ക്രിക്കറ്റില്‍ നിന്നു വിലക്കിയ കാലത്ത് സിനിമയില്‍ അഭിനയിച്ചത് ജീവിക്കാന്‍ വേണ്ടി; പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരന്‍ വീട്ടിലെ കറന്റ് ബില്ലടക്കാന്‍ വരെ കഷ്ടപ്പെട്ട അവസ്ഥയുണ്ടായി; മൂന്നു നാലു തവണ ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശ്രീശാന്ത്‌

സ്പോര്‍ട്സ് ഡസ്ക്
Friday, June 26, 2020

കോട്ടയം:  ശ്രീശാന്തിനു മുന്നിൽ വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചെത്താനുള്ള വാതിൽ തുറന്നിരിക്കുകയാണു കേരള ക്രിക്കറ്റ് അസോസിയേഷൻ. രഞ്ജി ടീമിൽ അവസരം ലഭിക്കാൻ ഫിറ്റ്നസ് തെളിയിക്കാനുള്ള കഠിനാധ്വാനത്തിലാണിപ്പോൾ താരം.

ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ട സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പലവട്ടം ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടിലെ കറന്റ് ബില്ലടക്കാന്‍ പോലും കഷ്ടപ്പെട്ടിരുന്നുവെന്നും ശ്രീ പറയുന്നു.

ക്രിക്കറ്റിൽനിന്നു വിലക്കിയ കാലത്തു ജീവിക്കാൻ വേണ്ടിയാണു സിനിമയിൽ അഭിനയിക്കുകയും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും ചെയ്തത്.‘പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരൻ വീട്ടിലെ കറന്റ് ബില്ലടയ്ക്കാൻവരെ കഷ്ടപ്പെട്ട അവസ്ഥയുണ്ടായി. അത്തരം പ്രതിസന്ധികളോടു പടവെട്ടിയ കാലത്തു സംഭവിച്ചതാണെല്ലാം-ശ്രീ പറയുന്നു.

സുശാന്ത് സിങ് ര‍ാജ്പുത് അടുത്ത സുഹൃത്തായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. ‘ഫെബ്രുവരിയിൽ മുംബൈയിലാണു ഞങ്ങൾ അവസാനമായി കണ്ടത്. ശ്രീശാന്ത് എന്ന പേരിനൊപ്പമുള്ള ശാന്തത എനിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അതേസമയം, സുശാന്തിലെ ശാന്തത അദ്ദേഹത്തിനുണ്ടെന്നും.

വിഷാദരോഗത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമുള്ള വാർത്തകൾ വരുമ്പോൾ ഞാൻ കടന്നു പോയ അത്തരം അവസ്ഥകളെക്കുറിച്ച് ഇപ്പോൾ പേടിയോടെ ഓർക്കുന്നു. മൂന്നുനാലു തവണ ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാഗ്യത്തിന്, കുടുംബവും സുഹൃത്തുക്കളും നൽകിയ ആത്മവിശ്വാസം എന്നെ തുണച്ചു’ – ശ്രീശാന്ത് പറഞ്ഞു.

×