കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയ റോഡ് ഷോയ്ക്കുനേരെ കല്ലേറും കുപ്പിയേറും 

നാഷണല്‍ ഡസ്ക്
Monday, January 18, 2021

കൊല്‍ക്കത്ത: ബിജെപി കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കുനേരെ കല്ലേറും കുപ്പിയേറും. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ.

റോഡ് ഷോയ്ക്കുനേരെ കെട്ടിടങ്ങള്‍ക്ക് മുകളില്‍നിന്ന് കുപ്പിയേറുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പതാകയേന്തിയ ചിലര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയാണ് കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോ നടത്തിയത്.

പോലീസില്‍നിന്ന് അനുമതി വാങ്ങിയശേഷമാണ് റോഡ് ഷോ നടത്തിയതെന്ന് സുവേന്ദു അധികാരി പിന്നീട് പറഞ്ഞു. എന്നിട്ടും കല്ലേറുണ്ടായി. ഭീഷണികള്‍ വിലപ്പോകില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയ്ക്കുനേരെ കല്ലേറ് ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

×