ഐ. പി. എസ് ഉദ്യഗസ്ഥയെ കാറിലേക്കു വിളിച്ചു വരുത്തി കയറിപിടിച്ച തമിഴ്നാട് ഡി.ജി.പിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്നത് എസ്.പി; ജോലി തെറുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, March 11, 2021

ചെന്നൈ: തമിഴ്നാട് പൊലീസിലെ ഡി.ജി.പിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്ന എസ്.പിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. സി. ബി. സി. ഐ. ഡി. എഫ്. ഐ. ആറിലെ രണ്ടാം പ്രതിയായ ചെങ്കല്‍പേട്ട് എസ്. പി. ഡി. കണ്ണന്റെ ജോലിയാണ് തെറിച്ചത്.

സ്പെഷ്യല്‍ ഡി. ജി. പി രാജേഷ് ദാസിനെതിരായ പരാതി ചെന്നൈയിലെ ഭരണസിരാ കേന്ദ്രങ്ങളിലെത്താതിരിക്കാന്‍ കഠിന പരിശ്രമം നടത്തിയ ചെങ്കല്‍പേട്ട് എസ്. പി. ഡി കണ്ണനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെന്‍ഡ് ചെയ്തത്.

കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചു എസ്. പിയെ മാറ്റി നിര്‍ത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്കു രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ജില്ലാ തല പര്യടനത്തിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്പെഷ്യല്‍ ഡി. ജി. പി. രാജേഷ് ദാസ് എസ്. പിയായ ഐ. പി. എസ് ഉദ്യഗസ്ഥയെ കാറിലേക്കു വിളിച്ചു വരുത്തി കയറിപിടിച്ചെന്നാണ് കേസ്. പരാതി പറയാനായി ഉദ്യോഗസ്ഥ ചെന്നൈയിലേക്കു വരുന്ന വഴിയില്‍ നഗരാതിര്‍ത്തിയില്‍ വച്ചു വാഹനം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഡി. കണ്ണന്‍.

പരാതിക്കാരിയുടെ ഔദ്യോഗിക കാറിന്റ ചാവി ബലമായി പിടിച്ചെടുത്തു കൊണ്ടുപോയി. ഡ്രൈവറെയും ഗണ്‍മാനെയും ഭീഷണിപെടുത്തി കാറില്‍ നിന്നു വലിച്ചിറക്കിയെന്നും ഉദ്യോഗസ്ഥ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പരാതി കിട്ടിയ ഉടന്‍ ഡി. ജി. പി രാജേഷ് ദാസിനെ സസ്പെന്‍ഡു ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയായ കണ്ണനെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ എടുത്തിരുന്നത്. വൈകാതെ പെരുമാറ്റചട്ടം നിലവില്‍ വരികയും ചെയ്തു.

തുടര്‍ന്നാണ് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. അതേ സമയം ആരോപണവിധേയരായ രാജേഷ് ദാസിനെയും കണ്ണനെയും ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

×