Advertisment

(കഥ) 1977 ലെ ഒരു പന്തയത്തിന്റെ കഥ

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

'' പന്തയം വെക്കുന്നോ..? വിട്ടിലപ്പുവിന്റെ വില്ലീസിലിരുന്ന് കൊറച്ച് ഉറക്കെ മുണ്ടിയാനിയിലെ കുഞ്ഞുകൊച്ച് വിട്ടിലപ്പുവിനോട് ചോദിച്ചത് കവലയിലുണ്ടായിരുന്നവരൊക്കെ കേട്ടു. വൈകുന്നേരമായതിനാല്‍ കവലയില്‍ തിരക്കായി വരുകയായിരുന്നു.

രമണന്‍, അഞ്ചാനി ഔത, മറ്റക്കര ബാലന്‍പിള്ള, കുമാരി, മോഹനന്‍, ചന്ദ്രന്‍, ഞായറുകുളം കുട്ടിച്ചന്‍, തങ്കപ്പന്‍, എംഎസ്പി എന്ന ശശി, കുന്നിപ്പുരയിടം വര്‍ക്കി, മറുകന്‍ ഗോപാലന്‍ തുടങ്ങിയ ഡ്രൈവര്‍മാര്‍ വില്ലീസിനു ചുറ്റും ഓടിയെത്തി.

'' എന്നതാ അപ്പൂ...''

''എന്നതാ കുഞ്ഞുകൊച്ചേ..''

കുഞ്ഞുകൊച്ചും അപ്പുവും അവരോട് കാര്യം വിശദീകരിച്ചു. വന്നവര്‍ അപ്പുവിനെ അനുകൂലിച്ചും കുഞ്ഞുകൊച്ചിനെ അനുകൂലിച്ചും രണ്ടു ചേരിയായി.

'' ങ്ഹാ..! പന്തയം വെക്ക്..? കുഞ്ഞുകൊച്ച് പറഞ്ഞതാ ശരി. ചുണയുണ്ടോ പന്തയംവെക്കാന്‍..''

കൈമുട്ടിനു മുകളില്‍ നീളന്‍കൈ ഷര്‍ട്ട് വീതികുറച്ച് ചുരുട്ടിവച്ചത് ഒന്ന് കൂടി ശരിയാണോന്ന് ഉറപ്പിച്ച്, ഇരുതോളും ഒന്ന് ഉയര്‍ത്തി താഴ്ത്തി അഞ്ചാനി ഔത വിട്ടിലപ്പുവിനോട് പറഞ്ഞു. അപ്പോള്‍ വിട്ടിലിന്റെ കൂടെ നിന്നവര്‍ക്ക് സംശയം. കുഞ്ഞുകൊച്ച് പറഞ്ഞതാരിയ്ക്കുമോ ശരി.! കാരണം പലകാര്യങ്ങളെക്കുറിച്ചും ധാരണയുള്ളയാളും ആധികാരികമായി പറയുന്ന ആളുമാണ് ഔത. പറയുന്നത് ശരിയാകാറുമുണ്ട്.

എന്നാലും വേണ്ടില്ല അവര്‍ അപ്പുവിനോട് പറഞ്ഞു, '' പന്തയം വെക്ക് അപ്പൂ..നമുക്ക് കാണാലോ..''

ഒച്ചയും ബഹളവും ആവേശമുണര്‍ത്തി. കടകളില്‍ സാധനം വാങ്ങാനെത്തിയവരെല്ലാം അവിടെ വന്നു. ശങ്കരപ്പിള്ളച്ചേട്ടന്റെ ചായക്കടയില്‍ അരിഅരച്ച് കൊണ്ടിരുന്ന ശങ്കരന്‍ ചെട്ടിയാര്‍ അരിമാവ് പറ്റിയ കൈയ്യുമായി എത്തി.

