‘നിന്റെ അമ്മ മരിക്കുന്നെങ്കിൽ മരിക്കട്ടെ’; രോഗിയായ അമ്മയെ കാണാൻ ചെന്ന മുൻ ദേശീയ ഫുട്‍ബോൾ താരത്തെ തടഞ്ഞു ശ്രീനഗർ പൊലീസ്

സ്പോര്‍ട്സ് ഡസ്ക്
Monday, May 25, 2020

ഡല്‍ഹി: രോഗിയായ അമ്മയെ സന്ദർശിക്കാൻ ചെന്ന മുൻ ദേശീയ ഫുട്‍ബോൾ താരത്തിന് പൊലീസ് മർദ്ദനവും അറസ്റ്റും. ജമ്മു കശ്മീർ സ്വദേശിയായ മെഹ്‌റാജ്ഡ്ദ്ദീൻ വാദുവിന് നേരെയാണ് ശ്രീനഗർ പൊലീസിന്റെ അതിക്രമം നടന്നത്. ശനിയാഴ്ചയാണ് സംഭവം. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്‌സിയുടെ സഹ പരിശീലകനാണ് വാദൂ.

രാവിലെയാണ് അമ്മയുടെ രോഗം മൂർച്ഛിച്ചതായി അറിയിക്കുന്ന ഫോൺ വന്നത്. അമ്മയുടെ സ്ഥിതി ഗുരുതരമാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് വാദു അമ്മ താമസിക്കുന്ന വീട്ടിലേക്ക് തിരിക്കുന്നത്. “റൈനാവാരിയിലുള്ള വീട്ടിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. പത്ത് മണിയോടെ മൈസുമയിലുള്ള ബാധ്ഷാ പാലത്തിലെത്തി. അവിടെവച്ചാണ് പൊലീസ് തടഞ്ഞത്,” വാദു ഫെയ്‌സ്ബുക്കിൽ കുറിച്ച്.

അമ്മയുടെ സ്ഥിതി ഗുരുതരമാമാണെന്ന് പൊലീസിനെ അറിയിച്ചു. ‘നിന്റെ അമ്മ മരിക്കുന്നെങ്കിൽ മരിക്കട്ടെ’ എന്നായിരുന്നു പൊലീസുകാരുടെ മറുപടിയെന്ന വാദു പറഞ്ഞു. വാദുവിന്റ ഫോണും കാറും പിടിച്ചെടുത്ത പൊലീസ് രണ്ട് മണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് വെറുതെവിടുന്നത്. നാടിനും രാജ്യത്തിനും വേണ്ടി വർഷങ്ങൾ ചെലവിട്ട തന്നോട് മൃഗങ്ങളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്ന് വാദു ആരോപിച്ചു.

മുപ്പത്തിയാറുകാരനായ വാദൂ 2018 വരെ പ്രൊഫഷണൽ ഫുട്‍ബോളിൽ സജീവമായിരുന്നു. മുംബൈ സിറ്റി ചെന്നൈയിൻ എഫ്‌സി, പുനെ സിറ്റി തുടങ്ങിയ ഐഎസ്എൽ ക്ലബ്ബുകൾക്കും മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, സാൽഗോക്കർ തുടങ്ങിയ ഐ ലീഗ് ക്ലബ്ബുകൾക്കും വേണ്ടി കളിച്ചിട്ടുണ്ട്. 2005 മുതൽ 2011 വരെ ദേശീയ ടീം അംഗമായിരുന്നു. ദേശീയ ടീമിനുവേണ്ടി കളിച്ച 36 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും നേടിയിട്ടുണ്ട്.

×