അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു വർഷത്തിനു ശേഷം പിടിയിൽ; ‘ഈഗോ ക്ലാഷ്’ ആണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ്

New Update

തൃശൂർ:  തൃശൂര്‍ ജില്ലയിലെ മാള പിണ്ടാണിയില്‍ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു വർഷത്തിനു ശേഷം പിടിയിൽ. അസം സ്വദേശി മനോജ് ആണ് പിടിയിലായത്. 2016 മേയ് ഒന്‍പതിനാണ് അസം സ്വദേശി ഉമാനാഥ് (40) കൊല്ലപ്പെട്ടത്. ഉമാനാഥും മനോജും തമ്മിലുള്ള ‘ഈഗോ ക്ലാഷ്’ ആണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

Advertisment

publive-image

പിണ്ടാണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു ഉമാനാഥും മനോജും. ഉമാനാഥായിരുന്നു സീനിയര്‍. നാട്ടുകാരനും പരിചയക്കാരനുമായ മനോജിനെ ജോലിക്കു കൊണ്ടുവന്നത് ഉമാനാഥായിരുന്നു. വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നത് മനോജാണെന്ന് ഉമാനാഥ് മനസ്സിലാക്കി. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി.

സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസില്‍ ഉമാനാഥും മനോജും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വീട്ടുജോലിക്കിടയിലെ ‘ഈഗോ ക്ലാഷ്’ വൈരാഗ്യം ഇരട്ടിയാക്കി. ഉറങ്ങിക്കിടന്ന ഉമാനാഥിനെ മനോജ് കോടാലി കൊണ്ട് തലയ്ക്കടിച്ചു. വെട്ടുക്കത്തിയെടുത്ത് വെട്ടി.

മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ക്രൈം സീനില്‍നിന്ന് കിട്ടിയത് മനോജിന്റെ തിരിച്ചറിയല്‍ കാര്‍ഡും. ദേഹത്തെ വസ്ത്രവും മനോജിന്റേത്. കൊല്ലപ്പെട്ടത് മനോജാണെന്ന് പൊലീസും വീട്ടുകാരും ആദ്യം കരുതി. കൊലയാളി ഉമാനാഥാണെന്നും കരുതി. ഉമാനാഥിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തി.

എന്നാൽ, കൊല്ലപ്പെട്ടത് ഉമാനാഥാണെന്ന് കണ്ടെത്തിയത് വീട്ടുജോലിക്കാരിയാണ്. കൈപ്പത്തി കണ്ടാണ് വീട്ടുജോലിക്കാരി ഇത് മനോജിന്റേതല്ല ഉമാനാഥിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. യഥാര്‍ഥ കൊലയാളിയെ പിടിക്കാന്‍ പൊലീസ് പലവഴി നോക്കി.

മനോജ് ആദ്യം ചെയ്തത് ഉപയോഗിച്ച ഫോണും സിമ്മും നശിപ്പിക്കലാണ്. ശേഷം അസമിലേക്ക് ട്രെയിന്‍ കയറി. അവിടെ ഒളിവില്‍ കഴിഞ്ഞു. മാള പൊലീസ് പലപ്രാവശ്യം അസമില്‍ പോയി അന്വേഷിച്ചെങ്കിലും വെറുംകയ്യോടെ മടങ്ങി. തൃശൂര്‍ റൂറല്‍ എസ്പിയായി ഐശ്വര്യ ഡോംഗ്രേ ചുമതലയേറ്റ ശേഷം പഴയ കേസുകള്‍ വിലയിരുത്തി. മാള പിണ്ടാണിയിലെ ഉമാനാഥിന്റെ കൊലയാളിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം തുടങ്ങി.

മനോജിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു. പണം പിന്‍വലിച്ചതും എടിഎം കാര്‍ഡിന്റെ ഉപയോഗവും എല്ലാം സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തിലായി. എടിഎം കൗണ്ടറിലെ ക്യാമറയില്‍നിന്ന് ദൃശ്യങ്ങളും കിട്ടി. അസം പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തി. തുടർന്ന് മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment