കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസും സിപിഎമ്മും. ഇരുമുന്നണികളിലും മുഖ്യ കക്ഷികള്‍ക്ക് തന്നെയാണ് സീറ്റ് എന്നതിനാല്‍ ഇരു പാര്‍ട്ടികളും അനൗദ്യോഗിക ചര്‍ച്ചകള്‍ തന്നെയാണ് തുടങ്ങിയിരിക്കുന്നത്. മണ്ഡല രൂപീകരണം തൊട്ട് കോണ്‍ഗ്രസ് വിജയിക്കുന്ന സീറ്റില്‍ ഇക്കുറി അത്ഭുതം കാട്ടണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം.
കോണ്‍ഗ്രസാകട്ടെ അവരുടെ ഉറച്ചകോട്ടയായ തൃക്കാക്കരില്‍ ആരു നിന്നാലും വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പിടിയെ തോല്‍പ്പിക്കാന്‍ സിപിഎം നടത്തിയ എല്ലാ നീക്കവും പരാജയപ്പെട്ടതിന്റെ ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പേര് സംബന്ധിച്ച ചര്‍ച്ചകള്‍ അവിടെ തുടങ്ങിയിട്ടുണ്ട്.
പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനു തന്നെയാണ് ഇവിട പ്രഥമ പരിഗണന. നിലവില്‍ പാര്‍ട്ടിയിലെ പിടി തരംഗം മുതലെടുക്കാന്‍ ഉമയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് അവരുടെ വിലയിരുത്തല്‍. പക്ഷേ ഉമയാകട്ടെ പിടിയുടെ വേര്‍പാര്‍ടിന്റെ ദു:ഖത്തില്‍ നിന്നും മുക്തയല്ല.
ഇന്നലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിടിയുടെ പകരക്കാരനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിലപാടിലാണ്. പക്ഷേ പിടിക്ക് പകരം മത്സരിക്കില്ല എന്ന നിലപാടിലേക്ക് അവര്‍ എത്തിയിട്ടില്ല. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഉമയുടെ പേരിനാണ് മുന്‍തൂക്കം നല്‍കുന്നത്.
അതേസമയം ഉമ അല്ലെങ്കില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിനാണ് മുന്‍ഗണന. കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍ കൂടിയായ ദീപ്തി മേരി വര്‍ഗീസ്, ഡിസിസി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് എന്നിവരും സജീവ നീക്കങ്ങളുമായി രംഗത്തുണ്ട്.
ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനും നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനെതിരേ പരാതി ഉണ്ടായപ്പോള്‍ അന്വേഷണം നടത്തി കുറ്റക്കാരായ മുതിര്‍ന്ന നേതാവിനെതിരെയും ഏരിയാ സെക്രട്ടറിക്കെതിരെയും നടപടിയെടുത്തിരുന്നു. അടുത്ത ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടികള്‍ വെറുതെയാകും.
സിപിഎമ്മില്‍ നിന്നും തൃപ്പൂണിത്തുറയില്‍ തോറ്റ എം സ്വരാജിന്റെ പേരിനാണ് മുന്‍ഗണന. സ്വരാജ് വന്നാല്‍ ശക്തമായ മത്സരത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന് പാര്‍ട്ടി കണക്കു ക്കൂട്ടുന്നു.
സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ബ്രിട്ടോയ്ക്ക് സീറ്റു നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്. ക്രൈസ്തവ പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിന് ഒരവസരം കൂടി മത്സരിക്കാന്‍ നല്‍കണമെന്നു പറയുന്നവരുമുണ്ട്.