ഏഷ്യൻ കപ്പിലെ തോൽവി; കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചു

സ്പോര്‍ട്സ് ഡസ്ക്
Monday, January 14, 2019

ഏഷ്യൻ കപ്പിൽ പ്രീക്വാർട്ടറിൽ കടക്കാത്തതിനെ തുടർന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു. ഇന്ന് ബഹ്റൈന് എതിരായ പരാജയത്തോടെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായിരുന്നു. ഇതാണ് പെട്ടെന്ന് തന്നെ രാജി തീരുമാനത്തിലേക്ക് കോൺസ്റ്റന്റൈനെ എത്തിച്ചത്. ഈ മാസം അവസാനം വരെ ആയിരുന്നു കോൺസ്റ്റന്റൈന്റെ കരാർ ഉണ്ടായിരുന്നത്.

2015ൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ആം റാങ്കിൽ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാൻ കോൺസ്റ്റന്റൈന് ആയി. ഏഷ്യൻ കപ്പ് യോഗ്യതയും തായ്ലാന്റിനെതിരായ ചരിത്ര വിജയവും ഒക്കെ കോൺസ്റ്റന്റൈന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയ നല്ല നേട്ടങ്ങളാണ്.

എന്നാൽ കോൺസ്റ്റന്റൈന്റെ ഫുട്ബോൾ ശൈലി പലപ്പോഴും വൻ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ഒപ്പം കോൺസ്റ്റന്റൈന്റെ ടീം സെലക്ഷനും പലപ്പോഴും വിവാദത്തിൽ ആയിരുന്നു. എന്തായാലും ഇന്ത്യൻ ഫുട്ബോളിനെ തിരികെ ലോക ശ്രദ്ധയിൽ കൊണ്ടു വരാൻ കോൺസ്റ്റന്റൈന് ആയി. ഒപ്പം ഒരുപാട് യുവ താരങ്ങൾക്ക് രാജ്യാന്തര അരങ്ങേറ്റം നൽകാനും കോൺസ്റ്റന്റൈന് ആയി. മുമ്പ് 2002 മുതൽ 2005 വരെയും കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലകനായിട്ടുണ്ട്.

 

×