നന്ദിഗ്രാമില്‍ പോരാട്ടം തീ പാറും ! മമതയ്‌ക്കെതിരെ മത്സരിക്കുന്നത് സുവേന്ദു അധികാരി; ആദ്യഘട്ടത്തിലെ 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി ബിജെപി

നാഷണല്‍ ഡസ്ക്
Saturday, March 6, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പുറത്തിറക്കി. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജനവിധി തേടുന്ന 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയെയാണ് നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലാണു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. 2016 മുതൽ നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയ സുവേന്ദു, പാർട്ടിയിൽ മമത കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു. നന്ദിഗ്രാമിൽ മാത്രമേ മത്സരിക്കൂവെന്നു മമത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ മണ്ഡലം ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ, മുൻ കോൺഗ്രസ് എംഎൽഎ സുദീപ് മുഖർജി, മുൻ ഐപിഎസ് ഓഫിസർ ഭാരതി ഘോഷ് തുടങ്ങിയവരും ബിജെപി പട്ടികയിലുണ്ട്. 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ടുഘട്ടമായാണ് നടത്തുന്നത്.

×