Advertisment

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ ഹ്രസ്വചിത്രവുമായി റെയില്‍വെ പൊലീസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവത്കരണത്തിനൊരുങ്ങുകയാണ് റെയില്‍വെ പൊലീസ്. ഇതിനായി ടേക്ക് കെയര്‍ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമൊരുക്കിയാണ് ബോധവത്കരണം. ട്രെയില്‍ സ്‌റ്റേഷനില്‍ നിന്നും നീങ്ങുമ്പോള്‍ ഓടിക്കയറുന്നവരെയും നിര്‍ത്തുന്നതിനുമുമ്പ് ചാടിയിറങ്ങുന്നവരെയും ലക്ഷ്യമിട്ടാണിത്.

വിരഹം എത്ര വേദനാജനകമാണെങ്കിലും പക്വമായ പ്രവര്‍ത്തികള്‍ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം നല്‍കും എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം. ഒരു ചെറിയ വീണ്ടുവിചാരത്തിന് ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സന്താപത്തെ ഇല്ലാതാക്കാന്‍ കഴിയും എന്ന് ഈ ചിത്രം കണ്ടുതീരുമ്പോള്‍ നമുക്ക് മനസ്സിലാകും. ഒരു മിനിറ്റും 57 സെക്കന്റും ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ കണ്‍സപ്റ്റ് റെയില്‍വേ പൊലീസ് എസ് പി മെറിന്‍ ജോസഫ് ഐപിഎസിന്റേതാണ്. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരസ്പരം യാത്ര പറയുന്ന രണ്ട് പേര്‍. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണ് കയ്യിലിരുന്ന പനിനീര്‍പ്പൂവ് പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ലല്ലോ എന്നോര്‍ത്ത് അയാള്‍ തിരിഞ്ഞു നടക്കുന്നത്. അപ്പോഴേയ്ക്കും ട്രെയിന്‍ വേഗത്തില്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഓടിച്ചെന്ന് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന അയാളുടെ കൈയും ട്രെയിനിന്റെ വാതിലും തമ്മില്‍ ഒരു നിമിഷത്തിന്റെ അകലം മാത്രം. പിന്നെക്കാണിക്കുന്നത് ഞെട്ടി നില്‍ക്കുന്ന പെണ്‍കുട്ടിയെയും താഴെ ഞെരിഞ്ഞമര്‍ന്ന പനിനീര്‍പ്പൂവിനെയുമാണ്. ഒരു സെക്കന്റ് അല്ലെങ്കില്‍ മിനിറ്റിന്റെ വ്യത്യാസത്തില്‍ അയാള്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. 'ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ ചാടിയിറങ്ങുകയോ ചെയ്യരുത്' എന്ന റെയില്‍വേ പൊലീസിന്റെ മുന്നറിയിപ്പോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

Advertisment