ന്യൂഡൽഹി: വാട്‌സ്ആപ്പ് ജൂൺ ഒന്നുമുതൽ ചില ഫോണുകളിൽ പ്രവർത്തനം നിർത്തും. മെറ്റയുടെ പതിവ് അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് ചില പഴയ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്.
ആൻഡ്രോയ്ഡ് , ആപ്പിൾ ഫോണുകളുടെയും ചില വേർഷനുകളിൽ നാളെ മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ചില പഴയ മോഡൽ ഫോണുകളിൽ വാട്‌സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്.
മേയ് അവസാനം മുതൽ നിയമം നടപ്പാക്കുമെന്നാണ് ആദ്യം മെറ്റ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഉപഭോക്താക്കൾക്ക് കുറച്ച് സമയം കൂടി കമ്പനി അനുവദിക്കുകയായിരുന്നു. ഈ സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്.
ഐഒഎസ് അല്ലെങ്കിൽ പഴയ വേർഷനുകൾ, ആൻഡ്രോയ്ഡ് 5 അല്ലെങ്കിൽ പഴയ വേർഷനുകൾ എന്നിവയിലാണ് വാട്‌സ്ആപ്പ് പ്രവർത്തനരഹിതമാകുന്നത്.
ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ (ഫസ്റ്റ് ജനറേഷൻ), സാംസങ് ഗാലക്‌സി എസ് 4, സാംസങ് ഗാലക്സി നോട്ട് 3, സോണി എക്‌സ്പീരിയ, എൽ.ജി ജി2, വാവെയ് അസെൻഡ് പി6, മോട്ടോ ജി (ഫസ്റ്റ് ജനറേഷൻ), മോട്ടോറോള റേസർ എച്ച്ഡി, മോട്ടോ ഇ (2014). എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മോഡലുകൾ.