റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ കൊവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തി കള്ളന്മാര്‍. അമ്പതിനായിരം രൂപയും സ്വര്‍ണവും മോഷണം പോയി.
ചപ്പാത്തിയും മട്ടണ്‍ കറിയും ഉണ്ടാക്കി കഴിച്ചിട്ട് ശേഷമാണ് മോഷ്ടാക്കള്‍ പണവും സ്വര്‍ണവും അപഹരിച്ചത്. ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്നാണ് സൂചന. സംഭവത്തില്‍ വീട്ടുടമസ്ഥന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കണ്ടെയിന്‍മെന്റ് സോണിലാണ് മോഷണം നടന്നതെന്നത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. മോഷ്ടാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കില്‍ അത് കൊവിഡ് വ്യാപനത്തിനും കാരണമായേക്കാമെന്നതിനാല്‍ ഊര്‍ജിത അന്വേഷണത്തിലാണ് പൊലീസ്.
ഇതുവരെ 5552 പേര്‍ക്കാണ് ജാര്‍ഖണ്ഡില്‍ കൊവിഡ് ബാധിച്ചത്. 49 പേര്‍ മരിച്ചു. 2718 പേര്‍ രോഗമുക്തരായി. 2785 പേര്‍ നിലവില്‍ ചികിത്സയിലാണ്.