സിറോ മലബാര്‍ സഭയില്‍ ഇനി കൊന്ത ചൊല്ലാന്‍ പാടില്ലേ ? വൈദീകരെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിറോ മലബാര്‍ സഭ. ആരാധനയും കുരിശിന്റെ വഴിയും ജപമാലയും നൊവേനകളും നിര്‍ത്തുമെന്നത് വ്യാജ പ്രചാരണം ! പ്രാര്‍ത്ഥനകളിലും മാറ്റമില്ല. മാറുന്നത് കുര്‍ബാനയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേയ്ക്കു തിരിഞ്ഞു നില്‍ക്കണമെന്നതു മാത്രം ! ദേവാലയങ്ങളില്‍ സക്രാരി മാറ്റില്ല ! മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിലവിലുള്ളത് തുടരും. വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വിമത പക്ഷം നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രതവേണമെന്ന് സഭാ നേതൃത്വം

New Update

കൊച്ചി : സിറോ മലബാര്‍ സഭയിലെ ആരാധനാ ക്രമം ഏകീകരിക്കുന്ന തീരുമാനം എടുത്തതിന് പിന്നാലെ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ സഭ. സഭ നിര്‍ദേശിക്കാത്ത പല കാര്യങ്ങളുമാണ് ചിലര്‍ ബോധപൂര്‍വ്വം സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ജാഗ്രത വേണമെന്ന് സിറോമലബാര്‍ സഭ മീഡിയാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞതിനു ശേഷമാണ് വ്യാജ പ്രചാരണങ്ങള്‍ സജീവമായത്. കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്തലാക്കുമെന്നതാണ് പ്രധാനമായും ചലര്‍ പ്രചരിപ്പിക്കുന്നത്. ഒപ്പം മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിര്‍ബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായും വ്യാജ പ്രചാരണമുണ്ടായിരുന്നു.

ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്നാണ് സഭയുടെ നിലപാട്. ഇക്കാര്യത്തില്‍ വ്യക്തതയും സഭ നല്‍കുന്നുണ്ട്. കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും കുര്‍ബാനയുടെ അര്‍പ്പണഭാഗം അള്‍ത്താരഭിമുഖമായും കുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അര്‍പ്പിക്കണമെന്നുള്ളതാണ് ഏകീകൃത അര്‍പ്പണ രീതി.

ഈ രീതിയില്‍ കുര്‍ബാനയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേയ്ക്കു തിരിഞ്ഞു നില്‍ക്കണമെന്നതു മാത്രമാണു നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം. എന്നാല്‍ അതിനുപുറമെ സഭ നിര്‍ദേശിക്കുന്നത് എന്നു പറഞ്ഞുള്ള പ്രചാരണം തെറ്റാണെന്നും സഭ വ്യക്തമാക്കുന്നു.

കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃതരീതിയുമായി ബന്ധപ്പെടുത്തി മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിര്‍ബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോള്‍ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളില്‍ തുടരും.

കുര്‍ബാനയര്‍പ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദൈവാലയങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചരണവും വാസ്തവ വിരുദ്ധമാണെന്ന് സഭ വ്യക്തമാക്കുന്നു. ദൈവാലയങ്ങളില്‍ സക്രാരിയുടെ നിലവിലുള്ള സ്ഥാനം അതേപടി തുടരും. സഭയില്‍ നിലവിലുള്ള കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും വാസ്തവിരുദ്ധമാണ്.

ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതില്‍ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വകമായ നീക്കമാണിതെന്നും സഭ കുറ്റപ്പെടുത്തുന്നുണ്ട്. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതില്‍നിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും സിറോ മലബാര്‍ സഭ മീഡിയാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

syro malabar holy qurbana
Advertisment