വെള്ളത്തില്‍ മുങ്ങിപ്പോയ നാല് ആണ്‍കുട്ടികള്‍ക്ക് സാരിയഴിച്ച് നല്‍കി ഈ സ്ത്രീകള്‍; രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു; സംഭവം തമിഴ്‌നാട്ടില്‍

നാഷണല്‍ ഡസ്ക്
Monday, August 10, 2020

ചെന്നൈ: സെന്തമിഴ് സെല്‍വി (38), മുത്തമ്മാള്‍ (34), ആനന്ദവല്ലി (34). ഈ മൂന്ന് സ്ത്രീകള്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. ഇവരുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് രണ്ടു ജീവനുകളാണ്.

സംഭവം ഇങ്ങനെ…

ഓഗസ്റ്റ് ആറിന് തമിഴ്‌നാട്ടിലെ സിരുവച്ചൂര്‍ ജില്ലയിലെ കൊട്ടാരയി ഡാമിന് സമീപം 12 ആണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു.

ഇതിന് സമീപത്തായി കുളിക്കുകയായിരുന്നു ഈ മൂന്ന് സ്ത്രീകളും. കുട്ടികള്‍ കളിക്കാനെത്തിയതോടെ മൂവരും വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. വെള്ളത്തില്‍ നല്ല ഒഴുക്കുള്ളതിനാല്‍ ഡാമില്‍ ഇറങ്ങരുതെന്ന് ഇവര്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ ഇതിനിടയില്‍ നാല് കുട്ടികള്‍ എങ്ങനെയോ ഡാമിലേക്ക് വീണു. ഇതുകണ്ട് ഓടിയെത്തിയ സ്ത്രീകള്‍ അവര്‍ ധരിച്ചിരുന്ന സാരി അഴിച്ചെടുത്ത് ഡാമിലേക്ക് ഇട്ടുകൊടുത്തു. നാലു കുട്ടികളില്‍ രണ്ടു പേരും അതുപയോഗിച്ച് രക്ഷപ്പെട്ടു. എന്നാല്‍ മറ്റു രണ്ടു പേര്‍ക്കും രക്ഷപ്പെടാനായില്ല.

പവിത്രന്‍ (17), രഞ്ജിത്ത് (25) എന്നിവരാണ് മരിച്ചത്. പെരുമ്പല്ലൂരില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

×