോർത്ത് ഈസ്‌റ്റിന് 24ഉം പോയിന്റാണ്.
ഇന്നു രാത്രി 7.30 നു കലൂർ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടം ത്രസിപ്പിക്കുന്ന കാഴ്ചയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയശേഷം നാലു കളിയിൽ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നെണ്ണത്തിലും ജയം നേടിയിരുന്നു.
ഇടക്കാല പരിശീലകരായ ടി ജി പുരുഷോത്തമനും തോമസ് ഷോർസും ചേർന്ന് ടീമിനെ നല്ല രീതിയിൽ മുന്നോട്ടുനയിക്കുന്നു.
മുന്നേറ്റത്തിൽ ഹെസ്യൂസ് ഹിമിനെസ് തിരിച്ചെത്തിയത് ബ്ലസ്റ്റേഴ്സിനു പ്രതീക്ഷ നൽകുന്നുണ്ട്. അഡ്രിയാൻ ലൂണ, നോഹ സദൂയ് എന്നിവരും മികച്ച കളിയാണ് പുറത്തെടുക്കുന്നത്.
പുതുതായി ടീമിലെത്തിയ മൊണ്ടിനെഗ്രോ താരം ദുസാൻ ലഗാറ്റോർ കഴിഞ്ഞദിവസം പരിശീലനം നടത്തിയിരുന്നു. ഇന്ന് കളിക്കാൻ സാധ്യതയില്ല.
സീസണിൽ 15 ഗോളടിച്ച മുന്നേറ്റക്കാരൻ അലാദീൻ അജാരിയാണ് നോർത്ത് ഈസ്‌റ്റിന്റെ വജ്രായുധം. മലയാളിതാരം എം എസ് ജിതിനും സീസണിൽ തകർപ്പൻ കളിയാണ് പുറത്തെടുത്തത്.