Advertisment

തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് നിലനിൽക്കുന്ന നൂറ്റാണ്ട് പിന്നിട്ട ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയെ ഫ്ലാറ്റാക്കാൻ ആർക്കാണ് തിടുക്കം - ഐക്യമലയാള പ്രസ്ഥാനം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

1914 ൽ 'വായനശാല കേശവപ്പിള്ള' സ്ഥാപിച്ചതാണ് തിരുവനന്തപുരം - വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല. 1972 ൽ അദ്ദേഹം അന്തരിച്ചു. താളിയോലകൾ, ആദ്യകാല പത്രങ്ങൾ, മാസികകൾ, വിദേശ മാസികകൾ തുടങ്ങി ഒന്നര ലക്ഷത്തിലധികം രേഖകളും പുസ്തകങ്ങളും സൂക്ഷിക്കുന്ന ഒരു മഹത്തായ ഗ്രന്ഥാലയം. തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് നിലനിൽക്കുന്ന അതിനെ ഇടിച്ചു നിരത്തി ഫ്ലാറ്റുകളാക്കാം. ശതകോടികൾക്ക് വിൽക്കാം. എന്താല്ലേ കഥ…

ഗ്രന്ഥശാലയിൽ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പുരാരേഖകളുടെ സഹസ്രകോടികളുടെ മൂല്യം ആർക്ക് വേണം എന്നാണ് ഉദാരവത്കൃത കച്ചവട മനസ് നമ്മെനോക്കി കൊഞ്ഞനം കുത്തുന്നത്.

കേശവപ്പിള്ള എന്ന ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആ വലിയ മനുഷ്യൻ രാജാവിൻ്റെ കാലു പിടിച്ചും, പിരിവെടുത്തും വാങ്ങിയ 50 സെൻ്റ് കണ്ണായ സ്ഥലം. പൗരപ്രമുഖരുടെയും പൊതുജനങ്ങളുടെയും വിയർപ്പു കൊണ്ടടുക്കിയ പുസ്തകങ്ങളും പുരാരേഖകളും.

ഒരു ജനതയുടെ വികസനം എന്നാൽ അവരുടെ സാംസ്കാരിക ഈടുവെപ്പുകൾ, വൈജ്ഞാനിക ശേഖരങ്ങൾ എന്നിവയെല്ലാം ചേർന്നതാണെന്ന് നമുക്കറിയാം. ഒരു പുതിയ സർവകലാശാലയ്ക്കുവേണ്ടി പണം മുടക്കുന്നതിനേക്കാൾ പ്രധാനമാണ് എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് ആശ്രയമായ ഇത്തരമൊരു സ്ഥാപനം നിലനിർത്തൽ. അറിവുല്പാദന കേന്ദ്രങ്ങളോട് മുഖം തിരിക്കുന്ന ഒരു സമൂഹം, അതിനെ വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുക്കുന്ന സമൂഹം ആധുനികമോ പരിഷ്കൃതമോ അല്ല. ഇവയെല്ലാം ഫ്ലാറ്റാക്കി എന്തുതരം നവകേരളമാണ് നാം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ?

നൂറ്റിയാറ് വർഷം മുമ്പ് കേശവപ്പിള്ളയെന്ന മനുഷ്യൻ ആ വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുമ്പോൾ അത് അദ്ദേഹത്തിൻ്റെ മാത്രം സ്വപ്നമായിരുന്നില്ല. ഒരു കാലഘട്ടത്തിൻ്റെയും സമൂഹത്തിൻ്റെയും സ്വപ്നം കൂടിയായിരുന്നു. അതിന് അവർ ഒട്ടേറെ കഷ്ടതകൾ സഹിച്ചിരിക്കും. അതിൻ്റെ പേരിൽ കേശവപ്പിള്ളയ്ക്ക് ഒരു ജനത നൽകിയ സ്നേഹവും ആദരവുമാണ് 'വായനശാല കേശവപ്പിള്ള' എന്ന വിശേഷണം.

അദ്ദേഹത്തിൻ്റെയും സുഹൃത്തുക്കളുടെയും സഹനങ്ങളെ, ചരിത്രത്തിൽ അതുണ്ടാക്കിയതും ഇനി ഉണ്ടാക്കാനിരിക്കുന്നതുമായ നേട്ടങ്ങളെ, ചരിത്രത്തിൻ്റെ അടയാളങ്ങളെ, സംസ്കാരത്തിൻ്റെ സ്മാരകങ്ങളെ പണത്തിനു വേണ്ടി വിൽക്കാൻ ആർക്കാണവകാശം…?

അതിനെ കൂടുതൽ മികച്ചതാക്കി വരും തലമുറയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. അതിനു സർക്കാറും ഗ്രന്ഥശാലാ സംഘവും അടിയന്തരമായി ഇടപെടുകയാണ് വേണ്ടത്.

കേരള ചരിത്രവും സാഹിത്യവും അന്വേഷിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പത്രപ്രവർത്തകർക്കും അക്ഷയഖനിയായ ഈ സ്ഥാപനത്തെ നിലംപരിശാക്കാൻ ശ്രമിക്കുകയാണ് പണപ്പനി ബാധിച്ച ഒരു കൂട്ടം മനുഷ്യർ.

കുടുംബത്തിന് അധീശത്തമുണ്ടാക്കിയെടുത്ത് ഒരു പബ്ലിക് ട്രസ്റ്റിൽ എന്തും കാട്ടിക്കൂട്ടുന്നത് കണ്ടു നിൽക്കാൻ സാംസ്കാരിക കേരളത്തിനാവില്ല. ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയെ അന്തസോടെ നിലനിർത്തുന്നതിനായി കേരളത്തിലെ സാംസ്കാരിക സമൂഹം രംഗത്തിറങ്ങണം. ഗ്രന്ഥശാലയെ സംരക്ഷിക്കാൻ ജീവനക്കാർ ആരംഭിച്ച സമരത്തോടൊപ്പം നമ്മളേവരും അണിനിരക്കണം. വ്യാപാര ബുദ്ധികളിൽ നിന്ന് നമ്മുടെ ഈ മഹത്തായ ഈടുവെപ്പിനെ സംരക്ഷിക്കണം. ആ സ്ഥാപനത്തിലെ ഏതാനും ജീവനക്കാർ മാത്രമല്ല, കേരളമൊന്നാകെ ഏറ്റെടുക്കേണ്ട, ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട സമരമാണിത്. അണിചേരുക…

ഐക്യമലയാള പ്രസ്ഥാനം

voices
Advertisment