കാഞ്ഞങ്ങാട് കടന്ന് അവരെത്തി പ്രിയ ഗുരുവിനെ കാണാൻ

New Update

"സുകുമാരൻ സാർ അന്ന് 'കരിവണ്ടി' പോലെ ക്ലാസ്സിൽ വരുന്നത് ഇപ്പോഴും ഞാനോർക്കുന്നു. ദേഹത്തും വസ്ത്രങ്ങളിലുമെല്ലാം കൽക്കരി തീവണ്ടിയുടെ കരി പിടിച്ച് വെളുത്ത സാർ കറുത്ത സാറായി വന്ന കാഴ്ച ...."

Advertisment

പ്രിയപ്പെട്ട അധ്യാപകനെ കുറിച്ചു ഒട്ടും നിറം മങ്ങാത്ത ഓർമ്മകൾ 65-കാരനായ പഴയ ശിഷ്യൻ ആനന്ദൻ അയവിറക്കുമ്പോൾ സഹപാഠികൾ പൊട്ടിച്ചിരിച്ചു.

publive-image

പാലായ്ക്കടുത്ത് ഏഴാച്ചേരി തുമ്പയിൽ വീടിന്റെ പൂമുഖത്ത് ഇന്നലെ ഉച്ചയ്ക്കു നടന്ന അത്യപൂർവ്വമായൊരു "ഗുരുശിഷ്യ സംഗമ "മായിരുന്നൂ വേദി; കാസർകോഡ് രാജപുരം ഹോളി ഫാമിലി ഹൈസ്ക്കൂളിൽ അഞ്ചു പതിറ്റാണ്ടു മുമ്പ് തങ്ങൾക്ക് അറിവിന്റെ പാഠങ്ങൾ പകർന്നു നൽകിയ ഗുരുശ്രേഷ്ഠൻ സുകുമാരൻ നായർ സാറിനെ കാണാനാണ് ഇപ്പോൾ ഷഷ്ട്യബ്ദപൂർത്തിയും പിന്നിട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള പതിനഞ്ചോളം ശിഷ്യരെത്തിയത്.

publive-image

"എല്ലാവരും തലയൊക്കെ നരച്ച് കിളവന്മാരും കിളവിമാരുമൊക്കെയായല്ലോ, ഞാനിപ്പോഴും ചെറുപ്പമല്ലേ .... "
80-ന്റെ പടി കയറാനൊരുങ്ങുന്ന സുകുമാരൻ സാർ പൊട്ടിച്ച തമാശയിൽ കയ്യടിയോടെ ശിഷ്യരുടെ പൊട്ടിച്ചിരി. " അമ്പതു വർഷം മുമ്പത്തേപ്പോലെ സാറിപ്പോഴും തമാശക്കാരൻ ...." ശിഷ്യയും ബാംഗ്ലൂരിലെ റിട്ട. അധ്യാപികയുമായ മേരി നെൽസന്റെ അഭിപ്രായം കൂട്ടുകാരും ശരിവെച്ചു.

കഴിഞ്ഞ വർഷം മെയിൽ സ്കൂളിൽ ചേർന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പി. എസ്. സി. റിട്ട. ജോയിന്റ് സെക്രട്ടറി കൂടിയായ പൂർവ്വ വിദ്യാർത്ഥി ആനന്ദനും റിട്ട. അധ്യാപിക ബ്രിജീത്ത ആൻറണിയുമാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത് ; തങ്ങളെ പഠിപ്പിച്ച ഗുരുഭൂതരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരുണ്ടെങ്കിൽ അവരെ അവരുടെ വീടുകളിൽ ചെന്ന് ആദരിക്കുക.

കോട്ടയം രൂപതയുടെ കീഴിലുള്ള രാജപുരം ഹൈസ്കൂളിലെ അന്നത്തെ അധ്യാപകരിൽ ഭൂരിഭാഗവും കോട്ടയം ജില്ലക്കാരായിരുന്നു. കാഞ്ഞാങ്ങാട് കരിവണ്ടിയിറങ്ങി സ്കൂളിലെത്തിയിരുന്നവർ. ഇവർ മാസത്തിലൊരിക്കൽ മാത്രം നാട്ടിൽ പോയെങ്കിലായി ഇല്ലെങ്കിലായി.

publive-image

"സുകുമാരൻ സാറെ , 18 മണിക്കൂർ യാത്ര ചെയ്ത് ഇവിടെ വന്നപ്പോഴേ ഞങ്ങൾ മടുത്തു. അപ്പോൾ ഇത്രയൊന്നും യാത്രാ സൗകര്യമില്ലാതിരുന്ന അരനൂറ്റാണ്ടു മുമ്പ് ഞങ്ങളുടെ നാട്ടിൽ വരാൻ സാറൊക്കെ എത്രമാത്രം ബുദ്ധിമുട്ടിക്കാണും..." റിട്ട. ബി. എസ്. എൽ. എൽ. ഡിവിഷണൽ എഞ്ചിനീയറായ കുര്യന്റെ ആശ്ചര്യ വാക്കുകളിൽ കൂട്ടുകാരും കൂട്ടുചേർന്നു.

സുകുമാരൻ സാറിനെയും ഭാര്യ വസുമതി ടീച്ചറേയും വയോധികരായ ശിഷ്യർ ചേർന്ന് പൊന്നാട അണിയിച്ചാദരിച്ചു. തങ്ങളുടെ പുതുവർഷ സമ്മാനമായി പുതുവസ്ത്രങ്ങളും സമ്മാനിച്ച " കുട്ടികൾ " ഓരോരുത്തരും സുകുമാരൻ സാറിന്റെ കാൽ തൊട്ടു വന്ദിച്ചാണ് യാത്ര പറഞ്ഞത്. ശിഷ്യരെ ആശ്ലേഷിച്ച് അനുഗ്രഹിച്ചയച്ചപ്പോൾ ഗുരുനാഥന്റെ മിഴികളിൽ ആനന്ദാശ്രുക്കൾ.

അന്ന് രാജപുരത്തുണ്ടായിരുന്ന അധ്യാപകരിൽ കോട്ടയം ജില്ലയിൽ സുകുമാരൻ നായരെ കൂടാതെ ഇന്നുള്ളത് മരങ്ങാട്ടുപിള്ളി സ്വദേശി എൻ. സി. മാത്യുവും, ചെങ്ങളം സ്വദേശി ജോണും മാത്രം. ഇവരെയും പഴയ ശിഷ്യ സംഘം ഇന്നലെ സന്ദർശിച്ച് സ്നേഹാദരങ്ങൾ അർപ്പിച്ചു.

കിടങ്ങൂർ , ഇടനാട് എൻ. എസ്. എസ്. ഹൈസ്ക്കൂളുകളിലും ദീർഘകാലം മലയാളം അധ്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ചിട്ട് കാൽ നൂറ്റാണ്ടു കടക്കുമ്പോഴും പൊതു രംഗത്ത് സജീവമാണ്. ദീർഘകാലമായി ഏഴാച്ചേരി 163-ാം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ. എസ്. എസ്. കരയോഗം പ്രസിഡൻറും, ഐങ്കൊമ്പ് അംബികാ വിദ്യാനികേതൻ സ്കൂൾ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.

ഭാര്യ റിട്ട. അധ്യാപിക വസുമതിയമ്മ . മാധ്യമ പ്രവർത്തകനായ അനിൽ രാധാകൃഷ്ണൻ , ജയകൃഷ്ണൻ (കാനഡ) എന്നിവരാണ് മക്കൾ.

teacher visit
Advertisment