എറിഞ്ഞിട്ട് സക്‌സേനയും ആസിഫും, അടിച്ചുപറത്തി അസ്ഹറുദ്ദീന്‍; 197 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ മുംബൈക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 13, 2021

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയഗാഥ തുടര്‍ന്ന് കേരളം. രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് കേരളം തറപറ്റിച്ചത്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ വിജയശില്‍പി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാള്‍ 32 പന്തില്‍ 40 റണ്‍സ്, ആദിത്യ താര 31 പന്തില്‍ 42 റണ്‍സ്, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 38 റണ്‍സ് എന്നിവരുടെ പ്രകടനമാണ് മുംബൈക്ക് തുണയായത്.

കേരളത്തിന് വേണ്ടി കെ.എം. ആസിഫ്, ജലജ് സക്‌സേന എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് അസ്ഹറുദ്ദീനും സഹ ഓപ്പണറായ റോബിന്‍ ഉത്തപ്പയും മികച്ച തുടക്കമാണ് നല്‍കിയത്. ഉത്തപ്പ 23 പന്തില്‍ 33 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ 22 റണ്‍സും നേടി.

×