/sathyam/media/post_attachments/dwjuciCjOLeGaC1oltpH.jpg)
"ഗുരു ചരണ ധൂളിയിൽ ധന്യമാം ദേശം കെഴുവംകുളം ....
അവിടം വാഴും ഗുരുദേവാ, ദേവദേവാ..." സുജിതാ വിനോദ് എഴുതുകയാണ് 101-ാമത് ഭക്തിഗാനം. കാവ്യലോകത്ത് സ്വന്തമായൊരു പുസ്തകം പ്രസിദ്ധീകരിച്ച വീട്ടമ്മയായാണ് സുജിത. നാട് കൊവിഡിൽ നട്ടം തിരിഞ്ഞു തുടങ്ങിയ കാലത്താണ് സുജിത ഭക്തിഗാന രചനയിലേക്ക് തിരിഞ്ഞത്.
വയലാ ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് വേണ്ടിയായിരുന്നു ആദ്യ രചന.
തൻ്റെ ആദ്യ കാവ്യസമാഹാരം " ശലഭ ഗീത " ത്തിൻ്റെ കൈയ്യെഴുത്തു പ്രതി പൂജിക്കാനാണ് ഉഴവൂർ ആറുകാക്കൽ കുടുംബാംഗമായ സുജിത വയലാ ക്ഷേത്രത്തിലെത്തിയത്. ഇതറിഞ്ഞ ക്ഷേത്ര യോഗം പ്രസിഡൻ്റ് സജീവ് വയലാ, ഇവിടുത്തെ ശ്രീബാലസുബ്രഹ്മണ്യ സ്വാമിയെ സ്തുതിച്ച് ഒരു പാട്ടെഴുതാൻ ആവശ്യപ്പെടുകയായിരുന്നു.
"അന്ന് രാത്രി ഉറക്കത്തിൽ വയലാ ക്ഷേത്രവും പരിസരവും ഭഗവാനെയുമൊക്കെ ഞാൻ സ്വപ്നം കണ്ടു. പുലർച്ചെ 3-ന് എഴുന്നേറ്റ് കണ്ട കാര്യങ്ങൾക്ക് കാവ്യാക്ഷരമേകിയപ്പോൾ ഭക്തി ഗാനമായി. രാവിലെ 7-ന് തന്നെ ഞാനത് വയലാ ക്ഷേത്രത്തിലെത്തിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികൾക്കും ആശ്ചര്യം " - ആദ്യ ഭക്തിഗാനം പിറന്നതിനെപ്പറ്റി പറയുമ്പോൾ അറിയാതെ സുജിത കൈകൂപ്പി; മിഴി നിറഞ്ഞു.
തുടർന്ന് ഉള്ളനാട് കുന്നിന് ദേവീക്ഷേത്രം മുതൽ വിവിധ ക്ഷേത്രങ്ങൾക്കു വേണ്ടിയും മഹാഗുരുവിനെ സ്തുതിച്ചും നിരവധി പാട്ടുകളെഴുതി. പലതും റിക്കാർഡും ചെയ്തു. 101-ാമത്തെ പാട്ട് കെഴുവംകുളം ഗുരുദേവക്ഷേത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസമെഴുതി. ഗുരുദേവ ജയന്തി നാളിൽ കെഴുവംകുളം ക്ഷേത്രനടയിൽ സമർപ്പിച്ച ഈ ഗാനം പിന്നീട് മേൽശാന്തി മഹേശ്വരൻ പമ്പാവാലി പ്രകാശനം ചെയ്തു.
സ്കൂൾ കോളേജ് പഠനകാലത്ത് ഉപന്യാസ രചനയിലും കവിതാ രചനയിലും നിരവധി പുരസ്ക്കാരങ്ങൾ സുജിതയ്ക്ക് ലഭിച്ചിട്ടുണ്ട്. മാതൃകലാലയമായ മേലുകാവ് ഹെൻട്രി ബേക്കർ കോളേജിനു വേണ്ടി എഴുതിയ തിരുമുറ്റം എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മേലുകാവ് കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന പ്രൊഫ. മാത്യൂ പണിക്കർക്ക് സമർപ്പിച്ച "ശലഭ ഗീതം" കാവ്യപുസ്തകത്തിൻ്റെ പ്രകാശനം 2019 നവംബർ 2-നായിരുന്നു. 70 കവിതകളാണ് ഇതിലുള്ളത്. സഹപാഠികളായിരുന്നവരുടെ സഹകരണത്തോടെയാണ് ഈ കവിതകളിൽ അച്ചടിമഷി പുരണ്ടത്.
അദ്ധ്യാപകരായിരുന്ന ഷാജി പുളിക്കൽ, പ്രൊഫ. രാജു.ഡി. കൃഷ്ണപുരം എന്നിവരുടെ നിരന്തരമായ പ്രോത്സാഹനവും ഭർത്താവും ക്ഷേത്രശാന്തിയുമായ വിനോദ് , ഏക മകൻ യദുകൃഷ്ണ, മറ്റു കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവരുടെ നിരന്തര പിന്തുണയും പ്രചോദനങ്ങളുമാണ് കവിതാ- ഭക്തിഗാന രചനകളിൽ തനിക്ക് തുണയാകുന്നതെന്ന് സുജിത പറയുന്നു.
വിവിധ ക്രൈസ്തവ -ഹൈന്ദവ ആരാധനാലയങ്ങൾക്കായി പത്തോളം പാട്ടുകൾ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ് ഈ 41 കാരി. ഉഴവൂർ അരീക്കര എസ്. എൻ. ഡി. പി. ക്ഷേത്രത്തിനു സമീപമുള്ള ആറുകാക്കൽ വീട്ടിലാണ് സുജിതയുടെ താമസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us