ശങ്കരപ്പിള്ളച്ചേട്ടന്‍ പണപ്പെട്ടിയുടെ മുകളില്‍ നിന്ന് കൈയ്യടുത്തിട്ട് എഴുന്നേറ്റ് നിന്ന് മുണ്ട് മുറുക്കി ഉടുത്തിട്ട് അവിടെനിന്ന് തന്നെ എത്തിനോക്കി. കരുണാകരന്‍ കര്‍ത്താവിന്റെ മലഞ്ചരക്ക് കടയുടെ തിണ്ണയിലിരുന്ന് വര്‍ത്താനം പറഞ്ഞിരുന്ന വടക്കേക്കുറ്റെ തൊമ്മിച്ചേട്ടനും കുന്നിപ്പുരയിടത്തിലെ മത്തന്‍ ചേട്ടനും വിഷഹാരി ശേഖരന്‍ നായര്‍, ബീഡി കുഞ്ഞാപ്പന്‍, പുരയിടത്തിലെ ജോണു ചേട്ടന്‍, തുടങ്ങിയവരൊക്കെ അവിടെയെത്തി.

ജോയീസ് ബേക്കറിയിലെ ഔതച്ചേട്ടന്‍, മകന്‍ ജോയി, നോബിള്‍ ടൈലേഴ്സിലെ ബേബി, ടൈലര്‍ ആശാന്‍, നാരായണന്‍ മൂപ്പര്, തുണിയമ്പ്രാലെ ഔതച്ചേട്ടന്‍, സ്വീറ്റ്സ് സെന്ററിലെ രഘു, മലഞ്ചരക്ക് കയിലെ തേനപ്പന്‍ ചേട്ടന്‍, പിന്നെ വേറെ കുറെപ്പേരും ബഹളം കേട്ടെത്തി.

തര്‍ക്കം മുറുകി. പലര്‍ക്കും കാര്യംമനസ്സിലായില്ലങ്കിലും ആകാംക്ഷയോടെ കാഴ്ചക്കാരായി.

ഒടുവില്‍ പന്തയം ഉറപ്പിച്ചു, നൂറ് രൂപ.! കുഞ്ഞ്കൊച്ച് പറഞ്ഞതാണ് ശരി എങ്കില്‍ അപ്പു കുഞ്ഞ്കൊച്ചിനും മറിച്ചാണങ്കില്‍ കുഞ്ഞ്കൊച്ച് അപ്പുവിനും നൂറു രൂപ കൊടുക്കണം.

'' രണ്ട് പേരും നൂറുരൂപവീതം ഇങ്ങോട്ടെടുത്തേ..'' ഔത പറഞ്ഞു. രണ്ട്പേരും രൂപഎടുത്ത് ഔതയ്ക്ക് നേരെ നീട്ടി. '' എന്റെ കൈയില്‍ തരണ്ടാ..ബാലന്‍പിള്ളയുടെ കൈയില്‍ കൊടുത്തേരെ'' ഔത പറഞ്ഞു. ''പിള്ളേച്ചാ ആ രൂപ മേടിച്ചു വച്ചോ..'' അവര്‍ രൂപ ബാലന്‍പിള്ളയുടെ കൈയ്യിലേല്‍പിച്ചു.

''ആരാ വണ്ടി എടുക്കുന്നെ'' മോഹനന്‍ ചോദിച്ചു.

രമണന്‍ പറഞ്ഞു, '' നിങ്ങളുടെ രണ്ട്പേരുടെയും വണ്ടി എടുക്കണ്ട, എന്റെ വണ്ടി എടുക്കാം.'' രമണന്റെ വില്ലീസ് ശങ്കരപ്പിള്ളച്ചേട്ടന്റെ ചായക്കടയുടെ മുന്നിലായി റിവേഴ്സില്‍ നിര്‍ത്തി.വണ്ടിയുടെ ഇരുവശത്തുമായി കാഴ്ചക്കാര്‍ ആവേശഭരിതരായി.

'' കുഞ്ഞ്കൊച്ചേ, അപ്പൂ... ഇങ്ങോട്ട് വന്ന് നോക്കിയ്ക്കോ.പിന്നെ കള്ളം പറയരുത് '' ഔത പറഞ്ഞു.

