കൊച്ചി: മലയാളിയായ റെജി മോടിയിൽ വികസിപ്പിച്ച എഐ അധിഷ്ഠിത വാട്സ്ആപ്പ് ബിസിനസ് ഓട്ടോമേഷൻ പ്ലാറ്റ്ഫോം ഓട്ടോചാറ്റ്, മെറ്റയുടെ എഐ ഇന്റഗ്രേറ്റഡ് ബിസിനസ് പങ്കാളിത്തം കരസ്ഥമാക്കി. കേരളത്തിൽനിന്ന് ആദ്യമായിട്ടാണ് ഒരു സ്റ്റാർട്ടപ്പ് മെറ്റയുടെ വാട്സ്ആപ്പ് ബിസിനസ് പങ്കാളിത്തം നേടുന്നത്. സൂക്ഷ്മ- ചെറുകിട, ഇടത്തരം സംരംഭകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് ഓട്ടോചാറ്റ്. കസ്റ്റമർ സപ്പോർട്ട്, ലീഡ് ജനറേഷൻ, ഇ-കൊമേഴ്സ് ഇന്റഗ്രേഷൻ എന്നിവയിലൂടെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബിസിനസ്സ് വർധിപ്പിക്കുന്നതിന് ഓട്ടോചാറ്റ് സഹായിക്കുന്നു.
ഇതിനായി മെറ്റയുടെ സാങ്കേതിക പിന്തുണയും ലഭിക്കും. ഇന്ത്യയ്ക്ക് പുറമെ മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലായി 5000-ത്തിലധികം ചെറുകിട വ്യവസായങ്ങൾ ഓട്ടോചാറ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. നിലവിലുള്ള ചാറ്റുകൾ, കോൺടാക്റ്റുകൾ, ഡാറ്റ എന്നിവയെല്ലാം സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ട് തന്നെ പൂർണ്ണ ഓട്ടോമേഷൻ സാധ്യമാകുന്നു എന്നതാണ് ഓട്ടോചാറ്റിന്റെ സവിശേഷത. നിലവിലുള്ള വാട്സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകൾ നിലനിർത്തികൊണ്ടുതന്നെ ഓട്ടോമേഷൻ സാധ്യമാക്കുവാൻ ഓട്ടോചാറ്റിലൂടെ കഴിയുന്നു.
"സ്ഥാപനത്തിന്റെ വലിപ്പമോ സാങ്കേതിക പരിജ്ഞാനമോ കണക്കിലെടുക്കാതെ ഓരോ കമ്പനിക്കും മികച്ച ഓട്ടോമേഷൻ സൗകര്യം നൽകുകന്നതിനാണ് ഓട്ടോചാറ്റ് വികസിപ്പിച്ചത്. മെറ്റയുടെ ഈ അംഗീകാരം ഞങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിൽ കൂടുതൽ കരുത്തേകുന്നു." ഓട്ടോചാറ്റിന്റെ സ്ഥാപകനും സിഇഒയുമായ റെജി മോടിയിൽ പറഞ്ഞു. ആഗോള ഡാറ്റ സേവനദാതാക്കളായ ഹോസ്റ്റാവോ എൽഎൽസിയുടെ സാങ്കേതിക പിന്തുണയോടെയാണ് ഓട്ടോ ചാറ്റ് പ്രവർത്തിക്കുന്നത്.