/sathyam/media/post_attachments/XrMqxeMscrBDUEUe9oEJ.jpg)
തിരുച്ചിറപ്പള്ളി: ചികിത്സിക്കുന്ന ഡോക്ടറുടെ മേല്‍ തുപ്പിയതിന് തമിഴ്നാട്ടില്‍ നാല്‍പ്പതുകാരനായ കൊവിഡ് 19 രോഗിക്കെതിരെ വധശ്രമത്തിന് കേസ്. തിരിച്ചിറപ്പിള്ളിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. സ്വന്തം മുഖത്തെ മാസ്ക് അഴിച്ചുമാറ്റിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുഖത്ത് തുപ്പുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇയാൾ ഡോക്ടർമാരോടോ മറ്റു ജീവനക്കാരോടോ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കോവിഡ് വ്യാപനത്തിനെതിരേ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം പടർത്തുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളും ഗൗരവമായ കുറ്റകൃത്യമായി കാണുന്നതായും തമിഴ്നാട് പൊലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയ്ക്കും ദില്ലിയ്ക്കും പിന്നാലെ തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ള കണക്ക് അനുസരിച്ച് 1075 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മരിച്ചു. ഇന്ന് മാത്രം 106 പേർക്കാണ് തമിഴ്നാട്ടിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.