ഡല്‍ഹി: തെലങ്കാന ഹൈക്കോടതിയില്‍ അഭിഭാഷകരായിരുന്ന ദമ്പതികളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് തെലങ്കാന സര്‍ക്കാരിനോട് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് നീതി ലഭിക്കാനായി പോരാടിയ അഭിഭാഷകരെ ആസൂത്രിതമായി കൊലപ്പെടുത്തിയത് ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ആക്ടിങ് സെക്രട്ടറി അഡ്വ. രോഹിത പാണ്ഡെ പ്രസ്‌താവനയില്‍ പറഞ്ഞു.
അഭിഭാഷകരായിരുന്ന ഗട്ടു വാമന്‍ റാവു, ഭാര്യ പി.വി നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. തെലങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകനായ കുന്ദ ശ്രീനിവാസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുന്ദ ശ്രീനിവാസിനെതിരെ ഗട്ടു വാമന്‍ റാവുവിന്റെ പിതാവ് കൃഷ്‌ണ റാവു പരാതി നല്‍കി അരമണിക്കുറിനുളളിലാണ് അക്രമണം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൊല്ലപ്പെട്ട അഭിഭാഷക ദമ്പതികള്‍ മുമ്പ് പരാതി നല്‍കിയിരുന്നു.