അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ! നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ലോക്‌സഭയില്‍ മറികടക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. ജനകീയരല്ലാത്ത നേതാക്കളെ പുറത്താക്കി പുനസംഘടന ഉറപ്പ്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ തന്നെ വരും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ മുരളീധരനോ, കെ സുധാകരനോ വന്നേക്കും ! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎ കണ്‍വീനറെന്ന പുതിയ പദവി. ലോക്‌സഭാ സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണവും ഏകോപിപ്പിക്കാനുള്ള ഈ കണ്‍വീനര്‍ പദവിയില്‍ കെ മുരളീധരന്‍ വരും. മീഡിയാ, സോഷ്യല്‍ മീഡിയാ ടീമിനും ചെറുപ്പക്കാരുടെ പുതിയനിര. ഹൈക്കമാന്‍ഡിന്റെ പുതിയ നീക്കം ഗ്രൂപ്പു പട്ടികയുമായി കാത്തിരിക്കുന്ന നേതാക്കള്‍ അംഗീകരിക്കുമോ ?

പിന്നാമ്പുറങ്ങള്‍ / എ കെ സത്താര്‍
Monday, May 17, 2021

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പതിറ്റാണ്ടുകളായി കേരളത്തില്‍ പിന്തുടര്‍ന്നിരുന്ന ഗ്രൂപ്പുകളികള്‍ക്ക് അന്ത്യം കുറിക്കാനാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി തന്നെ നേതൃമാറ്റമെന്ന കടുത്ത നിലപാടില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം.

ജനകീയരല്ലാത്ത നേതാക്കള്‍ അധികാര കസേരയില്‍ തൂങ്ങിക്കിടക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ല എന്നു തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നത്. ഒപ്പം ജാതി-മത സമവാക്യങ്ങളും മാറണമെന്നും അവര്‍ കരുതുന്നു. ഇതിനപ്പുറം കഴിവുള്ള നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടു വരണമെന്നാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഇത്തവണ വലിയ മാറ്റം കേരളത്തില്‍ കൊണ്ടുവരാനാണ് നീക്കം. ജനകീയരല്ലാത്ത നേതാക്കളെ പൂര്‍ണമായും ഒഴിവാക്കിയാകും പാര്‍ട്ടി-പാര്‍ലമെന്ററി രംഗത്തെ പുനസംഘടന. കേരളത്തില്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് പുറമെ യുപിഎ കണ്‍വീനര്‍ എന്ന പദവികൂടി ഉണ്ടാക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കരുതെന്ന വിലയിരുത്തലിലാണ് പുതിയ പദവിയുണ്ടാക്കുക. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരമൊരു പദവിയുണ്ടാക്കി നേരത്തെ തന്നെ സഖ്യങ്ങളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്താനാണ് നീക്കം.

ഒപ്പം തന്നെ കൂടുതല്‍ പ്രൊഫഷണല്‍സിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും നടത്തണമെന്ന് നിര്‍ദേശമുണ്ട്. റിട്ടയേര്‍ഡ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍, സാഹിത്യ സിനിമാ മേഖലയിലെ പ്രമുഖര്‍ എന്നിവരെ പാര്‍ട്ടിയിലെത്തിക്കാനും നീക്കമുണ്ട്.

ഇത്തരമുള്ള നീക്കങ്ങളൊക്കെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനെയും ഉപനേതാവായി പിടി തോമസിനെയും കൊണ്ടുവരാനുള്ള ആലോചന. സാമുദായിക നേതാക്കളുടെ പിന്നാലെ നടക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെന്ന മികവ് ഇരുവര്‍ക്കുമുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരുടെ പേരിനാണ് മുന്‍ഗണന. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ കെ മുരളീധരന് യുപിഎ കണ്‍വീനര്‍ സ്ഥാനം നല്‍കും. വര്‍ക്കിങ് പ്രസിഡന്റുമാരായി വിടി ബല്‍റാം, സിആര്‍ മഹേഷ് തുടങ്ങിയവരെയാകും പരിഗണിക്കുന്നുണ്ട്.

ജംബോ കമ്മറ്റികളെ ഒഴിവാക്കിയാകും പാര്‍ട്ടി പുനസംഘടന. പാര്‍ട്ടിയുടെ മീഡിയാ ടീമിനും സോഷ്യല്‍ മീഡിയാ ടീമിനും പ്രത്യേകം ചുമതലക്കാരെ കണ്ടെത്തും. കൂടുതല്‍ ചെറുപ്പക്കാരെ തന്നെ ഇതിനായി നിയോഗിക്കാനാണ് സാധ്യത.

അതേസമയം ഹൈക്കമാന്‍ഡ് മുന്നോട്ടുവയ്ക്കുന്ന ഈ ടീമില്‍ കേരളത്തിലെ നേതാക്കള്‍ തൃപ്തരാകുമോ എന്നതാണ് പ്രധാന ചോദ്യം. ഡിസിസി-കെപിസിസി പുനസംഘടനകളില്‍ ഗ്രൂപ്പുകളുടെ ലിസ്റ്റുമായി കാത്തിരിക്കുന്ന നേതാക്കളെ ഇക്കാര്യം സമ്മതിപ്പിക്കുകയാകും ഹൈക്കമാന്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി.

×