വേഗതയും കരുത്തും മുതൽക്കൂട്ടാവും; ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, പ്രതീക്ഷയിൽ ആരാധകർ

New Update
kevin yok

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന പോരാട്ടങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുതിയ വിദേശ താരത്തെ ടീമിലെത്തിച്ചു. ഫ്രഞ്ച് വിങ്ങറായ കെവിൻ യോക്കിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 

Advertisment

29-കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൈതാനത്തിന്റെ ഇരു വിങ്ങുകളിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള യോക്ക്, തന്റെ അസാമാന്യ വേഗതയും പന്തുമായുള്ള കൃത്യതയാർന്ന മുന്നേറ്റങ്ങളും കൊണ്ട് ശ്രദ്ധേയനാണ്.

1.82 മീറ്റർ ഉയരമുള്ള ഈ ഫ്രഞ്ച് താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ് എന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. 

ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുടെ (PSG) യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന കെവിൻ യോക്ക്, ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള വലിയ അനുഭവസമ്പത്തുമായാണ് കൊച്ചിയിലെത്തുന്നത്. 

2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്‌സിക്കായും പിന്നീട് പിഎഇ ചാനിയക്കായും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. കരിയറിൽ ഇതുവരെ 84 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 

പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ നിന്ന് ഗോളുകളിലേക്ക് വഴിതുറക്കാൻ യോക്കിന്റെ സാന്നിധ്യം വലിയ ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisment