ടെക്നോപാര്‍ക്കിലെ ഐടി കമ്പനി 'ഫയ' സംസ്ഥാന വ്യാപകമായി പ്രതിമാസ ടെക് സെമിനാറുകള്‍ നടത്തും

New Update
dfghjkljhgfdfghjk
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ യുഎസ് ഐടി പ്രമുഖ ഐടി കമ്പനിയായ ഫയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ടെക് സെമിനാര്‍ സംസ്ഥാനത്തെ നഗരങ്ങളിലേക്കും കാമ്പസുകളിലേക്കും വ്യാപിപ്പിക്കും. ഫയ:80 യുടെ ടെക് സെമിനാര്‍ പരമ്പര പന്ത്രണ്ടാമത് വര്‍ഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. കേരളത്തില്‍ നടക്കുന്ന മികച്ച ടെക് സെമിനാറുകളിലൊന്നാണിത്.
Advertisment


ഇന്ത്യന്‍ ഐടി വ്യവസായത്തിന്‍റെ നേതൃനിരയിലുള്ള വിദഗ്ധരാണ് എല്ലാ മാസവും ഒരു ബുധനാഴ്ച നടക്കുന്ന സെമിനാറിന് നേതൃത്വം നല്കുന്നത്. അറിവ് പങ്കിടുന്നതിനൊപ്പം ജിജ്ഞാസയും നവീനതയുമുള്ള സമൂഹത്തെയും സംസ്കാരത്തെയും കെട്ടിപ്പടുക്കാന്‍ ഫയ:80 ലക്ഷ്യമിടുന്നു.

നേതൃത്വനിരയിലുള്ളവരെ ഒരുമിച്ച് കൊണ്ടുവരുന്ന മാതൃകയിലൂടെയാണ് ഫയ:80 യുടെ സംസ്ഥാന വ്യാപക വിപുലീകരണമെന്ന് ഫയ ഇന്ത്യയുടെ എംഡി ദീപു എസ്. നാഥ് പറഞ്ഞു. കേരളത്തിലുടനീളമുള്ള സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, സാമൂഹിക നേതാക്കള്‍ എന്നിവരെ നഗരങ്ങളിലും കാമ്പസുകളിലും ഫയ:80 സെമിനാര്‍  സംഘടിപ്പിക്കാന്‍ ക്ഷണിക്കുന്നു.

കേന്ദ്രീകൃത ഫോര്‍മാറ്റില്‍ നിന്ന് സഹകരണപരവും സാമൂഹ്യപരവുമായ ഒരു മാതൃകയിലേക്കുള്ള മാറ്റമാണിത്. ഇത്തരമൊരു പ്ലാറ്റ് ഫോമിന്‍റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ ഇത് സഹായകമാകും. 12 കൊല്ലം മുന്‍പ് ലളിതമായ കാഴ്ചപ്പാടോടെ ആരംഭിച്ച ഫയ:80 സെമിനാര്‍ അറിവ് പങ്കിടുന്നതിനുള്ള ഒരു സ്വതന്ത്ര പ്ലാറ്റ് ഫോം സൃഷ്ടിക്കുന്നു. കേരളത്തിലുടനീളമുള്ള ടെക് കമ്മ്യൂണിറ്റികളെ അവരവരുടെ മേഖലകളിലും പ്രദേശങ്ങളിലും ശാക്തീകരിക്കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2013 ല്‍ ആരംഭിച്ച ഫയ:80 സെമിനാറിന്‍റെ  200 ലധികം പതിപ്പുകള്‍ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് സാങ്കേതിക വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നേടുന്നതിന് ഈ പ്ലാറ്റ് ഫോം സഹായകമാണ്. നിര്‍മ്മിതബുദ്ധി, വെബ് 3, ഡിസൈന്‍ ടെക്നിക്കുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ സങ്കീര്‍ണ്ണ വിഷയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നു.

12-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ജൂണ്‍ 28 ന് ഫയ:80 യുടെ മുന്‍കാല  സെമിനാര്‍ പ്രഭാഷകരേയും വിദഗ്ധരേയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനത്തിനും ഫയ ആതിഥേയത്വം വഹിക്കും. കേരളത്തിന്‍റെ നവീകരണവും അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളോടുള്ള സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ സമ്മേളനം ലക്ഷ്യമിടുന്നു. ഫയ:80 സെമിനാറിന്‍റെ വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

അറിവിനെ ജനാധിപത്യവല്‍ക്കരിക്കുക, പ്രാദേശികമായുള്ള സാങ്കേതിക നേതൃത്വം കെട്ടിപ്പടുക്കുക, ആഗോള നവീകരണ കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നീ ദൗത്യങ്ങളും ഫയ:80 ഏറ്റെടുത്തിട്ടുണ്ട്. ലോകത്തെ പുനര്‍നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് വിവിധ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ധാരണയില്‍ മാറ്റം വരുത്തുന്നതിനായാണ് ഫയ:80 ആരംഭിച്ചത്.

Advertisment