Advertisment

കേരള സർക്കാരിന്‍റെ ബജറ്റില്‍ പ്രവാസിക്ഷേമത്തിന് നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം: നവയുഗം

New Update

ദമ്മാം: ഇന്ന് കേരള നിയമസഭയില്‍ ധനമന്ത്രി ഡോക്ടര്‍ തോമസ്‌ ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികളുടെ ക്ഷേമത്തിനും വിവിധ പദ്ധതികള്‍ക്കും നല്‍കിയ പ്രത്യേക പരിഗണനയ്ക്ക് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി കേരളസര്‍ക്കാരിനെ അഭിനന്ദിച്ചു. കോവിഡാനാ നന്തര കാലത്തെ പ്രവാസി പുനഃരധിവാസത്തിനു ശരിയായ ദിശാബോധം നൽകുന്ന ബജറ്റ് ആണിത്.

Advertisment

publive-image

തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനാണ് ഏറ്റവും വലിയ മുൻഗണന ബജറ്റില്‍ നൽകിയിരിയ്ക്കുന്നത് എന്നത് ഏറെ അഭിനന്ദനാർഹമായ നടപടിയാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

പ്രവാസി ക്ഷേമനിധി അംഗങ്ങളായ പ്രവാസികൾക്ക് നൽകുന്ന പെൻഷൻ 3500 രൂപയായി ഉയർത്തിയ നടപടി സ്വാഗതം ചെയ്യുന്നു. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് വെറും 500 രൂപയായിരുന്ന പ്രവാസി പെൻഷൻ, ഓരോ ബജറ്റിലും കാലക്രമേണ വർദ്ധിപ്പിച്ച് ഇപ്പോൾ 3500 രൂപയായി ഉയർത്തിയിരിയ്ക്കുകയാണ്.

തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചതും, പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തിയതും, സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടിയാണ്.

പദ്ധതിയുടെ ഭാഗമായി പ്രവാസലോകത്ത് നിന്നും ജോലി നഷ്ടമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കി, തിരികെ പോകാൻ ആഗ്രഹിയ്ക്കുന്നവർക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും എന്ന പ്രഖ്യാപനം പ്രവാസി പുനഃരധിവാസത്തിനുള്ള ശരിയായ ദിശയിലേക്കുള്ള ചുവടുവൽപ്പ് ആണ്.

പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം, 2021 അവസാനത്തോടെ മൂന്നാം ലോക കേരള സഭ വിളിചേര്‍ത്ത് നടപ്പാക്കിയ തീരുമാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്.  പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിച്ചതും, പ്രവാസി സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ അനുവദിച്ചതും പ്രവാസി ക്ഷേമത്തിനുള്ള നല്ല തീരുമാനങ്ങളാണ് .

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി അഞ്ചു വര്‍ഷം കൊണ്ട് ആകെ ചെലവഴിച്ചത് 82 കോടി രൂപയായിരുന്നു എങ്കില്‍, ഈ സർക്കാർ ഇതിനോടകം 252 കോടിയിലധികം ചിലവഴിച്ചു കഴിഞ്ഞു എന്നത് തന്നെ പ്രവാസികളുടെ ക്ഷേമത്തിന് നല്‍കുന്ന മുന്‍ഗണനയ്ക്ക് തെളിവാണ്. പ്രവാസി താത്പര്യങ്ങള്‍ക്കും, ക്ഷേമത്തിനും ഇത്രയധികം മുന്‍ഗണന നല്‍കിയ ഒരു കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയോടും കേരള സര്‍ക്കാരിനോടും നന്ദി പറയുന്നതായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്‍സി മോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പത്രകുറിപ്പിലൂടെ അറിയിച്ചു.

Advertisment