Advertisment

ആരോരുമില്ലാത്ത, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്ക് തുണയൊരുക്കി സമൂഹത്തില്‍ വേറിട്ടൊരു മാതൃകയായി ഈ പെണ്‍ കരുത്ത്

New Update

publive-image

Advertisment

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമേകുന്നവര്‍. റോസന്നെ ഡാവൂര്‍ എന്ന വനിതയുടെ ജീവിതവും പലര്‍ക്കും നല്‍കുന്ന പാഠങ്ങള്‍ വളരെ വലുതാണ്. ആരോരുമില്ലാത്ത, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്ക് തുണയൊരുക്കുന്ന ഈ പെണ്‍ കരുത്ത് വേറിട്ട മാതൃകയാകുകയാണ് സമൂഹത്തില്‍. 69 വയസ്സ് പ്രായമുണ്ട് റോസെന്നയ്ക്ക്. ഈ പ്രായത്തിലും മൃഗങ്ങള്‍ക്ക് കരുതലാവുകയാണ് ഇവര്‍.

പ്രോബബ്ലി പാരഡൈസ് എന്നാണ് റോസന്നെ നേതൃത്വം നല്‍കുന്ന മൃഗ സംരക്ഷണ കേന്ദ്രത്തിന്റേ പേര്. മുംബൈയിലെ കര്‍ജത്തിലാണ് ഈ കേന്ദ്രമുള്ളത്. റോഡിലും മറ്റും വാഹനമിടിച്ച് അവശരായ മൃഗങ്ങളെ ഈ പാരഡൈസില്‍ കൊണ്ടെത്തിക്കുന്നു. ഭക്ഷണവും മരുന്നുകളും അവയ്ക്ക് നല്‍കും. ചിലത് ജീവിതത്തിലേയ്ക്ക് തിരികെയെത്തും.

മറ്റ് ചില മൃഗങ്ങളാകട്ടെ ലാളനകളേറ്റുവാങ്ങി ഒടുവില്‍ മരണത്തിന് കീഴടങ്ങും. മരിക്കാന്‍ പോലും മൃഗങ്ങള്‍ക്ക് മാന്യമായ ഒരിടം നല്‍കുന്നുണ്ട് ഈ പ്രോബബ്ലി പാരഡൈസ്. ഏകദേശം ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ മൃഗസംരക്ഷണ കേന്ദ്രമുള്ളത്. നിലവില്‍ നാനൂറില്‍ അധികം മൃഗങ്ങളുണ്ട് ഇവിടെ.

നായ്ക്കളും പൂച്ചകളും കഴുതകളും കുതിരകളും പന്നിയും പശുവും എല്ലാം ഉണ്ട്. പരിക്കേറ്റതോ അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ടതോ ആയ മൃഗങ്ങളെയാണ് പലരും ഇവിടെ കൊണ്ടുവെന്നെത്തിക്കുന്നത്. നിത്യ രോഗികളായ ചില മൃഗങ്ങളുമുണ്ട്. ഇങ്ങനെയുള്ള എല്ലാ മൃഗങ്ങള്‍ക്കും അഭയകേന്ദ്രമാണ് പ്രോബബ്ലി പാരഡൈസ്.

റോസന്നെയുടെ പിതാവും മൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാല മുതല്‍ക്കേ റോസന്നെ മൃഗങ്ങളോട് കൂട്ടുകൂടി. മൃഗങ്ങളെ സംരക്ഷിക്കുക എന്നത് അവരുടെ ജീവിതരീതി കൂടിയായിരുന്നു. 2011-ലാണ് പ്രോബബ്ലി പാരഡൈസ് ആരംഭിച്ചത്.

റോസന്നെയുടെ കുടുംബത്തിന്റെ സ്ഥലത്താണ് ഈ സംരക്ഷണ കേന്ദ്രം. നിരവധി ജീവനക്കാരുമുണ്ട് ഇവിടെ. എല്ലാവരും ചേര്‍ന്നാണ് മൃഗങ്ങളുടെ ഭക്ഷണവും മരുന്നുമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന വലിയ തിരിച്ചറിവ് പലര്‍ക്കും സ്വജീവിതത്തിലൂടെ പകര്‍ന്ന് നല്‍കുകയാണ് റോസന്നെ.

life style
Advertisment