'' രമണാ.., വണ്ടി റിവേഴ്സെടുക്ക്.! പതുക്കെ ഉരുട്ടിയാല്‍ മതി ''

'' അതു വേണ്ട..പുറകോട്ട് തള്ളിയാല്‍ മതി'' ഔത രമണനോട് പറഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് വണ്ടി പുറകോട്ട് തള്ളാന്‍ തുടങ്ങി. ആള്‍ക്കാര്‍ വണ്ടിയ്ക്കൊപ്പം നടന്നു. പോറ്റിച്ചേട്ടന്റെ ചായക്കടയെത്തുന്നതിനുമുന്‍പെ ആരവം ഉയര്‍ന്നു.രമണന്‍ വണ്ടിനിര്‍ത്തി.

''നോക്കടാ അപ്പൂ..! കാണടാ..!'' കുഞ്ഞുകൊച്ച് വിട്ടിലപ്പുവിനോട് പറഞ്ഞു.

അപ്പുവിന്റെ മുഖം വിവര്‍ണ്ണമായി. ഷര്‍ട്ടിന്റെ ബട്ടന്‍സ് അടിയില്‍ നിന്നും രണ്ടെണ്ണം മാത്രം ഇടുന്ന ശീലമുണ്ടായിരുന്ന അപ്പു വലതുകൈകൊണ്ട് തുറന്നുകിടക്കുന്ന ഷര്‍ട്ടിനകത്തേയ്ക്ക് കൈയിട്ട് ഇടതുനെഞ്ചില്‍ കൈയോടിച്ച് ചമ്മലു മറയ്ക്കാന്‍ ശ്രമിച്ചിട്ട് എല്ലാവരെയും നോക്കി ചിരിച്ചു. പന്തയത്തില്‍ തോറ്റതിന്റെ ജാള്യത മുഖത്ത് കാണാമായിരുന്നു.

'' പിള്ളേച്ചാ ആ പൈസാ കുഞ്ഞുകൊച്ചിനു കൊടുത്തേരെ..'' ഔത തെല്ലധികാരത്തോടെ പറഞ്ഞു.

കാഴ്ചക്കാരൊക്കെ പിരിഞ്ഞു. അരച്ചുകൊണ്ടിരുന്ന അരിയുടെ ബാക്കി അരയ്ക്കാനായി ശങ്കരന്‍ ചായക്കടയിലേയ്ക്ക് കയറി. എന്നതാ സംഭവമെന്ന് അറിയാതെ ചോദ്യഭാവവുമായി ഇരിയ്ക്കുന്ന ശങ്കരപ്പിള്ളച്ചേട്ടനോട് ശങ്കരന്‍ പറഞ്ഞു.

'' ഓ..അതാ കുഞ്ഞുകൊച്ചും വിട്ടിലപ്പുവും കൂടി പന്തയം വച്ചേന്റെ ബഹളമാരുന്നു. വണ്ടി പുറകോട്ട് ഓടുമ്പോള്‍ മീറ്റര്‍ പുറകോട്ട് കറങ്ങുമോ ഇല്ലയോ എന്നതായിരുന്നു തര്‍ക്കം. കുഞ്ഞുകൊച്ച് പറഞ്ഞതാരുന്നു ശരി'' വണ്ടി റിവേഴ്സെടുത്തപ്പോള്‍ മീറ്റര്‍ പുറകോട്ട് കറങ്ങി.

ശങ്കരന്‍ അകത്തേയ്ക്ക് പോയി.വാഴൂര്‍ കോളജില്‍ നിന്നും പാലായ്ക്ക് പോകുന്ന ആനവണ്ടി വന്നു. ആളുകള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതും നോക്കി ശങ്കരപ്പിള്ളച്ചേട്ടന്‍ പണപ്പെട്ടിയുടെ മുകളില്‍ വീണ്ടും കൈകള്‍ വച്ചു.

cultural
Advertisment