/sathyam/media/post_attachments/uPKHKoNBoExsqyscWl1Y.jpg)
പട്യാല: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ കൈയ്ക്ക് വെട്ടേറ്റ എഎസ്‌ഐ ഹര്‍ജീത് സിങ്ങിന്റെ കൈ ഏഴര മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയ വിജയമായിരുന്നെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി ഹര്‍ജീത് എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.
പട്യാലയിലെ പച്ചക്കറി ചന്തക്ക് സമീപം രാവിലെ ആറേ കാലോടെയായിരുന്നു സംഭവം. ലോക്ക് ഡൗണ്‍ ലംഘിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച സംഘത്തോട് പാസ്ചോദിച്ചതാണ് പ്രകോപന കാരണം. ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച വാഹനം പോലീസ് തടഞ്ഞു. വാഹനത്തിന് പുറത്തിറങ്ങിയ അക്രമി സംഘം പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ എഎസ്ഐ ഹര്‍ജീത് സിംഗിന്‍റെ കൈ വേട്ടേറ്റ് തൂങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടിയതായും തീവ്ര സിഖ് വിഭാഗമായ നിഹാംഗുകളാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.